അമിതവണ്ണക്കാര്‍ കുതിക്കുകയാണ് . ഈ നിലയില്‍ പോയാല്‍ 2050 ആകുമ്പോഴേക്കും ഇന്ത്യയില്‍ അമിതവണ്ണക്കാരുടെ എണ്ണം44 കോടി കവിയുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത് . ഇന്ത്യയിലെ ഇന്നത്തെ ജീവിതരീതിയും തെറ്റായ ഭക്ഷണക്രമവുമെല്ലാം പൊണ്ണത്തടിയെ പരിപോഷിപ്പിക്കുമെന്നാണ് ദ ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. അതായത് ഇന്ത്യ വളരെ പെട്ടെന്ന് തന്നെ ചൈനക്ക് പിന്നിലെത്തുമെന്ന് ചുരുക്കം .
യുഎസ്, ബ്രസീൽ, നൈജീരിയ എന്നീ രാജ്യങ്ങൾ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പഠനം പറയുന്നുണ്ട്. മാത്രമല്ല ഇന്ത്യയിലെ 5 മുതല്‍ 14 വയസുവരെ പ്രായമുള്ള ഏകദേശം 16കോടി ആൺകുട്ടികള്‍ക്കും 14കോടി പെൺകുട്ടികള്‍ക്കും 2050 ഓടെ അമിത വണ്ണത്തിന് സാധ്യതയുണ്ടെന്നും പഠനത്തിലുണ്ട്.
ആരോഗ്യമുള്ള രാജ്യമാകാന്‍ അമിതവണ്ണം നിയന്ത്രിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഞെട്ടിക്കുന്ന ഈ കണക്കുകളും പുറത്തുവരുന്നത് .
ദൈനംദിന ജീവിതത്തില്‍ നാം അറിയാതെ കഴിക്കുന്ന പല ഭക്ഷണങ്ങളും അമിതവണ്ണം ഉണ്ടാകാന്‍ കാരണമാകുന്നുണ്ട്. സോഡ, മധുരമിട്ട ചായ, എനർജി ഡ്രിങ്കുകൾ ഇവയെല്ലാം അമിതവണ്ണത്തിലേക്ക് നയിക്കുന്നു. ചിപ്‌സ്, കുക്കികൾ, കാൻഡി ബാറുകൾ അടക്കം കലോറി കൂടുതലുള്ള ഉല്‍പ്പന്നങ്ങളും ശരീരഭാരം വർദ്ധിപ്പിക്കാന്‍ കാരണമാകുന്നുണ്ട്. വറുത്ത ചിക്കൻ, ഫ്രഞ്ച് ഫ്രൈസ് പോലുള്ളവയിലെ എണ്ണയുടെയും കൊഴുപ്പിന്‍റെയും സാന്നിധ്യവും വണ്ണംകൂട്ടും. നാരുകളില്ലാത്ത വൈറ്റ് ബ്രെഡ്, പാസ്ത, പേസ്ട്രി തുടങ്ങിയ ഉല്‍പന്നങ്ങളും അമിതവണ്ണത്തെ പ്രോല്‍സാഹിപ്പിക്കുന്നവയാണ്. അവ രക്തത്തിലെ പഞ്ചസാര ഉയരാനും അത് അമിതവിശപ്പുണ്ടാക്കാനും കാരണമാകും
അമിത വണ്ണത്തിലേക്ക് നയിക്കുന്ന ഭക്ഷണക്രമത്തില്‍ മദ്യപാനവും ഉള്‍പ്പെടുന്നു. പ്രത്യേകിച്ച് കോക്ക്ടെയിലുകളും ബിയറുകളും മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും വിശപ്പ് വർദ്ധിപ്പിക്കുകയും ചെയ്യും. മദ്യാപനത്തിനൊപ്പം അമിത ഭക്ഷണവും കൂടിയാകുമ്പോള്‍ ശരീരഭാരം വര്‍ധിക്കും. ഇവ മാത്രമല്ല ഫാസ്റ്റ് ഫുഡുകള്‍, ഐസ്ക്രീം തുടങ്ങിയവയും അമിത വണ്ണത്തിലേക്ക് നയിക്കും. ആരോഗ്യപരമായ ഭക്ഷണവും, ജീവിത രീതിയും പിന്‍തുടര്‍നനാല്‍ അമിതവണ്ണത്തെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിയും.