സംസ്ഥാനത്ത് ജീവനൊടുക്കുന്ന ചെറുപ്പക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന.അഞ്ചുവര്‍ഷത്തിനിടെ 8715 യുവാക്കള്‍ ജീവനെടുത്തെന്ന ദേശീയ ക്രൈംറെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകളാണ് ഞെട്ടിക്കുന്നത്. സംസ്ഥാനത്ത് നാലുവര്‍ഷത്തിനിടെ ആകെ മുപ്പത്തെണ്ണായിരം പേര്‍ ജീവനൊടുക്കി. പഠന–തൊഴില്‍ സമ്മര്‍ദങ്ങളും തൊഴില്‍ കിട്ടാനുളള ബുദ്ധിമുട്ടുകളും കേരളത്തിലെ യുവാക്കളെ ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നാണ് അനുമാനം. ലോക ആത്മഹത്യാ പ്രതിരോധ ദിനമായ ഇന്ന് രാജ്യത്തെ ഉയര്‍ന്ന ആത്മഹത്യാ നിരക്കുകളില്‍ കേരളം നാലാമതാണെന്ന കണക്കുകളും അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്നു.
പ്രിയപ്പെട്ടവരോടൊക്കെ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞ് അവസാന യാത്ര പോകുന്ന യുവാക്കളുടെ എണ്ണം നമ്മുടെ നാട്ടില്‍ കുതിക്കുകയാണ്. 2018 മുതല്‍ 2023 ഓഗസ്റ്റ് വരെ ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയ്ക്ക് ലഭിച്ച കണക്കുകള്‍ പ്രകാരം സ്വയം ഒടുങ്ങിയത് 6244 യുവാക്കള്‍. 18നും 30 മധ്യേ പ്രായമുളളവര്‍. ഇതേ കാലയളവില്‍ ഇതേ പ്രായപരിധിയിലുളള 2471 യുവതികള്‍ ജീവനെടുത്തു. പഠന സമ്മര്‍ദവും തൊഴില്‍ കിട്ടാനുളള ബുദ്ധിമുട്ടുകളും കാരണമാണ് 39 ശതമാനം പേരും സ്വയം അവസാനിപ്പിച്ചത്. തിരിച്ചറിയപ്പെടാതെ പോയ മാനസിക ആരോഗ്യപ്രശ്നങ്ങള്‍ 35 ശതമാനം യുവാക്കളെ മരണത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി. പ്രണയഭംഗവും, ലഹരി ഉപയോഗവും ,കുടുംബ പ്രശ്നങ്ങളും യുവാക്കളുടെ ഇടയിലെ ആത്മഹത്യാനിരക്ക് വര്‍ധിപ്പിക്കുന്നുവെന്നും കണക്കുകള്‍ പറയുന്നു.
ഒരു വര്‍ഷം ഒരു ലക്ഷം പേരില്‍ 12. 4 ശതമാനം പേര്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ് ദേശീയ നിരക്കെങ്കില്‍ കേരളത്തിന്റേത് 28.5 ശതമാനം ആണ്. ഇരട്ടിയിലധികം. രണ്ടുവര്‍ഷമായി ആത്മഹത്യാ കണക്കുകള്‍ ഏറ്റവും ഉയരുന്ന തിരുവനന്തപുരം ജില്ലയില്‍ കണക്കുകള്‍ പേടിപ്പെടുത്തുന്നതാണ്.44. 1%. കേരളത്തിലെ ആത്മഹത്യാനിരക്ക് ഒരു ലക്ഷത്തിന് 16 ആയി കുറയ്ക്കാനാണ് 2016ല്‍ ലക്ഷ്യമിട്ടത് എന്നു കൂടി അറിയണം.