friends

TOPICS COVERED

ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങള്‍ പ്രിയപ്പെട്ടവരുമായും സുഹൃത്തുകളുമായും പങ്കുവയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാം. അഭിരുചികള്‍, വിനോദങ്ങള്‍, ഭക്ഷണം അങ്ങനെയെല്ലാം മാനസിക അടുപ്പമുള്ളവരുമായി നാം പങ്കിടുന്നു. എന്നാല്‍ ഇതൊന്നുമല്ലാതെ ചിലതും നാമറിയാതെ പങ്കുവയ്ക്കുന്നുണ്ടെന്ന കൗതുകകരമായൊരു പഠനം പുറത്തുവന്നിരിക്കുകയാണ്. അമേരിക്കയിലെ യേല്‍ യൂണിവേഴ്‌സിറ്റിയാണ് ഈ പഠനം നടത്തിയത്. 

ഒരേ സൗഹൃദവലയത്തിനുള്ളിലോ സാമൂഹിക വലയത്തിനുള്ളിലോ ഉള്ള വ്യക്തികളുടെ ദഹനവ്യവസ്ഥയില്‍ സമാനമായ രീതിയിലും അളവിലും സൂക്ഷ്മജീവികള്‍ കാണപ്പെടുന്നു എന്നാണ് പുതിയ പഠനം. അതായത് പരസ്പരം കുടല്‍ സൂക്ഷ്മാണുക്കളെയും അടുപ്പമുള്ളവരുമായി നാം പങ്കുവയ്ക്കുന്നുണ്ടത്രേ. പഠനറിപ്പോര്‍ട്ട് നേച്ചര്‍ ജേണലില്‍  പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മനുഷ്യരുടെ ദഹനവ്യവസ്ഥയില്‍ കാണപ്പെടുന്ന ബാക്ടീരിയ, ഫംഗസ്, മറ്റ് സൂക്ഷ്മജീവികള്‍ തുടങ്ങിയവ സൃഷ്ടിക്കുന്ന സൂക്ഷ്മാണുവ്യവസ്ഥയും സാമൂഹികബന്ധങ്ങളും തമ്മില്‍ വലിയ സൗഹൃദമുണ്ടെന്നാണ് പഠനം പറയുന്നത്. സാമൂഹികമായ ഇടപെടലുകള്‍ 'അതിസൂക്ഷ്മതലത്തോളം' നമ്മെ സ്വാധീനിക്കുന്നുണെന്നതാണ് പഠന റിപ്പോര്‍ട്ട്. മധ്യ അമേരിക്കന്‍ രാജ്യമായ ഹോണ്‍ഡുറസിലെ 18 ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. 1,787 പേരെയാണ് പഠനവിധേയമാക്കിയത്. ഒരേ സാമൂഹികശൃംഖലയിലുള്ളവരുടെ- ഒരുമിച്ചുതാമസിക്കുന്നവരോ അല്ലാത്തവരോ ആയ വ്യക്തികള്‍- സൂക്ഷ്മജീവിവ്യവസ്ഥയില്‍ സമാനതകള്‍ ഗവേഷകര്‍ കണ്ടെത്തി.

ഒരേ കുടുംബത്തില്‍പ്പെട്ടവരോ ഒരുമിച്ച് താമസിക്കുന്നവരോ അല്ലാത്ത വ്യക്തികളില്‍ ഒരേ തരത്തിലുള്ള സൂക്ഷ്മജീവിസമൂഹത്തെ കണ്ടെത്തിയതായി പഠനറിപ്പോര്‍ട്ടിന്റെ സഹലേഖകന്‍ കൂടിയായ ഫ്രാന്‍സെസ്‌കോ ബെഗിനി പറഞ്ഞു. അവര്‍ കഴിക്കുന്ന ഭക്ഷണം, അവരുടെ ജലസ്രോതസ്സുകള്‍, ഉപയോഗിക്കുന്ന മരുന്നുകള്‍ എന്നിവയെല്ലാം പരിശോധിച്ചതായും, സമ്പത്ത്, മതം, വിദ്യാഭ്യാസം തുടങ്ങിയ ഘടകങ്ങള്‍ക്കപ്പുറം ഒരേ സാമൂഹികശൃംഖലയിലുള്ളവരുടെ ശരീരത്തിലെ സൂക്ഷ്മാണുക്കള്‍ക്ക് സമാനതകള്‍ കണ്ടെത്താനായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരുമിച്ച് താമസിക്കുന്നവര്‍, പങ്കാളികള്‍, വീട്ടിലെ അംഗങ്ങള്‍ തുടങ്ങിയവരില്‍ ഇത്തരം സമാനതകള്‍ സാധാരണമാണെങ്കിലും സുഹൃത്തുക്കള്‍ക്കിടയില്‍ ഈ സൂക്ഷ്മാണുസമാനതകള്‍ ഉയര്‍ന്ന തോതിലാണെന്നത് ഏറെ അത്ഭുതപ്പെടുത്തിയതായി ഫ്രാന്‍സെസ്‌കോ ബെഗിനി കൂട്ടിച്ചേര്‍ത്തു. സുഹൃത്തുക്കളുടെ സുഹൃത്തുക്കളിലും ഇതേ തരത്തില്‍ കാണാനായെന്നും അദ്ദേഹം പറഞ്ഞു. ഒന്നിച്ച് ഭക്ഷണം കഴിയ്ക്കുക, ആലിംഗനം ചെയ്യുക, കൈ പിടിക്കുക (ഷെയ്ക് ഹാന്‍ഡ്) തുടങ്ങി ഒരുമിച്ച് കൂടുതല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരിലാണ് സമാനതകള്‍ കൂടുതലായി കാണപ്പെട്ടത്.

ഈ കണ്ടെത്തലുകൾ സ്ഥിരീകരിക്കുന്നതിന്, ഗവേഷകർ രണ്ട് വർഷത്തിന് ശേഷം നാല് ഗ്രാമങ്ങൾ വീണ്ടും സന്ദർശിച്ചു, പങ്കെടുത്ത 301 പേരുടെ സൂക്ഷ്മാണുക്കൾ വീണ്ടും പരിശോധിച്ചു. സുഹൃത്തുക്കള്‍ക്കിടയില്‍ സംഘങ്ങള്‍ ഉണ്ടാകുന്നതുപോലെ സൂക്ഷ്മാണുക്കളിലും സുഹൃദ് സംഘങ്ങളെ ഗവേഷകര്‍ കണ്ടെത്തി. സാമൂഹികമായ ഇടപെടലുകള്‍ ഒരേതരത്തലുള്ള സൂക്ഷ്മജീവികള്‍ക്ക് കാരണമാകുന്നതായി ഗവേഷകര്‍ കണ്ടെത്തി. സ്വഭാവത്തിലും കാഴ്ചപ്പാടിലും ഇഷ്ടങ്ങളിലും സമാനതകള്‍ പുലര്‍ത്തുന്നവര്‍ സുഹൃത്തുക്കളായി മാറുമ്പോള്‍ സൂക്ഷ്മജീവിവ്യവസ്ഥയിലും ഇതേ ബന്ധം കാണുന്നുവെന്ന കാര്യമാണ് ഗവേഷകരെ അദ്ഭുതപ്പെടുത്തിയത്.

ENGLISH SUMMARY:

Friends may affect your gut microbes, Yale University Study