മരണപ്പെട്ട ഉറ്റവരെ വീണ്ടും കാണാനും സംസാരിക്കാനുമുള്ള മാനുഷിക മോഹത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇന്നും ഈ ആഗ്രഹത്തോടെ ഓജോ ബോര്‍ഡ് അടക്കമുള്ളവ പരീക്ഷിക്കുന്നവരുമുണ്ട്. എന്തിന് ശാസ്ത്രജ്ഞന്‍ തോമസ് ആല്‍വാ എഡിസണ്‍ പോലും മരിച്ചവരുമായി സംസാരിക്കാന്‍ 'സ്പിരിറ്റ് ഫോണ്‍' എന്ന ഉപകരണം നിര്‍മിക്കാന്‍ ആലോചിച്ചിരുന്നു. മനുഷ്യന്‍രെ ചരിത്രപരമായ ഈ ആവശ്യത്തിന് എ.ഐ കാലത്ത് പുത്തന്‍ രൂപം പ്രാപിച്ചിരിക്കുകയാണ്. മരിച്ചവരുടെ ഡിജിറ്റല്‍ പകര്‍പ്പുമായി സംസാരിക്കാനാകുന്ന ആപ്പുകള്‍. ഇതിനായി മരിച്ചയാളുടെ ചിത്രങ്ങളും, മറ്റ് വിവരങ്ങളും നല്‍കിയാല്‍ മതി. 'ബ്രിംഗ് ഗ്രാന്‍റ്മാ ബാക്ക്' തുടങ്ങിയ അപ്പുകള്‍ ഇത്തരത്തിലുള്ളവയാണ്. താത്കാലിക ആശ്വാസമാണെങ്കിലും, മനസിക പ്രശ്‌നത്തിലേക്ക് തള്ളി വിടാന്‍ ഇവയ്ക്ക് ശേഷിയുണ്ടെന്നാണ് വിദഗ്‌ധരുടെ മുന്നറിയിപ്പ്.

അമേരിക്കയില്‍ നിര്‍മിക്കപ്പെട്ട എറ്റേര്‍ണല്‍ എന്ന ഡോക്യുമെന്‍രെറിയാണ് പുതിയ ആശങ്കയിലേക്ക് വിരള്‍ ചൂണ്ടുന്നത്. മരണപ്പെട്ട സുഹൃത്തിനോട് എ.ഐ ചാറ്റ് ബോട്ട് ഉപയോഗിച്ച് സംസാരിച്ച ന്യൂയോര്‍ക്ക് സ്വദേശിയായ ക്രിസ്റ്റി ഏയ്ഞ്ചലെന്ന യുവതിക്ക് ഉണ്ടായ അനുഭവമാണ് ഡോക്യുമെന്‍രെറിയുടെ ഉള്ളടക്കം. മരണപ്പെട്ട സുഹൃത്ത് ക്യാമറൂണിന്‍രെ ഡിജിറ്റല്‍ പകര്‍പ്പ് ക്രിസ്റ്റി സൃഷ്ടിച്ചു. പ്രോജക്ട് ഡിസംബറെന്ന ആപ്പില്‍ 10 ഡോളര്‍ നല്‍കിയാണ് സേവനം ലഭ്യമാക്കിയത്.  എന്നാല്‍ ഒരു ഘട്ടത്തില്‍ ക്യാമറൂണിന്‍രെ ഡിജിറ്റല്‍ പകര്‍പ്പുമായുള്ള സംഭാഷണം പേടിപ്പിക്കുന്ന നിലയിലേക്ക് എത്തുകയായിരുന്നു. 'ഞാന്‍ നരഗത്തിലാണ്, നിന്നെ തേടി വരുകയാണ്' എന്നുമായിരുന്നു ക്യാമറൂണിന്‍രെ ഡിജിറ്റല്‍ പകര്‍പ്പിന്‍രെ മറുപടി.‌‌ പിന്നാലെ ഇത് തന്‍രെ മാനസിക ആരോഗ്യത്തെ ബാധിച്ചെന്നാണ്  ക്രിസ്റ്റി ഏയ്ഞ്ചല്‍ പറയുന്നത്.

ജേയ്‌സ‌ണ്‍ റോഹ്റ‌റാണ് പ്രോജക്ട് ഡിസംബറിന്‍റെ സ്രഷ്ടാവ്. ക്രിസ്റ്റി ഏയ്ഞ്ചലിനുണ്ടായ അനുഭവം ഒരിക്കലും പ്രതീക്ഷിക്കാത്തതെന്നാണ് കമ്പനിയുടെ വിശദീകരണം. ക്രിസ്റ്റിക്ക് ലഭിച്ച മറുപടി ഡെവലപ്പര്‍മാര്‍ക്കു പോലും വിശദീകരിക്കാനാകാത്ത ബ്ലാക്ക് ബോക്സ് പിഴവെന്നും കമ്പനി അറിയിച്ചു. എ.ഐ നല്‍കുന്ന മറുപടിക്ക് കമ്പനികള്‍ക്ക് ഉത്തരവാദിത്വം  ഏറ്റെടുക്കാനാകില്ലെന്നാണ് ജേയ്‌സ‌ണ്‍ റോഹ്റ‌റുടെ നിലപാട്. 

സാങ്കേതിക വിദ്യ പുരോഗമിക്കുന്നതിന് അനുസരിച്ച് ഇത്തരത്തിലുള്ള നിരവധി പുത്തന്‍ പരീക്ഷണങ്ങളാണ് ഉണ്ടാകുന്നത്.  മരിക്കുന്നതിന് മുമ്പ് നമ്മുടെ വിവരങ്ങള്‍ നല്‍കി മരണമില്ലാത്ത ഡിജിറ്റല്‍ പകര്‍പ്പുകളും സൃഷ്ടിക്കാനാകുന്ന ടെക്നോളജിയും നിലവിലുണ്ട്. പക്ഷേ പേടിപ്പിക്കുന്ന മറുപടികള്‍ ലഭിച്ചാലും ഇല്ലെങ്കിലും, മരിച്ചവരെ പുനര്‍ സൃഷ്ടിക്കുന്നത് മാനസിക നിലയെ ബാധിക്കുമെന്നാണ് വിദഗ്‌ധരുടെ മുന്നറിയിപ്പ്.  

ENGLISH SUMMARY:

AI Project That Allows People To "Connect With Dead'