ഏത് കാര്യത്തിനും ദേഷ്യപ്പെടുകയും അലറുകയും ചെയ്യുന്ന കലിപ്പന്‍ പുരുഷന്മാരെ കണ്ടിട്ടില്ലേ. ചെറിയ കാര്യങ്ങള്‍ക്ക് പോലും പൊട്ടിത്തെറിക്കുകയും മുന്‍പില്‍ നില്‍ക്കുന്നത് ആരെന്ന് പോലും നോക്കാതെ പ്രതികരിക്കുകയും ചെയ്യുന്ന പുരുഷന്മാര്‍ക്ക് പൊതുവേ ഹീറോ പരിവേഷമാണ് സിനിമയില്‍ ഉള്‍പ്പെടെ സൃഷ്ടിച്ചുവെച്ചിരിക്കുന്നത്. ഇത്തരം കലിപ്പന്മാര്‍ക്ക് നിറയെ ആരാധികമാരുള്ളതായും സിനിമകളില്‍ കാണിക്കുന്നുണ്ട്.
പക്ഷേ യാഥാര്‍ഥ്യം എന്താണ്. മുന്നും പിന്നും നോക്കാതെ ദേഷ്യപ്പെടുന്ന ആണുങ്ങളെ സ്ത്രീകള്‍ക്ക് ഇഷ്ടമണോ? നല്ല ഒരു പ്രണയബന്ധവും ജീവിതവും നയിക്കാന്‍ അവര്‍ക്ക് കഴിയുമോ? എവല്യൂഷണറി സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പ്രകാരം ദേഷ്യക്കാരായ പുരുഷന്മാര്‍ക്ക് ബുദ്ധിയും കുറവായിരിക്കുമെന്ന് സ്ത്രീകള്‍ കരുതുന്നു. അതായത് എടുത്തുചാടി ദേഷ്യപ്പെടുന്നത് കാര്യങ്ങളെ തിരിച്ചറിയാനുള്ള ബുദ്ധിമുട്ട് കൊണ്ട് ചെയ്യുന്നതാണ് എന്നാണ് സ്ത്രീകള്‍ കരുതുന്നത്. 18വയസിനും 80വയസിനും ഇടയിലുള്ള 148 ഹെട്ടറോസെക്ഷ്വല്‍ പങ്കാളികളിലാണ് പഠനം നടത്തിയത്.
ബന്ധങ്ങളുടെ ദൃഡത, വൈകാരിക അടുപ്പം എന്നിങ്ങനെ നിരവധി കാര്യങ്ങളെ സംബന്ധിച്ച കാര്യങ്ങളിലാണ് പഠനം നടത്തിയത്. അതിലാണ് പുരുഷന്മാരുടെ കലിപ്പ് സ്വഭാവം ബുദ്ധിക്കുറവിന്‍റെ ലക്ഷണമായി സ്ത്രീകള്‍ കണക്കാക്കുന്നുവെന്ന് തെളിഞ്ഞത്. കാര്യങ്ങള്‍ മനസിലാക്കാനും കൈകാര്യം ചെയ്യാനും ബുദ്ധിമുട്ടുള്ളവരാണ് ഇത്തരത്തില്‍ ദേഷ്യപ്പെടുന്നതെന്നാണ് സ്‌ത്രീകള്‍ ഈ സര്‍വേയില്‍ അഭിപ്രായപ്പെട്ടത്.
മറ്റ് പല വികാരങ്ങളെയും നല്ലഗുണങ്ങളെയും ഇല്ലാതാക്കുന്ന വികാരമാണ് ദേഷ്യമെന്നും സ്‌ത്രീകള്‍ അഭിപ്രായപ്പെടുന്നു. പങ്കാളിയുമായുള്ള ബന്ധത്തിലെ സംതൃപ്‌തിയെയും സന്തോഷത്തെയുമെല്ലാം പുരുഷനിലെ ദേഷ്യം ബാധിക്കുന്നതായും പല സ്‌ത്രീകളും ചൂണ്ടിക്കാട്ടി. ദീര്‍ഘകാലത്തെ ബന്ധത്തിനും ദേഷ്യം വിലങ്ങ് തടിയാകാമെന്ന് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.