depression-pic

AI Generated Images

ജീവിതത്തില്‍ ഒന്നിനോടും താല്‍പര്യം തോന്നാത്ത അവസ്ഥയിലൂടെ കടന്നുപോകുന്നവരാണോ നിങ്ങള്‍? വ്യക്തമായ കാരണങ്ങളില്ലാതെ സങ്കടപ്പെടാറുണ്ടോ? ഒരു കാര്യത്തിനും ഊര്‍ജമില്ലാത്തതുപോലെ തോന്നാറുണ്ടോ? മടുപ്പും അസ്വസ്ഥതയും ആത്മഹത്യാ പ്രേരണയും നിങ്ങളെ വേട്ടയാടുന്നുണ്ടോ? ഒരുപക്ഷേ വിഷാദരോഗമായിരിക്കും ഇത്തരം അവസ്ഥകളിലൂടെ നിങ്ങളെ നയിക്കുന്നത്. പലപ്പോഴും നമ്മള്‍ പോലുമറയാതെ നമ്മള്‍ വിഷാദരോഗങ്ങള്‍ക്ക് അടിമപ്പെട്ടുപോകാറുണ്ട്. ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് എത്രയും നേരത്തെ ഇത് തിരിച്ചറിയുന്നോ അത്രയും നേരത്തെ വിഷാദരോത്തില്‍ നിന്നും മുക്തി നേടാം. അല്ലാത്ത പക്ഷം ജീവിതത്തിലുടനീളം ഇത് നമ്മുടെ ശാരീരിക മാനസികാരോഗ്യം അവതാളത്തിലാക്കിക്കൊണ്ടിരിക്കും. ചില സാഹചര്യങ്ങളില്‍ വിഷാദരോഗത്തെ മറികടക്കാന്‍ നമ്മളൊന്ന് മനസ് വച്ചാല്‍ മാത്രം മതി. എന്നാല്‍ മറ്റു ചിലപ്പോള്‍ ഒരു ഒരു പ്രൊഫഷണല്‍ മനശാസ്‌ത്ര വിദഗ്‌ധന്റെ സഹായം നമുക്ക്  ആവശ്യമായി വന്നേക്കാം. വിഷാദരോഗത്തെ ചെറുക്കാനും ജീവിത്തിന്‍റെ വൈബ് തിരച്ച് പിടിക്കാനും സഹായിക്കുന്ന കുറച്ച് ആറ് കാര്യങ്ങള്‍ എന്തൊക്കയാണെന്ന് നോക്കാം.

ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക

physical-activity

AI Generated Images

പണ്ടത്തെ കാലത്തെ അപേക്ഷിച്ച് ഇന്നത്തെ കാലത്തെ ജോലികള്‍ക്ക് ശാരീരികാധ്വാനം വളരെ കുറവാണ്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളര്‍ച്ച നമ്മുടെ ജീവിതത്തിലും വലിയ മാറ്റങ്ങള്‍ വരുത്തി. ദേഹം അനങ്ങി ജോലി ചെയ്തിരുന്ന കാലത്തില്‍ നിന്നും സ്മാര്‍ട്ട് വര്‍ക്ക് എന്ന കോണ്‍സപ്റ്റിലേക്ക് മാറിക്കഴിഞ്ഞു. മൊബൈലിന്‍റേയും കമ്പ്യൂട്ടറിന്‍റെയും ഇന്‍റര്‍നെറ്റിന്‍റേയും ഒക്കെ കടന്നുവരവോടെ നമ്മുടെ ജോലിഭാരം പകുതി കുറഞ്ഞു. ഇരുന്നുളള ജോലിയാണ് ഇന്ന് പലരും ചെയ്യുന്നത്. അതുകൊണ്ടു തന്നെ ശാരീരികാധ്വാനം വളരെ കുറവാണ്. ശരീരത്തിന് നല്ല വ്യായാമം ലഭിക്കുന്ന ജോലികളില്‍/അത്തരം പ്രവര്‍ത്തനങ്ങളില്‍ നമ്മള്‍ ഏര്‍പ്പെടാത്തത് മാനസിക സമ്മര്‍ദ്ദത്തിനും വിഷാദരോഗത്തിനുമെല്ലാം കാരണമാകും. ശരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും മസിലുകള്‍ നന്നായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് നല്ല മാനസികാരോഗ്യം പ്രധാനം ചെയ്യും. അതിനാല്‍ ജീവിത്തിലെന്ത് തരം തിരക്കുകള്‍ ഉണ്ടെങ്കിലും അല്പം സമയം വ്യായാമത്തിനായി മാറ്റി വയ്ക്കുക. ഇനി അതിനും സമയമില്ലാത്തവരാണെങ്കില്‍ നടത്തം തിരഞ്ഞെടുക്കാം. എന്നും ഒരു 10–15 മിനിട്ട് നന്നായി വിയര്‍ക്കുന്ന രീതിയില്‍ നടത്തം ശീലമാക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ വളരെയധികം സഹായിക്കും. 

നല്ല ഉറക്കം ശീലമാക്കുക

sleeping-pic

AI Generated Images

മാനസിക പിരിമുറുക്കവും വിഷാദരോഗവുമെല്ലാം ഉറക്കക്കുറവ് മൂലവും സംഭവിക്കാം. അതിനാല്‍ നന്നായി ഉറങ്ങുന്നുണ്ടെന്ന് ഉറപ്പാക്കുക. ഉറക്കം ശാരീരിക ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും ഒരുപോലെ പ്രധാനമാണ്. ദിവസവും ഉറങ്ങിയെന്നത് കൊണ്ട് മാത്രം കാര്യമില്ല. കുറഞ്ഞ് 5 മണിക്കൂറെങ്കിലും ഉറങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഉറങ്ങുന്നത് നാലോ അഞ്ചോ മണിക്കൂറാണെങ്കില്‍ പോലും അത് ഡീപ്പ് സ്ലീപ്പ് ആയിരിക്കണം. അല്ലാത്ത പക്ഷം അത് ശരിയായ ഉറക്കമായി പരിഗണിക്കാനാവില്ല. ഉറക്കക്കുറവ് ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ്. ഉറക്കുറവ് സ്ഥിരമായി നേരിടുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും മാനസികാരോഗ്യ വിദഗ്ധനെ കാണുന്നത് നല്ലതായിരിക്കും.

ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം ഒമേഗ 3 ഫാറ്റി ആസിഡ്

omega-3-fattyacid

AI Generated Images

തലച്ചോറിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് ഏറ്റവും അനിവാര്യമായ പോഷകമാണ്  ഒമേഗ 3 ഫാറ്റി ആസിഡ്. വിഷാദം, മാനസികപിരിമുറുക്കം എന്നിവ ചിലപ്പോള്‍  ഒമേഗ 3 ഫാറ്റി ആസിഡിന്‍റെ അപര്യാപ്തത മൂലവും സംഭവിക്കാം. ഭക്ഷണത്തില്‍ നിന്നും ലഭിക്കുന്ന  ഒമേഗ 3 ഫാറ്റി ആസിഡ് കുറഞ്ഞാല്‍ ഇപ്പറഞ്ഞ ലക്ഷണങ്ങള്‍ ശരീരം പ്രകടമാക്കും. അതിനാല്‍ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ ഭക്ഷണം ശീലമാക്കുക. ചില മല്‍സ്യങ്ങളിലും , ഫ്ലാക്സ് സീഡ് പോലുളള വിത്തുകളിലെല്ലാം ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡ് നമ്മുടെ ശരീരത്തില്‍ തനിയെ നിര്‍മിക്കപ്പെടാത്തതിനാല്‍ ഭക്ഷണത്തിലൂടെയോ സപ്ലിമെന്‍റുകളിലൂടെയോ അത് നമ്മള്‍ ശരീരത്തിലെത്തിക്കണം. ഒമേഗ 3 ഫാറ്റി ആസിഡ് എത്രവീതം എപ്പോഴെല്ലാം കഴിക്കണം എന്നതിന് ആരോഗ്യവിദഗ്ധന്‍റെ സഹായം തേടാം. 

സൂര്യപ്രകാശത്തിലൂടെ നേടാം വിറ്റമിന്‍ ഡി

exploring-vitaminD

AI Generated Images

കാലം മാറിയപ്പോള്‍ നമ്മുടെ ജീവിതശൈലിയിലും വലിയ മാറ്റങ്ങള്‍ വന്നു. പണ്ട് പാടത്തും പറമ്പിലുമെല്ലാം ഇറങ്ങി പ്രകൃതിയോടിണങ്ങിയുളള ജീവിതമായിരുന്നു നമ്മള്‍ നയിച്ചിരുന്നത്. എന്നാലിന്ന് നാലു ചുവരുകള്‍ക്കുളളിലേക്ക് ജീവിതം മാറി. എസി റൂമുകളിലെ ജോലി, വെയില്‍ കൊളളാതെ അടച്ചുമൂടിയ വാഹനങ്ങളിലുളള യാത്ര, പുറത്ത് പോകുന്നത് പോലും മാളുകളിലേക്കും മറ്റും ചുരുങ്ങി. മൊത്തത്തില്‍ സൂര്യപ്രകാശം തീരെ ഏല്‍ക്കാതെയുളള ജീവിതമാണ് ഇന്ന് നമ്മള്‍ നയിക്കുന്നത്. ഇതിലൂടെ നമുക്കുണ്ടാകുന്ന നഷ്ടം പ്രകൃതിയില്‍ നിന്നും നേരിട്ട് ലഭിക്കുന്ന വിറ്റമിന്‍ ഡിയാണ്. ദിവസവും ഒരു 15 മിനിറ്റ് ഇളം വെയില് കൊളളുന്നത് മനസിനും ശരീരത്തിനും ഒരുപോലെ നല്ലതാണ്. വിറ്റമിന്‍ ഡി കുറഞ്ഞാല്‍ സ്വാഭാവികമായും കാല്‍സ്യത്തിന്‍റെ ആഗിരണവും കുറയും. ഭക്ഷണത്തില്‍ നിന്നും ലഭിക്കുന്ന കാല്‍സ്യം വലിച്ചെടുക്കാന്‍ ശരീരത്തിന് കഴിയാതെ വരും. വിറ്റമിന്‍ ഡിയുടെ കുറവ് നികത്താന്‍ വിറ്റമിന്‍ ഡി സമ്പുഷ്ടമായ ഭക്ഷണം കഴിക്കാമെങ്കിലും സൂര്യപ്രകാശം ഒരു പ്രധാന ഘടകം തന്നെയാണ്. അതിനാല്‍ രാവിലെ ഇളം വെയില് കൊളളുന്നത് നല്ലൊരു പ്രതിവിധിയാണ്. വളരെ ചെറിയ യാത്രയൊക്കെ ആണെങ്കില്‍ വാഹനത്തെ ആശ്രയിക്കാതെ നടത്തം തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. 

കഴിഞ്ഞകാലത്തോട് പറയാം ഗുഡ് ബൈ

peaceful-life

AI Generated Images

ചിന്തിച്ച് ചിന്തിച്ച് മനസിന്‍റെ ആരോഗ്യം നഷ്ടപ്പെടുത്തുന്നവര്‍ നിരവധിയാണ്. പലപ്പോഴും ഇത്തരക്കാര്‍ കഴിഞ്ഞ കാര്യങ്ങള്‍ വീണ്ടും ആലോചിച്ച് വിഷമിച്ചുകൊണ്ടേ ഇരിക്കും. ഇത് പതുക്കെ വിഷാദരോഗത്തിലേക്ക് നമ്മെ തളളിവിടും. അതിനാല്‍ കഴിഞ്ഞ കാര്യങ്ങവ്‍ ആലോചിച്ച് മനസ് വിഷമിപ്പിക്കാതെ ഇരിക്കുക. അനാവശ്യ ടെന്‍ഷനുകള്‍ സ്ട്രെസ് ഹോര്‍മോണിന്‍റെ പ്രവര്‍ത്തനെ ബാധിക്കുകയും അത് ശാരീരബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയും ചെയ്യും. വെറുതെ ഇരിക്കുമ്പോഴാണ് പലപ്പോഴും അനാവശ്യകാര്യങ്ങള്‍ ഓര്‍ത്ത് നമ്മള്‍ സങ്കടപ്പെടാറ്. അത്തരം സാഹചര്യങ്ങളില്‍ വെറുതെ ഇരിക്കുന്നതിന് പകരം തിരക്കുകളില്‍ ഏര്‍പ്പെടുക. ഇഷ്ടമുളള കാര്യങ്ങള്‍ ചെയ്യുന്നതും അനാവശ്യചിന്തകള്‍ ഒഴിവാക്കാന്‍ സഹായിക്കും. അത് വഴിവഴി ശാരീകാരോഗ്യവും മാനസികാരോഗ്യവും വീണ്ടെടുക്കാം. 

സാമൂഹിക ഇടപെടലുകള്‍ ശീലമാക്കുക

socialising-pic

AI Generated Images

പുതിയ സൗഹൃദങ്ങള്‍ സൃഷ്ടിക്കുന്നതും ആളുകളുമായി ഇടപഴകുന്നതും മാനസിക പിരിമുറുക്കവും സ്ട്രെസും വിഷാദരോഗവും അകറ്റാന്‍ സഹായിക്കും. കാണുന്ന എല്ലാവരെയും സുഹൃത്തുക്കളാക്കുക എന്നതല്ല ഇതിലൂടെ ഉദ്ദേശിക്കുന്നത്. നമുക്ക് അനുയോജ്യമായ സുഹൃത്തുക്കളെ കണ്ടെത്തുക. അവരുമായി മനസ് തുറന്ന് സംസാരിക്കുക. ഇതെല്ലാം ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. പൊതുപരിപാടികളില്‍ പങ്കെടുക്കുക, യാത്രകള്‍ പോകുക, മറ്റുളളവര്‍ക്കൊപ്പം നല്ല പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുക എന്നതിലൂടെല്ലാം മാനസികാരോഗ്യം വീണ്ടെടുക്കാം. എല്ലാത്തിനും നമ്മള്‍ മനസ് വയ്ക്കണം എന്നുമാത്രം. ചില സാഹചര്യങ്ങള്‍ നമ്മളെ കൊണ്ട് തീരെ നിയന്ത്രിക്കാനാകത്ത തലത്തിലേക്ക് വിഷാദരോഗം നിങ്ങളെ കൊണ്ടെത്തിക്കുന്നു എന്നുതോന്നിയാല്‍ വൈകരുത് ഒരു മാനസികാരോഗ്യ വിദഗ്ധന്‍റെ സഹായം തീര്‍ച്ചയായും തേടുക. 

ENGLISH SUMMARY:

6 Essential Steps to Prevent Depression