surgery-representative-image

പ്രതീകാത്മക ചിത്രം

TOPICS COVERED

വയറിന്‍റെ ഒരു ഭാഗം നെഞ്ചിലേക്ക് കയറിയ അപൂര്‍വ അവസ്ഥയുമായെത്തിയ വയോധികനില്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ഡല്‍ഹി ഗംഗാറാം ആശുപത്രിയിലെ ഡോക്ടര്‍മാര്‍. സങ്കീര്‍ണതമൂലം പല ഡോക്ടര്‍മാരും ചെയ്യാന്‍ മടിച്ച ശസ്ത്രക്രിയയാണ് ഗംഗാറാം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഒരു ശതമാനത്തില്‍ താഴെ ആളുകളില്‍ മാത്രം കാണപ്പെട്ടുവരുന്ന അപൂര്‍വ അവസ്ഥയാണിത്.

ഭക്ഷണം കഴിക്കുമ്പോള്‍ ശ്വസിക്കാനുള്ള ബുദ്ധിമുട്ടുമായാണ് മുരളീധര്‍ ആശുപത്രിയിലെത്തുന്നത്. ഇതുമൂലം കഴിക്കുന്നതെന്തും ഛര്‍ദിച്ച് കളയുമായിരുന്നു. ഈ അവസ്ഥയെ തുടര്‍ന്ന് കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ ഇദ്ദേഹത്തിന്‍റെ ശരീരഭാരം 10 കിലോ കുറഞ്ഞിരുന്നു. കടുത്ത നെഞ്ചുവേദനയും അനുഭവപ്പെടാറുണ്ടായിരുന്നു.

തുടര്‍ന്നുള്ള പരിശോധനയിലാണ് വയറിന്‍റെ ഒരുഭാഗം ഡയഫ്രത്തിനിടയിലൂടെ നെഞ്ചിലേക്ക് കയറിയതായി കണ്ടെത്തിയത്. ഹിയാറ്റല്‍ ഹെര്‍ണിയ എന്നറിയപ്പെടുന്ന അവസ്ഥയാണിത്. ചികില്‍സതേടി മുരളീധര്‍ പല ആശുപത്രികളെയും സമീപിച്ചെങ്കിലും സങ്കീര്‍ണതമൂലം ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ മടിക്കുകയായിരുന്നു.

മുരളീധറിനെ ചികില്‍സിച്ച മെഡിക്കൽ സംഘം പറയുന്നതനുസരിച്ച് ഇത് വളരെ അപൂർവമായി മാത്രം കാണപ്പെടുന്ന അവസ്ഥയാണ്. അതിനാല്‍ തന്നെ രോഗനിർണയവും ബുദ്ധിമുട്ടാണ്. വയറിന്‍റെ മുകൾ ഭാഗം ഡയഫ്രം വഴി നെഞ്ചിന്‍റെ അറയിലേക്ക് കയറുന്നു. ഇതുകാരണം ശ്വാസകോശം ചുരുങ്ങാനും തുടങ്ങും. വയറിന്‍റെ മുകള്‍ഭാഗങ്ങളില്‍ ശസ്ത്രക്രിയക്ക് വിധേയരായ ഒരുലക്ഷം രോഗികളിൽ ഒരാള്‍ക്കുമാത്രമേ ഈ അവസ്ഥ കാണപ്പെടാറുള്ളൂ. 

അതേസമയം 90 വയസുള്ള രോഗിയില്‍ ഇത്തരത്തിലെ ശസ്ത്രക്രിയ നടത്തുന്നത് അപൂർവവും സങ്കീർണ്ണവുമാണെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ലാപ്രോസ്‌കോപ്പിക് ആൻഡ് ലേസർ സർജറി വിഭാഗത്തിലെ ഡോ. തരുൺ മിത്തൽ പറയുന്നത്. നാലു മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയ വിജയകരമായെന്നും മുരളീധറിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ENGLISH SUMMARY:

Man with rare and life-threatening stomach condition which caused his stomach to move up towards the chest.