മരിച്ചെന്ന് കരുതിയ വയോധികന് മോര്‍ച്ചറി വാതില്‍ക്കല്‍വച്ച് ജീവന്റെ തുടിപ്പ്. ഫ്രീസർ തയ്യാറാക്കി മാറ്റാൻ ഒരുങ്ങുമ്പോഴാണ് കയ്യിൽ തുടിപ്പ് അനുഭവപ്പെട്ടത്. മോർച്ചറിയിലേക്ക് മാറ്റുമ്പോൾ അറ്റൻഡറാണ് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്. കണ്ണൂർ എ കെ ജി സഹകരണ ആശുപത്രിയിൽ ഇന്ന് പുലർച്ചയാണ് സംഭവമുണ്ടായത്. കണ്ണൂർ പാച്ചപ്പൊയിക സ്വദേശി പവിത്രനെയാണ് മോർച്ചറിയിലേക്ക് മാറ്റാൻ ശ്രമിച്ചത്.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിൽ നിന്ന് നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു പവിത്രനെ. ഇതിനിടെ മരിച്ചെന്ന് ബന്ധുക്കൾ കരുതുകയായിരുന്നു. ഇതേത്തുടർന്ന് ആശുപത്രിയുമായി ബന്ധപ്പെട്ട് മോർച്ചറി സജ്ജീകരിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. പ്രാദേശിക ജനപ്രതിനിധികൾ അടക്കം പവിത്രൻ മരിച്ചെന്ന് സാക്ഷ്യപ്പെടുത്തിയിരുന്നുവെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു. മരണം ഉറപ്പിച്ച ബന്ധുക്കൾ രാവിലെ 10 മണിക്ക് സംസ്കാരം ഉൾപ്പെടെ നിശ്ചയിച്ചിരുന്നു. ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത് ആശുപത്രി അറ്റന്‍ഡറായ ജയനാണ്.
മരിച്ചെന്ന് ഉറപ്പിച്ചാണ് ബന്ധുക്കള്‍ മൃതദേഹം മോര്‍ച്ചറിയിലേക്ക് കൊണ്ടുവന്നതെന്ന് അറ്റന്‍ഡര്‍ ജയന്‍ പറയുന്നു. മൃതദേഹം പുറത്തിറക്കാനിരിക്കെ കയ്യിൽ അനക്കം കണ്ടെന്നും മരിച്ചയാള്‍ക്ക് ജീവന്‍ വയ്ക്കുന്നത് ആദ്യത്തെ അനുഭവമാണെന്നും ജയന്‍ പറയുന്നു. മരിച്ചെന്ന് ഉറപ്പിച്ച് പറഞ്ഞത് ബന്ധുക്കളാണ്, ഫ്രീസര്‍ തയ്യാറാക്കിവക്കാന്‍ പറഞ്ഞതും ബന്ധുക്കളാണെന്നും ജയന്‍ പറയുന്നു, അതേസമയം മരണം ഉറപ്പിച്ചതിൻ്റെ രേഖകൾ വാങ്ങുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നില്ല. ഏതായാലും തന്റെ ജീവിതത്തില്‍ ആദ്യത്തെ അനുഭവമാണിതെന്നും ജയന്‍ വ്യക്തമാക്കുന്നു.