ബെഡ് കോഫി ബെഡിൽ തന്നെ കിട്ടണമെന്നു നിർബന്ധമുള്ളവരാണോ? കട്ടിലിൽ നിന്നിറങ്ങിപ്പോയി കാപ്പിയെടുത്തു കുടിക്കാൻ എന്തു മടിയാണല്ലേ? എന്നാൽ കാപ്പി, കപ്പ് സഹിതം പറന്നു വന്നു നമ്മുടെ ചുണ്ടോടു ചേർന്നാൽ എങ്ങനെയിരിക്കും! സംഗതി കൊള്ളാമെങ്കിലും, എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്നല്ലേ. എന്നാൽ, അങ്ങു ബഹിരാകാശത്തുണ്ട് ഇങ്ങനെയൊരു സംവിധാനം.
രാവിലെ എണീറ്റാല്‍ ഒരുകപ്പ് ചൂട് കാപ്പി സിപ് ചെയ്യുന്നതിന്‍റെ ഒരു സന്തോഷം. അതില്ലാതെ ദിവസം തുടങ്ങാറില്ല, പലരും. എന്നാല്‍ ബഹിരാകാശത്ത് പോയാലോ. ഗുരുത്വാകർഷണമില്ലാത്തയിടത്ത് കാപ്പി ഇങ്ങനെ കപ്പില്‍ ചുണ്ടോടടിപ്പിച്ച് കുടിക്കാന്‍ എന്തുചെയ്യും. ഒരുരക്ഷയുമില്ല, നടക്കില്ല എന്നായിരുന്നു ഇതുവരെയുള്ള മറുപടി. എന്നാല്‍, ഈ പരിമിതി മറികടക്കാൻ സ്വന്തമായി ഒരു കണ്ടുപിടിത്തം തന്നെ നടത്തി നാസയിലെ ബഹിരാകാശയാത്രികന്‍. ഗുരുത്വാകര്‍ഷണമില്ലാത്ത ഇടത്തും ഉപയോഗിക്കാന്‍ പറ്റുന്ന കപ്പ്. കപ്പ് തനിയെ വന്ന് ചുണ്ടില്‍ ചേരും. സീറോ ഗ്രാവിറ്റി കാപ്പി കുടിയുടെ ദൃശ്യങ്ങള്‍ പങ്കുവച്ചാണു ഡോണ്‍ പെറ്റിറ്റ് തന്‍റെ കണ്ടുപിടിത്തം ലോകത്തെ അറിയിച്ചത്. മൈക്രോഗ്രാവിറ്റിയില്‍ ദ്രാവകങ്ങള്‍ ഒഴുകിപ്പോകുന്നത് തടയാന്‍ ബഹിരാകാശയാത്രികര്‍ സീല്‍ചെയ്ത പൗച്ച്കളേയും സ്ട്രോകളേയുമൊക്കെയാണ് ആശ്രയിച്ചിരുന്നത്. ഇങ്ങനെ കുടിക്കുന്ന കാപ്പിക്കകാകട്ടെ, ഒരു ഫീൽ കിട്ടാറുമില്ല. കാപ്പിയും ചായയുമൊക്കെ ചുണ്ടോടടിപ്പിച്ചു കുടിക്കുമ്പോള്‍ കിട്ടുന്ന രുചിയും മണവും ഇനി ബഹിരാകാശത്ത് ചെന്നാലും ആസ്വദിക്കാൻ പുതിയ കണ്ടുപിടിത്തം അവസരമൊരുക്കും. പുതിയ കപ്പിന്‍റെ സവിശേഷതകൾ പെറ്റിറ്റ് തന്നെ വിശദീകരിക്കുന്നുമുണ്ട്.