സ്വന്തം തലയില്‍ സങ്കീര്‍ണമായ ശസ്ത്രക്രിയ. എഴുതിയും മൊബൈല്‍ കണ്ടും രോഗി. ലഖ്‌നൗവിലെ ചക് ഗഞ്ചാരിയയിലെ കല്യാൺ സിങ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടില്‍ നടന്ന ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയ പൂര്‍ണ വിജയം. അവേക്ക് ക്രിനിനയോട്ടമി എന്നറിയപ്പെടുന്ന ഈ രീതി മസ്തിഷ്കത്തില്‍ ശസ്ത്രക്രിയയ്ക്കിടെയുണ്ടാകുന്ന മാറ്റങ്ങള്‍ അപ്പപ്പോള്‍ നിരീക്ഷിക്കാന്‍ സഹായാകമകും.
ലഖ്‌നൗ സ്വദേശിയായ അന്‍പത്തിയാറുകാരന്‍ ഹരിശ്ചന്ദ്ര പ്രജാപതി കടുത്ത തലവേദനയെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയ്ക്കായി എത്തുന്നത്. ഇടതുകൈക്കും കാലിനും ബലക്കുറവും അനുഭവപ്പെട്ടിരുന്നതായി ഡോക്ടർമാർ പറഞ്ഞു. ബ്രെയിൻ ട്യൂമർ ഉണ്ടെന്ന് കണ്ടെത്തിയതോടെ പക്ഷാഘാത സാധ്യതയെക്കുറിച്ച് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുകയായിരുന്നു. ഇതോടെ പ്രജാപതിയുടെ കുടുംബം കല്യാൺ സിങ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സ തേടുകയായിരുന്നു.
ശസ്ത്രക്രിയയില്‍ പ്രജാപതിക്ക് ലോക്കൽ അനസ്തേഷ്യ മാത്രമാണ് നൽകിയത്. ഇത് രോഗിയെ ഉണര്‍ന്നിരിക്കാന്‍ അനുവദിച്ചു. ബോധാവസ്ഥയില്‍ തന്നെ തുടര്‍ന്ന പ്രജാപതി ശസ്ത്രക്രിയക്കിടെ പേന പിടിക്കുകയും കാലുകൾ ചലിപ്പിക്കുകയുമെല്ലാം ചെയ്തിരുന്നു. ഇത് രോഗിയുടെ മസ്തിഷ്കത്തിന്‍റെ പ്രവർത്തനം നിരീക്ഷിക്കാനും കൈയിലേക്കും കാലിലേക്കുമുള്ള നാഡികളെ നിയന്ത്രിക്കുന്ന ഞരമ്പുകളെ ബാധിക്കാതെ ട്യൂമർ സുരക്ഷിതമായി നീക്കം ചെയ്യാനും സംഘത്തെ അനുവദിച്ചു. നാഡികള്‍ക്ക് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിനായാണ് ഈ സാങ്കേതികവിദ്യ ഉപയോഗിച്ചത്.