AI Image
രാവിലെ ഓഫിസിലെത്തിയാല്‍ കോഫി മെഷീനില്‍ നിന്നൊരു കാപ്പിയെടുത്ത് ജോലി തുടങ്ങുന്നവരാണോ നിങ്ങള്‍? വൈകുന്നേരം മൂന്ന് മണിയാകുമ്പോള്‍ വീണ്ടുമൊരു കാപ്പി കൂടി കുടിക്കാറുണ്ടോ? ജോലിക്കിടയില്‍ ഇടയ്ക്കുള്ള കാപ്പികുടി പലര്‍ക്കും ഒരു സന്തോഷമാണ്. എന്നാല്‍ ഈ കാപ്പികുടി ശീലം ഹൃദയത്തെ പിണക്കുമെന്നാണ് സ്വിറ്റ്സര്‍ലന്‍ഡിലെ ഉപ്സല സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. കാപ്പിയുണ്ടാക്കുന്ന രീതികളും കൊളസ്ട്രോളുമായുള്ള ബന്ധം കണ്ടെത്തുന്നതിനായി നടത്തിയ പഠന റിപ്പോര്‍ട്ട് ശാസ്ത്ര മാസികയായ 'ന്യൂട്രീഷ്യന്‍, മെറ്റബോളിസം ആന്‍റ് കാര്‍ഡിയോവാസ്കുലര്‍ ഡിസീസസി'ലാണ് പ്രസിദ്ധീകരിച്ചത്.
വിവിധ കമ്പനികളില്‍ നിന്നുള്ള 14 കോഫി മെഷിനുകളാണ് ഗവേഷക സംഘം പഠനത്തിനായി ഉപയോഗിച്ചത്. വീട്ടില്‍ നിന്നിടുന്ന കാപ്പിയും മെഷിന്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന കാപ്പിയും തമ്മിലുള്ള വ്യത്യാസങ്ങളെയും വിശദമായി പഠിച്ചു. ഇടയ്ക്കിടെ മെഷീനില്‍ നിന്നുള്ള കാപ്പി കുടിക്കുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കുമെന്നും ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കൂട്ടുമെന്നുമാണ് പഠനത്തില്‍ കണ്ടെത്തിയത്. ലോഹ ഫില്‍റ്ററുകള്‍, ഫില്‍റ്ററില്ലാതെ ചൂട് വെള്ളവും കാപ്പിയും ചേര്‍ത്തുപയോഗിക്കുന്ന മെഷീനുകള്‍, ഇന്‍സ്റ്റന്‍റ് മെഷീനുകള്‍ എന്നിവയാണ് പഠനത്തിനായി ഉപയോഗിച്ചത്.
മെഷീന്‍ കാപ്പി ആഴ്ചയില്‍ മൂന്നെണ്ണം വീതം കുടിക്കുന്നവരില്‍ പോലും കാലക്രമേണെ ചീത്ത കൊളസ്ട്രോള്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ദീര്‍ഘകാലത്തില്‍ ഇത് ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഫില്‍റ്റര്‍ കാപ്പിയില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ ശരീരത്തിന് ദോഷം ചെയ്യുമെന്നതിനാല്‍ ശ്രദ്ധ വേണമെന്നും റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു. കാപ്പി കുടി ഒരു മോശം ശീലമല്ലെന്നും എന്നാല്‍ അത് എങ്ങനെ തയ്യാറാക്കുന്നുവെന്നതിലാണ് കാര്യമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.