ജപ്പാനില്‍ ഭീതി പടര്‍ത്തി മാംസം തിന്നുന്ന ബാക്ടീരിയ. ശരീരത്തില്‍ കടന്നാല്‍ 48 മണിക്കൂറിനുള്ളില്‍ രോഗിയുടെ ജീവനെടുക്കാന്‍ ശേഷിയുള്ള ബാക്ടീരിയ കാരണം 'സ്ട്രെപ്റ്റോകോകല്‍ ടോക്സിക് ഷോക് സിന്‍ഡ്രോം (STSS) എന്ന രോഗമാണ് ഉണ്ടാവുക. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതിന് പിന്നാലെയാണ് രോഗം ജപ്പാനില്‍ വ്യാപകമായതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോകസ് എന്നയിനം ബാക്ടീരിയയാണ് രോഗവാഹകര്‍. തൊണ്ടവേദനയാണ് ആദ്യ ലക്ഷണം. അന്‍പത് വയസിന് മുകളില്‍ പ്രായമുള്ളവരിലാണ് കൂടുതലായും രോഗബാധ കണ്ടുവരുന്നത്.
ഈ വര്‍ഷം ഇതുവരെ 977 കേസുകളാണ് എസ്.ടി.എസ്.എസ് ബാധിച്ചതായി ജപ്പാനില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ആകെ 941 കേസുകളാണ് ജപ്പാനില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തത്. 1999ലാണ് ആദ്യമായി രോഗം കണ്ടെത്തിയത്.
ഗ്രൂപ് എ സ്ട്രെപ്റ്റോകോകസ് (GAS) സാധാരണയായി കുട്ടികളില്‍ തൊണ്ട വേദനയും തൊണ്ടവീക്കവുമാണ് ഉണ്ടാക്കുക. പക്ഷേ ഈ ബാക്ടീരിയകളിലെ ചിലയിനം അതിവേഗത്തില്‍ പെരുകുകയും കാല്‍ വേദന, നീര്‍ വീക്കം, പനി, രക്തസമ്മര്‍ദം കുറയുന്നതിനും കാരണമാകുകയും ചെയ്യുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ രോഗബാധിതന്‍റെ ശരീരത്തില്‍ രക്തചംക്രമണം നടക്കാതെ വരികയും കോശങ്ങള്‍ നശിച്ചുപോകുകയും ശ്വാസ തടസമുണ്ടാവുകയും ചെയ്യുന്നു. ശരീരത്തിലെ ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനം കൂടി നിലയ്ക്കുന്നതോടെ അതിവേഗത്തില്‍ മരണം സംഭവിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
എസ്.ടി.എസ്.എസ് ബാധിച്ചവരില്‍ ഭൂരിഭാഗം പേരും 48 മണിക്കൂറിനുള്ളില്‍ മരണത്തിന് കീഴടങ്ങുന്നതായി ടോക്യോ വിമന്‍സ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ പകര്‍ച്ചവ്യാധി വിഭാഗം പ്രൊഫസര്‍ കെന്‍ കികുചി പറയുന്നു. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കാല്‍പാദത്തില്‍ നീര് വന്ന് വീര്‍ത്തതു പോലെയാകും രോഗിക്ക് അനുഭപ്പെടുക. ഉച്ചയോടെ ഇത് കാല്‍മുട്ടിലേക്ക് വ്യാപിക്കുമെന്നും 48 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.
രോഗബാധിതരുടെ എണ്ണം ഈ വര്‍ഷം 2500 ലേക്ക് എത്തുമെന്നാണ് ഗവേഷകരുടെ കണക്കു കൂട്ടല്‍. കൈകളുടെ ശുചിത്വം പാലിക്കണമെന്നും മുറിവുകള്‍ പരിചരിക്കുമ്പോള്‍ അതീവ ശ്രദ്ധ വേണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. രോഗികളുടെ കുടലില്‍ ഗ്രൂപ്പ് എ സ്രെപ്റ്റോകോകസ് ഉണ്ടാകുമെന്നും വായില്‍ നിന്ന് കൈകളിലെത്തുന്നത് വഴിയാണ് ബാക്ടീരിയ ആളുകളിലേക്ക് പകരുന്നതെന്നും കികുചി വ്യക്തമാക്കുന്നു.
ജപ്പാന് പുറമെ യൂറോപ്പിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ബ്ലൂംബര്‍ഗിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് 2022 ല്‍ അഞ്ച് യൂറോപ്യന്‍ രാജ്യങ്ങളിലാണ് ഗ്രൂപ്പ് എ സ്ട്രെപ്റ്റോ കോകസ് കണ്ടെത്തിയത്. എസ്.ടി.എസ്.എസും പലയിടങ്ങളിലും കണ്ടെത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിന് പിന്നാലെയാണ് രോഗബാധയില്‍ വന്‍ വര്‍ധനവ് സ്ഥിരീകരിച്ചത്.