metformin

TOPICS COVERED

ലോകത്ത് കോടിക്കണക്കിന് പ്രമേഹ രോഗികള്‍ നിത്യവും ഉപയോഗിക്കുന്ന ഗുളികയാണ് മെറ്റ്ഫോര്‍മിന്‍(Metformin). ഇന്ത്യയില്‍ 30 രൂപയില്‍ താഴെ ലഭിക്കുന്ന ഗുളിക ടൈപ്പ് 2 പ്രമേഹത്തിനാണ് നല്‍കിവരുന്നത്. എന്നാല്‍ ഈ ഗുളിക രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നതിനപ്പുറം വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ ഉണ്ടാകുന്നത് തടയുകയും, അതുവഴി വാര്‍ധക്യം പതിയെ ആക്കുമെന്നുമാണ് ചില ഗവേഷകര്‍ അവകാശപ്പെട്ടത്.

യാഥാര്‍ഥത്തില്‍ വാര്‍ധക്യം വൈകിപ്പിക്കാന്‍ ഗുളികയ്ക്ക് സാധിക്കുമോ? 1957ല്‍ ഫ്രാന്‍സിലാണ് മെറ്റ്ഫോര്‍മിന്‍ ആദ്യമായി ഉപയോഗിക്കുന്നത്. തൊണ്ണൂറുകളില്‍ യൂറോപ്പില്‍ പ്രചാരത്തിലുണ്ടായിരുന്ന 'ഗോട്ട്സ് റൂ' എന്ന ചെടിയില്‍ നിന്ന് ഉണ്ടാക്കുന്ന പച്ചമരുന്നാണ് ഗുളികയുടെ അടിസ്ഥാനം. ആദ്യകാലത്ത് ഗുളികയ്ക്ക് ഒട്ടും പ്രചാരം ഉണ്ടായിരുന്നില്ല. 1990ല്‍ യു.എസ് ഫുഡ് ആന്‍ഡ് ഡ്രക്സ് അഡ്മിനിസ്ട്രേഷന്‍ അംഗീകരിച്ചതോടെ അഗോളതലത്തില്‍ ഉപയോഗത്തില്‍ വന്നു. ഇന്ത്യയില്‍ മെല്‍മെറ്റ്, ഗ്ലൂഫോര്‍മിന്‍, മെറ്റാഡോസ് എന്നിങ്ങനെ വിവിധ പേരുകളില്‍ ലഭ്യമാണ്.

Also Read; കുട്ടികള്‍ മനസ് തുറക്കട്ടെ; കേള്‍ക്കാം നമുക്കവരെ

മെറ്റ്ഫോര്‍മിന്‍റെ ഗുണങ്ങളെന്തെല്ലാം?  പ്രമേഹവും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ ഫലപ്രദമായ മെറ്റ്ഫോര്‍മിന്‍ ബ്ലഡ് ക്യാന്‍സര്‍ ഉള്‍പ്പെടെ മൂന്ന് തരം ക്യാന്‍സറുകളെ തടയുന്നു, ഡിമെന്‍ഷ്യയ്ക്കുള്ള സാധ്യത കുറക്കുന്നു, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറക്കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. ഡോക്ടര്‍മാരടങ്ങുന്ന ഗവേഷക സംഘം ഇവ അവകാശപ്പെട്ടതോടെ 'അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ഏയ്ജിങ്' ഇക്കാര്യത്തില്‍ പഠനം നടത്തണമെന്ന ആവശ്യം മുന്നോട്ടു വച്ചു. മെറ്റ്ഫോര്‍മിന്‍ വാര്‍ധക്യം വൈകിപ്പിക്കുന്നുവെന്ന അവകാശവാദം പരിശോധിക്കണമെന്ന് 2015ലാണ് എഫ്.ഡി.എയോട് ഫെഡറേഷന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ വാര്‍ധക്യം അല്ലെങ്കില്‍ പ്രായമാകുന്നത് ഒരു അസുഖമായി പരിഗണിക്കേണ്ടതില്ലാത്തതിനാല്‍ എഫ്.ഡി.എ ആവശ്യം നിരസിച്ചു. ഇതോടെ ഫെഡറേഷന്‍ ഓഫ് ഏയ്ജിങ് സ്വന്തമായി പഠനം നടത്തുകയാണ്. യു.എസിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കോളജ് ഓഫ് മെഡിസനും പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്.

Also Read; പ്ലേ സ്റ്റോര്‍ അനധികൃത കുത്തകയെന്ന് കോടതി; അപ്പീലുമായി ഗൂഗിള്‍

എങ്ങനെയാണ് വാര്‍ധക്യം കുറയുന്നത്     ശരീരത്തിലെ കോശങ്ങള്‍ നശിക്കുമ്പോഴാണ് പ്രായമാകുന്നതായി കണക്കാക്കുന്നത്. ശരീരത്തിലെ കോശങ്ങളെ നശിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ് ഓക്സിഡേറ്റിവ് സ്ട്രെസ്. മെറ്റ്ഫോര്‍മിന്‍ ശരീരത്തിലെ ഓക്സിഡേറ്റീവ് സ്ട്രെസിനെ കുറയ്ക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ ഇത് മറ്റ് രോഗങ്ങളെ തടയാന്‍ പര്യാപ്തമാണോയെന്ന കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. പ്രമേഹയിതര രോഗങ്ങള്‍ക്കായി നിലവില്‍ മെറ്റ്ഫോര്‍മിന്‍ ചില മരുന്നുകമ്പനികള്‍ നിര്‍ദേശിച്ച് തുടങ്ങിയിട്ടുണ്ട്. സ്ത്രീകളിലെ എല്ലുകളുടെ ബലം ക്ഷയിപ്പിക്കുന്ന സാര്‍ക്കോഫീനിയ(Sarcopenia) എന്ന രോഗത്തിന്‍റെ ചികില്‍സയ്ക്ക് ഗലന്‍റാമൈനൊ (Galantamine) മെറ്റ്ഫോര്‍മിന്‍ കൂടി ചേര്‍ത്താണ് പ്രയോഗിച്ച് വരുന്നത്.

മെറ്റ്ഫോര്‍മിന് ഗുരുതര പാര്‍ശ്വഫലങ്ങളില്ലെന്നാണ് ഇതുവരെയുള്ള നിഗമനം. എന്നാല്‍ പ്രമേഹം ഇല്ലാത്തവര്‍ ഗുളിക കഴിച്ചാന്‍ മസില്‍ കുറയുമെന്ന റിപ്പോര്‍ട്ടും ഉണ്ട്. സമൂഹമാധ്യമങ്ങളില്‍ മെറ്റ്ഫോര്‍മിന്‍ നിറയുമ്പോഴും കൃത്യമായ പരീക്ഷണ വിവരങ്ങള്‍ ലഭിച്ച ശേഷം മാത്രം ഉപയോഗിക്കുന്നതാണ് ബുദ്ധി.

ENGLISH SUMMARY:

Research suggests metformin has anti-inflammatory effects that could help protect against common age-related diseases including heart disease, cancer, and cognitive decline.