മഞ്ഞപ്പിത്ത വ്യാപനം ഉണ്ടായ എറണാകുളം കളമശ്ശേരി നഗരസഭയിൽ ആശങ്ക കൂട്ടി രോഗികളുടെ എണ്ണത്തിൽ വർധന. ഇതുവരെ 35 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഒരാളുടെ നില ഗുരുതരമായി തുടരുന്നു.
മുൻപ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ച 10, 12, 13 വാര്‍ഡുകളിൽ തന്നെയാണ് പുതിയ രോഗികളും. ആദ്യഘട്ടത്തിൽ 13 പേർക്കായിരുന്നു മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ മുപ്പതിലധികം പേർക്ക് രോഗലക്ഷണങ്ങൾ പ്രകടമായി. ഇവരുടെ പരിശോധനാഫലം പുറത്തുവന്നതോടെ രോഗികളുടെ എണ്ണം 35 ആയി.
10, 12 വാര്‍ഡുകളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധ. ഗൃഹപ്രവേശന ചടങ്ങിനായി ഒത്തുകൂടിയ സ്ഥലമാണ് മഞ്ഞപ്പിത്തത്തിന്റെ രോഗവ്യാപനം എന്നാണ് നിഗമനം. നഗരസഭാ പരിധിയിലെ ചില ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഉൾപ്പെടെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗം പടർന്ന മേഖലകളിൽ ഇന്നലെ മുതൽ സൂപ്പർ ക്ലോറിനേഷൻ ആരംഭിച്ചു. ഇന്നും നാളെയും സൂപ്പർ ക്ലോറിനേഷൻ തുടരുമെന്ന് നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ കഴിഞ്ഞദിവസം വ്യവസായ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. രോഗബാധിതരുള്ള പ്രദേശങ്ങളിൽ മെഡിക്കൽ ക്യാമ്പുകളും നടത്തി. കളമശ്ശേരിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയും തുടരും.