മുന്‍കൂട്ടി അറിയിക്കാതെ നിര്‍ബന്ധപൂര്‍വം കമ്പനിയില്‍ നിന്ന് പിരിച്ചുവിടുന്ന ജീവനക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.ഓഫിസിലെ ചുറ്റുപാട് മനഃപൂര്‍വം ജീവനക്കാര്‍ക്ക് എതിരാക്കി അവരെ ജോലിയില്‍ നിന്ന് രാജി വയ്ക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന ആരോപണവുമായി യുവാവ് രംഗത്തെത്തി. സോഷ്യല്‍മീഡിയയിലൂടെയായിരുന്നു യുവാവിന്‍റെ പോസ്റ്റ്. ഇതോടെ സമാന അനുഭവം കമ്പനികളില്‍ നിന്ന് നേരിട്ടുവെന്ന് പറഞ്ഞ് നിരവധിയാളും പോസ്റ്റിനെ അനുകൂലിച്ചെത്തിയതോടെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് വൈറലായി.
ജീവനക്കാരുടെ പ്രകടനത്തില്‍ പ്രശ്നങ്ങളൊന്നുമില്ലെങ്കിലും ശമ്പളം കൊടുക്കാന്‍ കഴിയാതെ വരുമ്പോഴാണ് കമ്പനി നിര്‍ബന്ധിത രാജിയിലേക്ക് ജീവനക്കാരെ പ്രേരിപ്പിക്കുന്നത്. വന്‍കിട കമ്പനികളിലും സമാനസാചര്യമുണ്ടെന്നും എല്ലായ്പ്പോഴും സാധാരണക്കാരായ ജീവനക്കാരാണ് ഇത്തരം നടപടികള്‍ക്ക് ഇരകളാകേണ്ടി വരുന്നതെന്നും യുവാവ് പോസ്റ്റില്‍ പറയുന്നു.
നിരവധിയാളുകളാണ് ജോലിസ്ഥലത്ത് മാനസിക സമര്‍ദം അനുഭവിക്കുന്നത്. മിക്കയാളുകളും ഡിപ്രഷനിലൂടെയാണ് കടന്നുപോകുന്നതെന്ന റിപ്പോര്‍ട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു.
കമ്പനികള്‍ അവിടെ ജോലി ചെയ്യുന്ന ജീവനക്കാരോട് ഒരുതരത്തിലുമുള്ള പരിഗണനയോ താല്പര്യമോ കാണിക്കാറില്ലെന്നും അതുകൊണ്ട് ഒരു ദയാദാക്ഷിണ്യം കൂടാതെ ജീവനക്കാരെ പിരിച്ചുവിടാന്‍ അവര്‍ക്ക് കഴിയുമെന്നും യുവാവ് ഓര്‍മപ്പെടുത്തുന്നു. ചില ജീവനക്കാര്‍ ജീവിതത്തിന്‍റെ നല്ല സമയമെല്ലാം കമ്പനിക്കായി ചിലവഴിക്കുകയാണെന്നും കമ്പനിയുടെ മനോഭാവം ഇതായതിനാല്‍ എല്ലാം സമർപ്പിച്ച് കമ്പനികൾക്കായി ജോലി ചെയ്യുന്ന രീതി അവസാനിപ്പിക്കണമെന്നും യുവാവ് ആവശ്യപ്പെടുന്നു.