നല്ലവാക്കുകള്‍ സന്തോഷിപ്പിക്കാത്ത ആരുമുണ്ടാകില്ല. ഒരു നല്ല കാര്യം ചെയ്താല്‍, നന്നായൊന്ന് ഒരുങ്ങിയാല്‍  അംഗീകരിക്കപ്പെടണം എന്ന നിര്‍ദോഷമായ ആഗ്രഹം ഉള്ളിലില്ലാത്തവരും കുറവായിരിക്കും. എന്നാല്‍ ഏതുവിധേനയും മറ്റുള്ളവരുടെ ശ്രദ്ധ നേടിയെടുക്കാന്‍ ശ്രമിക്കുന്ന ചിലരെ കണ്ടിട്ടുണ്ടോ? എപ്പോഴും എല്ലാവരുടെയും ശ്രദ്ധ തങ്ങളിലേക്ക് മാത്രമാകണം എന്ന അത്തരം കാഴ്ചപ്പാട് പക്ഷേ അത്ര നിര്‍ദോഷമല്ല. അത്ര ലാഘവത്വത്തോടെ കാണേണ്ട ഒരു മാനസികാവസ്ഥയുമല്ല അത്. കാരണം അങ്ങനെ ഒരു ശ്രദ്ധ തങ്ങളില്‍ നിന്ന് വഴിമാറിപ്പോകുന്നുണ്ടെന്ന് തോന്നിയാല്‍ പിന്നെ ഇത്തരക്കാരുടെ മനോനില തന്നെ തകരാറിലായേക്കാം. രൂപത്തിലോ മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലോ അമിത ശ്രദ്ധാലുവാകുക, അന്യരുടെ ശ്രദ്ധ പതിപ്പിക്കുന്ന രീതിയില്‍ അമിത വൈകാരിക പ്രകടനങ്ങള്‍ നടത്തുക, ഇല്ലാത്ത സൗഹൃദം ഉള്ളതായി കാണിക്കുക ഇതൊക്കെ ഒരു മാനസികവൈകല്യത്തിന്‍റെ ലക്ഷണങ്ങളാണെന്ന് എല്ലാവരും മനസ്സിലാക്കണമെന്നില്ല. ഹിസ്‌ട്രിയോണിക് പേഴ്‌സണാലിറ്റി ഡിസോർഡർ (എച്ച്‌പിഡി) എന്ന സ്വഭാവ വൈകല്യമാണ് ഇത്തരം ചെയ്തികള്‍ക്കുപിന്നില്‍.

എല്ലായ്പ്പോഴും ശ്രദ്ധാകേന്ദ്രമാകണമെന്ന ആഗ്രഹം, അമിതമായ വൈകാരികത പ്രകടമാക്കൽ  എന്നിവ വിട്ടുമാറാതെ പ്രകടിപ്പിക്കുന്ന മാനസികാവസ്ഥയാണ് ഹിസ്‌ട്രിയോണിക് പേഴ്‌സണാലിറ്റി ഡിസോർഡർ. സാധാരണയായി കൗമാരത്തിന്റെ അവസാനത്തിലോ പ്രായപൂർത്തിയായതിന്റെ തുടക്കത്തിലോ ആണ് ഇത് ആരംഭിക്കുന്നത്. എപ്പോഴും മറ്റുള്ളവരുടെ അംഗീകാരവും ശ്രദ്ധയും ആഗ്രഹിക്കുന്ന എച്ച്‌പിഡി ബാധിതർ, അമിതമായ കരച്ചിൽ, ശാഠ്യം തുടങ്ങിയ വൈകാരികതകള്‍ നാടകീയമായിത്തെന്നെ പ്രകടിപ്പിച്ചേക്കാം. ശ്രദ്ധാകേന്ദ്രമല്ലാത്തപ്പോൾ അവർ വിലമതിക്കപ്പെടുന്നില്ലെന്നും അവഗണിക്കപ്പെടുകയാണെന്നും തോന്നിയേക്കാം. അത്തരം സന്ദർഭങ്ങളിൽ പ്രകോപനപരമോ ലൈംഗിക സൂചന നൽകുന്നതോ ആയ പെരുമാറ്റത്തിലേക്കു വരെ എച്ച്‌പിഡി ബാധിതർ എത്തിപ്പെട്ടേക്കാമെന്ന് പഠനങ്ങള്‍ പറയുന്നു. അവരുടെ വികാരങ്ങൾ വേഗത്തില്‍ മാറിമറിയും. ശ്രദ്ധ കിട്ടാതെയാകുമ്പോൾ അത് നേടിയെടുക്കാനായിആത്മാര്‍ത്ഥത ഒട്ടും ഇല്ലാത്ത ബാഹ്യമായ ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ പോലും ഇക്കൂട്ടര്‍ മടിക്കുകയില്ല. ഈ സ്വഭാവ വൈകല്യം യഥാര്‍ഥ ബന്ധങ്ങളില്‍നിന്നും സൗഹൃദങ്ങളില്‍ നിന്നും ഇവരെ അകറ്റിയേക്കാം.

എച്ച്‌പിഡി മാനസികാവസ്ഥയ്ക്കൊപ്പം മയക്കുമരുന്ന്, മദ്യപാനം, വിഷാദം, ഭക്ഷണ ക്രമക്കേടുകൾ എന്നിവ കൂടി ഉണ്ടെങ്കില്‍ അവസ്ഥ കൈവിട്ടുപോയേക്കാം. 

 കുട്ടിക്കാലത്തെ അവഗണനകള്‍, മാനസികാഘാതം എന്നിവ ചിലപ്പോള്‍ ഒരു വ്യക്തിയെ എച്ച്പിഡിയിലേക്ക് നയിച്ചേക്കാം. ജനിതകവും പാരിസ്ഥിതികവും ജൈവശാസ്ത്രപരവുവുമായ ഘടകങ്ങളുടെ സംയോജനമാണ് ഈ രോഗാവസ്ഥ ഉണ്ടാക്കുന്നത്. സൈക്കോതെറാപ്പി, പ്രത്യേകിച്ച് കോഗ്നിറ്റീവ്-ബിഹേവിയറൽ തെറാപ്പിയാണ് (സിബിടി) സാധാരണയായി എച്ച്പിഡി ചികിത്സിക്കാൻ ഉപയോഗിക്കുന്നത്. നെഗറ്റീവ് ചിന്താരീതികളെ തിരിച്ചറിയാനും വെല്ലുവിളിക്കാനും ആരോഗ്യകരമായ കോപ്പിംഗ് സംവിധാനങ്ങൾ വികസിപ്പിക്കാനും കോഗ്നിറ്റീവ്-ബിഹേവിയറൽ തെറാപ്പി (സിബിടി) സഹായിക്കുന്നു. ചില സന്ദർഭങ്ങളിൽ മരുന്നുകളും നൽകപെടാറുണ്ട്. നിരീക്ഷണം സുഗമമാക്കാനും ചികിത്സാപ്രക്രിയയെ സഹായിക്കാനും രോഗിയുടെ കുടുംബത്തെ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്തേക്കും. എന്നാല്‍ എച്ച്പിഡിയുള്ള ആളുകള്‍ പലപ്പോഴും തങ്ങളുടെ അസുഖം തിരിച്ചറിയുകയോ അംഗീകരിക്കുകയോ ചെയ്യാത്തത് ചികില്‍സയ്ക്ക് വെല്ലുവിളിയാണ്.

ENGLISH SUMMARY:

is Someone You Know Overly Dramatic? Histrionic Personality Disorder Explained