sleeping

ഉറക്കം കുറയ്ക്കുന്നത്  ദോഷകരമാണെന്ന് മിക്കവർക്കും അറിയാം . പതിവായി വളരെ കുറച്ച് ഉറങ്ങുന്നത് പല വിട്ടുമാറാത്ത രോഗങ്ങള്‍ക്കും കാരണമാകും. എന്നാൽ ഉറക്കക്കുറവുപോലെ തന്നെ അമിതമായി ഉറങ്ങുന്നതും പ്രശ്‌നമാണ്.  അമിതമായ ഉറക്കം പല ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.  നല്ല ഉറക്കം ഓര്‍മശക്തിയും ഹൃദയാരോഗ്യവും ഹോര്‍മോണുകളുടെ സന്തുലനവും മെച്ചപ്പെടുത്തുമെങ്കില്‍ ഉറക്കമുണര്‍ന്നാലും വിട്ടുമാറാത്ത ആലസ്യം, എഴുന്നേല്‍ക്കാന്‍ മടി തോന്നല്‍, മൂഡ് മാറ്റം എന്നിവ ഉറക്കം കൂടിയതിന്‍റെയും കുഴപ്പങ്ങളാകാം.

7 മുതൽ 9 മണിക്കൂർ വരെയാണ് നല്ല ഉറക്കത്തിന്‍റെ ലക്ഷണം. എന്നാല്‍ 24 മണിക്കൂറില്‍ ഒന്‍പതു മണിക്കൂറില്‍ കൂടുതല്‍ സമയം ഉറങ്ങുന്നതിനെയാണ് അമിത ഉറക്കം അഥവാ ഓവർ സ്ലീപ്പിങ് എന്ന് വിളിക്കുന്നത്. എന്നാൽ  യാത്രാക്ഷീണത്തെ തുടർന്ന് കൂടുതൽ നേരം ഉറങ്ങുന്നതും ജോലി സമ്മര്‍ദത്തിനിടെ അധികനേരം ഉറങ്ങുന്നതുമൊന്നും ഇതിന്‍റെ പരിധിയില്‍ വരില്ല. ചില മരുന്നുകൾ കഴിക്കുന്നത് മൂലമോ  സൈക്യാട്രിക് അല്ലെങ്കിൽ ന്യൂറോളജിക്കൽ വൈകല്യം കാരണമോ ഉറക്കം ഒൻപതു മണിക്കൂറിൽ കൂടുതലാകാറുണ്ട്. അതുമല്ലെങ്കിൽ ഇതൊരു ഉറക്ക വൈകല്യമായിരിക്കാം.

ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, പൊണ്ണത്തടി, വിഷാദം, തലവേദന, ചില മരുന്നുകൾ എന്നിവ അമിത ഉറക്കത്തിലേക്ക് നയിക്കുന്നു. നീണ്ട സമയം ഉറങ്ങുന്നത് ഹൃദ്രോഗത്തെ തുടര്‍ന്നുള്ള മരണസാധ്യത വര്‍ധിപ്പിക്കുമെന്ന് അടുത്തിടെ പുറത്തിറക്കിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ജനസംഖ്യയില്‍ ഏതാണ്ട് രണ്ട് ശതമാനം ആളുകള്‍ 10 മുതല്‍ 12 മണിക്കൂര്‍ വരെ ഉറങ്ങുന്നത് സാധാരണമാണ്. ഇത്തരക്കാരെ ലോങ് സ്ലീപ്പേഴ്‌സ് എന്നാണ് വിളിക്കുന്നത്. ഇത്തരക്കാർക്ക് ഏഴ് മുതൽ ഒൻപതു മണിക്കൂർ ഉറക്കം മതിയായെന്ന് വരില്ല. 10 മുതൽ 12 മണിക്കൂർ വരെയുള്ള നീണ്ട ഉറക്കത്തിന് ശേഷം ഉന്മേഷത്തോടെ ഉറക്കം പൂർണമായെന്ന് തോന്നലോടെയാണ് നിങ്ങൾ എഴുന്നേൽക്കുന്നതെങ്കിൽ നിങ്ങള്‍ ലോങ് സ്ലീപ്പോഴ്‌സ് ആണ്. എന്നാല്‍ മറിച്ചാണെങ്കില്‍ അത് തീര്‍ച്ചയായും പരിശോധിക്കേണ്ടതാണ്.

എല്ലായ്‌പ്പോഴും ഉറക്കം വരുകയും ഉറക്കം  ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നുവെങ്കിൽ ഒരു ഹെൽത്ത് കെയർ സ്പെഷ്യലിസ്റ്റിനെ സമീപിക്കണം.  ഉറക്ക പ്രശ്‌നമാണ് നിങ്ങളുടെ ഉറക്കത്തിന് അടിസ്ഥാന കാരണമെന്ന് സംശയിക്കുന്നുവെങ്കിൽ,  ഒരു സ്ലീപ്പ് സ്പെഷ്യലിസ്റ്റിനെ സമീപിക്കേണ്ടിവരും.

ENGLISH SUMMARY:

Oversleeping is just as problematic as lack of sleep. Too much sleep is linked to many health problems