TOPICS COVERED

ആരോഗ്യത്തിന് ഹാനികരമെന്ന് അറിഞ്ഞിട്ടും മദ്യം ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. ദിവസവും ഓരോ സ്മോള്‍ അകത്താക്കുന്നവരും, വീക്കെന്‍ഡ് 'സെലിബ്രേറ്റ്' ചെയ്യുന്നവരുമെന്നിങ്ങനെ പലതരം ശീലങ്ങളാണ് ആളുകള്‍ക്കുള്ളത്. ആഴ്ചയില്‍ ഒരു ബീയര്‍ / വൈന്‍ എന്ന കണക്കില്‍ മദ്യപിക്കുന്നവര്‍ക്കുണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ എന്തെല്ലാമാണ്? അന്നനാള കാന്‍സറും മലാശയ കാന്‍സറും തുടങ്ങി ലിവര്‍ സിറോസിസ് വരെ മറ്റുള്ളവരെ അപേക്ഷിച്ച് എളുപ്പത്തില്‍ ഇക്കൂട്ടരെ ബാധിച്ചേക്കാമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നത്. അതേസമയം, ആഴ്ചയിലൊരിക്കല്‍ മദ്യപിക്കുന്നവരില്‍ പ്രമേഹത്തിനുള്ള സാധ്യതയും ഹൃദ്രോഗത്തിനുള്ള സാധ്യതയും കുറവാണെന്നും ഫെഡറല്‍ റിപ്പോര്‍ട്ട് പറയുന്നു. ഇന്‍റര്‍ ഏജന്‍സി കോ–ഓര്‍ഡിനേറ്റിങ് കമ്മിറ്റി ഓണ്‍ ദ് പ്രിവന്‍ഷന്‍ ഓഫ് അണ്ടര്‍ ഏജ് ഡ്രിങ്കിങ് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്‍റെ കരടിലാണ് ഈ കണ്ടെത്തല്‍. അമേരിക്കക്കാര്‍ക്കുള്ള ഡ്രിങ്കിങ് ഗൈഡ്​ലൈന്‍ തയ്യാറാക്കുന്നതിന്‍റെ ഭാഗമായാണ് പഠനം നടത്തിയത്. 

കഴിഞ്ഞ മാസം നാഷനല്‍ അക്കദമി ഓഫ് സയന്‍സസ്, എഞ്ചിനീയറിങ് ആന്‍റ് മെഡിസിന്‍ പുറത്തുവിട്ട പഠന റിപ്പോര്‍ട്ട് അനുസരിച്ച് മദ്യപിക്കുന്നവരില്‍ ചിലതരം കാന്‍സര്‍കൂടുതലായി കണ്ടുവരുന്നതായി പറയുന്നു. മദ്യം ഏതളവില്‍ ഉപയോഗിച്ചാലും ആരോഗ്യത്തിന് ഹാനികരമാണെന്നും 'സുരക്ഷിതമോ അനുവദനീയമോ' ആയ അളവില്ലെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഡോ.കെവിന്‍ ഷീല്‍ഡ് പറയുന്നു. മദ്യം കുറച്ച് ഉപയോഗിക്കുന്നത് അനുസരിച്ച് ആയുര്‍ദൈര്‍ഘ്യം കൂടുമെന്നും റിപ്പോര്‍ട്ട് പറയുന്നു. മദ്യം ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്തനാര്‍ബുദം, മലാശയം, കരള്‍, വായിലെ കാന്‍സര്‍, അന്നനാള കാന്‍സര്‍ എന്നിവയാണ് മദ്യം ഉപയോഗിക്കുന്നവരില്‍ കൂടുതലായും കണ്ടുവരുന്നത്. മദ്യം ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് മദ്യം ഉപയോഗിക്കുന്ന പുരുഷന്‍മാരിലും സ്ത്രീകളിലും ഈതരം അര്‍ബുദം പിടിപെടാന്‍ സാധ്യതയേറെയാണ്. 

ദിവസവും മൂന്ന് പെഗ് വീതം കഴിക്കുന്ന പുരുഷന്‍മാരില്‍ അന്നനാള കാന്‍സറിനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് മൂന്നിരട്ടിയാണ്. ആഴ്ചയില്‍ ഒരു ദിവസം മദ്യപിക്കുന്ന സ്ത്രീകളിലാവട്ടെ തൊണ്ടയിലോ അന്നനാളത്തിലോ കാന്‍സര്‍ പിടിപെടാനുള്ള സാധ്യത അഞ്ച് ശതമാനം കൂടുതലാണ്. സ്തനാര്‍ബുദവും ഇക്കൂട്ടര്‍ക്ക് വളരെ വേഗം പിടിപെട്ടേക്കാം. മദ്യം ഉപയോഗിക്കുന്ന പുരുഷന്‍മാരെ അപേക്ഷിച്ച് മദ്യം ഉപയോഗിക്കുന്ന സ്ത്രീകള്‍ക്കാണ് കാന്‍സര്‍ സാധ്യത കൂടുതലെന്നും പഠനം പറയുന്നു. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ മദ്യം ത്വരിതപ്പെടുത്തുന്നുവെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. 

യുഎസില്‍ നിലവിലുള്ള മാര്‍ഗനിര്‍ദേശം അനുസരിച്ച് പുരുഷന്‍മാര്‍ക്ക് ദിവസവും രണ്ട് പെഗും സ്ത്രീകള്‍ക്ക് ഒരു പെഗുമാണ് അനുവദനീയമായ അളവ്. ഈ അളവ് കുറയ്ക്കണമെന്നാണ് ഏറ്റവും പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. 

അടുത്ത അ‍ഞ്ച് വര്‍ഷത്തേക്കുള്ള ഭക്ഷണക്രമം തയ്യാറാക്കുന്നതിനോട് അനുബന്ധിച്ചാണ് മദ്യ ഉപയോഗത്തിനുള്ള അളവിലും പഠനം നടക്കുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ 'ഒക്കേഷനല്‍ ഡ്രിങ്കേഴ്സിന്‍റെ' എണ്ണത്തില്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു. 18– വയസിനും 34 വയസിനും ഇടയില്‍ പ്രായമുള്ളവരിലാണ് 'വല്ലപ്പോഴു'മുള്ള മദ്യപാനം കുറഞ്ഞത്. അതേസമയം, 55 വയസും അതിന് മേലും പ്രായമുള്ളവരില്‍ മദ്യം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ പത്ത് ശതമാനം വര്‍ധനയുണ്ടായി. 

ENGLISH SUMMARY:

The risk of certain cancers starts with any alcohol use and grows with higher consumption levels. A White House report highlights that women are at a much greater risk of alcohol-related cancer with each drink consumed