ഏത് കാലാവസ്ഥയാണെങ്കിലും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ തുമ്മുന്ന ചില ആളുകളുണ്ട്. പലപ്പോഴും പലരും ഇതിനെ നിസാരമായി കണ്ട് തള്ളിക്കളയാറാണ് പതിവ്. ഒന്നും ചെയ്യാതെ തന്നെ ചിലരില്‍ കുറച്ചുനേരം കഴിയുമ്പോള്‍ തുമ്മല്‍ മാറാറുണ്ട്. എന്നാല്‍ ചിലരില്‍ 15 മിനിറ്റ് മുതല്‍ ഇത് നീണ്ടുനില്‍ക്കാറുണ്ട്. ഇത്രയും നീണ്ടു നില്‍ക്കുന്ന തുമ്മല്‍ നിസാരമല്ല, മറ്റ് പലതരം ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇത് വഴിവയ്ക്കുമെന്നതാണ് സത്യം. തുമ്മല്‍ കൂടുന്നത് ക്രമേണ ശ്വസകോശത്തില്‍ നീര്‍ക്കെട്ട് ഉണ്ടാകാന്‍ കാരണമാകുന്നു.
തുമ്മല്‍ തുടങ്ങുമ്പോള്‍ തന്നെ ജാഗ്രത വേണം. തുമ്മല്‍ അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില പൊടികൈക്കള്‍
* കിടക്ക വിരികളും തലയിണയുറകളും മാസത്തിലൊരിക്കല്‍ എങ്കിലും ചൂടുവെള്ളത്തില്‍ കഴുകണം. പൊടി കൊണ്ടുള്ള തുമ്മല്‍ കുറയ്ക്കാന്‍ ഇത് സഹായകമാണ്.
* റൂമിലെ ഫാനിലെ പൊടികള്‍ നിശ്ചിത ഇടവേളകളില്‍ തുടയ്ക്കുക. ഇതിലെ ഫംഗസ് തുമ്മലിന് കാരണമാകാറുണ്ട്.
* ഭക്ഷണത്തില്‍ നിന്നും അലര്‍ജി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഏതെങ്കിലും തരത്തിലുള്ള ഭക്ഷണം കഴിച്ച ശേഷം തുമ്മല്‍ ഉണ്ടായാല്‍ അത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
* പുതിനയിലയുടെ നീരും ഒരു നുള്ള് കുരുമുളകും അല്‍പം തേനും ചേര്‍ത്ത് കഴിച്ചാല്‍ തുമ്മല്‍ കുറയ്ക്കാവുന്നതാണ്.
* രണ്ട് ടീസ്പൂണ്‍ തേനില്‍ അല്‍പം നാരങ്ങാനീര് ചേര്‍ത്ത് കഴിക്കുന്നത് രാവിലെയുള്ള തുമ്മല്‍ കുറയ്ക്കാന്‍ മികച്ചതാണ്.
* ധാരാളം വെള്ളം കുടിക്കുന്നത് തുമ്മല്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ സഹായിക്കും. 15 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാന്‍ ശ്രമിക്കുക.
* മഞ്ഞളും തേനും ചേര്‍ത്ത് പതിവായി കഴിക്കുന്നത് അലര്‍ജി കുറയ്ക്കാന്‍ നല്ലതാണ്
തുമ്മല്‍ വന്നാല്‍ തുമ്മാതെ പിടിച്ചു വയ്ക്കുന്നൊരു സ്വഭാവം എല്ലാവരിലും പ്രകടമാണ്. തുമ്മാതെ ബലം പിടിച്ചിരിക്കുന്നവരും നിരവധിയാണ്. ഇങ്ങനെ ചെയ്യുന്നത് ശരീരത്തിന് നല്ലതല്ല. തുമ്മല്‍ വന്നാല്‍ പിടിച്ചു വയ്ക്കാതെ തുമ്മുന്നതാണ് എപ്പോഴും നല്ലത്.
സിട്രിസിന്‍ ഉപയോഗം
ചിലയാളുകളുകള്‍ ചെറിയ തുമ്മല്‍ വന്നു കഴിയുന്നതേ സിട്രിസിന്‍ കഴിക്കുന്നവരാണ്. അലര്‍ജിയുടെ ലക്ഷണങ്ങളെ പ്രതിരോധിക്കാനുള്ള മരുന്നാണിത്. അതായത്, തുമ്മല്‍, ജലദോഷം, മൂക്കൊലിപ്പ്, തൊണ്ട ചൊറിയല്‍ എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കാന്‍ ഇതിന് കഴിയും.
അലര്‍ജിയുടെ മരുന്നായ സിട്രിസിന്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ തന്നെ ഫാര്‍മസികളില്‍ നിന്ന് വാങ്ങി കഴിക്കുന്നവരുണ്ട്. ഒരു പരിധിയില്‍ അധികം സിട്രിസിന്‍ കഴിച്ച് അത് ഫലപ്രദമല്ലാതെ വരുന്ന അവസ്ഥയുള്ളവരും ധാരാളമാണ്.
സുരക്ഷിതമെന്ന് കരുതുന്ന സിട്രിസിന്‍ വില്ലനാകാനുള്ള സാധ്യതയേറെയാണ്. 24 മണിക്കൂറിനിടെ 10 മില്ലിഗ്രാമില്‍ കൂടുതല്‍ സിട്രിസിന്‍ കഴിക്കാന്‍ പാടില്ല. മരുന്ന് എങ്ങനെയാണ് ശരീരത്തെ ബാധിക്കുന്നതെന്നറിയാന്‍ ആദ്യ ഡോസ് കഴിച്ചതിനു ശേഷം പൂര്‍ണമായും വിശ്രമിക്കുക. നല്ലപോലെ ക്ഷീണവും മയക്കവും അനുഭവപ്പെട്ടാല്‍ പിന്നീട് മരുന്ന് കഴിക്കേണ്ട അവസ്ഥ വന്നാലും വിശ്രമിക്കുക.
ആല്‍ക്കഹോള്‍ കഴിക്കുമ്പോള്‍ സിട്രിസിന്‍ പൂര്‍ണമായും ഒഴിവാക്കുക..