നിങ്ങള്‍ വേണ്ടത്ര ഉറങ്ങുന്നുണ്ടോ എന്ന ചോദ്യം ചോദിച്ചാല്‍ ഉണ്ട് എന്നുള്ള മറുപടി അപൂര്‍വമായിരിക്കും. ശരാശരി ഒരു മനുഷ്യന് എട്ട് മണിക്കൂറെങ്കിലും ഉറക്കം വേണം എന്നിരിക്കെ ആധുനിക യുഗത്തിലെ ജോലി ഭാരവും മറ്റ് തിരക്കുകളുമെല്ലാം ഉറക്കത്തെ വലിയ തോതില്‍ ബാധിക്കുന്നുണ്ട്. ഇപ്പോഴിതാ ഭൂരിപക്ഷം ഇന്ത്യന്‍ സ്ത്രീകള്‍ക്കും വേണ്ടത്ര ഉറക്കം കിട്ടുന്നില്ലെന്ന് പഠനം. ആഗോള ആരോഗ്യ മേഖലയില്‍ പഠനം നടത്തുന്ന റെസ്മെഡ് എന്ന കമ്പനി നടത്തിയ സര്‍വേയിലാണ് ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഒരു ശരാശരി ഇന്ത്യന്‍ പൗരന് ഉറക്കം നഷ്ടപ്പെടുന്നുവെന്ന് കണ്ടെത്തിയത്. ഇതില്‍ കൂടുതലും ഉറക്കം നഷ്ടപ്പെടുന്നത് സ്ത്രീകള്‍ക്കാണ്.
ഉറക്കം നഷ്ടപ്പെടുന്നു എന്നതിലുപരി ഉറങ്ങാന്‍ സ്ത്രീകള്‍ കൂടുതല്‍ ബുദ്ധിമുട്ടുന്നു. ഹോര്‍മോണല്‍ പ്രശ്നങ്ങളും ആര്‍ത്തവവിരാമവും സ്ത്രീകളില്‍ വന്‍തോതില്‍ ഉറക്കത്തെ ബാധിക്കുന്നുണ്ട്. ഇത് കൂടാതെ ഉറക്കമില്ലാത്തിനാല്‍ ഉണ്ടാകുന്ന അസുഖങ്ങള്‍ കാരണം സ്ത്രീകള്‍ കൂടുതലായി ജോലിയില്‍ അവധിയെടുക്കുന്നതായും സര്‍വേ കണ്ടെത്തിയിട്ടുണ്ട്.
സ്വന്തം ജോലിക്ക് പുറമെ വീട്ടിലെ കാര്യങ്ങളും നോക്കുന്നതാണ് സ്ത്രീകളെ വേണ്ടത്ര ഉറക്കം കിട്ടുന്നതില്‍ നിന്നും വിലക്കുന്ന ഒരു കാരണങ്ങളിലൊന്ന്. കുട്ടികള്‍ക്കൊപ്പം വീട്ടിലെ പ്രവര്‍ത്തികള്‍ കൂടി ഏറ്റെടുക്കേണ്ടതിനാല്‍ സ്ത്രീകള്‍ക്ക് ജോലിത്തിരക്കേറുന്നു ഇത് മാനസികമായും സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടാകുന്നുണ്ട്.
ഇത് കൂടാതെ പ്രസവത്തിന് ശേഷമുള്ള ആദ്യ മാസങ്ങളില്‍ സ്ത്രീകള്‍ക്ക് 60 മുതല്‍ 30 ശതമാനം വരെ ഉറക്കം നഷ്ടപ്പെടുന്നു. ഇത് വര്‍ഷങ്ങളോളം സ്ത്രീകളെ ബാധിക്കുന്നുണ്ട്. ജോലിസ്ഥലങ്ങളില്‍ മെറ്റേണിറ്റി അവധികള്‍ കൃത്യമായി ലഭിക്കാത്തതും സ്ത്രീകളില്‍ ഉറക്കക്കുറവിന് കാരണമാകുന്നുണ്ട്.
പഠനങ്ങള്‍ പ്രകാരം സ്ത്രീകള്‍ക്ക് പുരുഷന്‍മാരേക്കാള്‍ ഉറക്കം വേണമെന്ന് കണ്ടെത്തിയിട്ടുണ്ട് എന്നാല്‍ ഇത് പല കാരണങ്ങള്‍ കൊണ്ടും ലഭിക്കുന്നില്ല.
ഏറ്റവുമധികം പകല്‍ സമയങ്ങളില്‍ ഉറക്കം തൂങ്ങുന്നതും സ്ത്രീകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രാത്രിയിലെ ഉറക്കക്കുറവിന് പകരം പകല്‍ സമയങ്ങളില്‍ ഉണ്ടാകുന്ന പ്രത്യാഘാതമാണിതെന്നും പഠനം പറയുന്നു.
59 ശതമാനത്തോളം ഇന്ത്യക്കാര്‍ ആറ് മണിക്കൂറില്‍ താഴെ മാത്രമേ ഉറങ്ങുന്നെന്നും പഠനങ്ങളുണ്ട്. കൊതുകുശല്യവും ഫോണുകള്‍ നോക്കി ഉറങ്ങാന്‍ വൈകുന്നതും എല്ലാം ഉറക്കം നഷ്ടപ്പെടുന്നതിനുള്ള കാരണങ്ങളാണ്.
ഉറക്കം നഷ്ടപ്പെടുന്നവരുടെ തലച്ചോറിന് ഗുരുതരമായ പരുക്കേല്‍ക്കാനുള്ള സാധ്യതയുണ്ട്. ന്യൂറോണുകള്‍ ഉറക്കം കൃത്യമായി ലഭിക്കാതിരുന്നാല്‍ നശിക്കും. ഇത് കൂടാതെ ഉറക്കം ശരീരത്തിലെ പേശികള്‍ക്കും മറ്റ് അവയവങ്ങള്‍ക്കും വിശ്രമസമയമാണ്. ദീര്‍ഘകാലം കൃത്യമായ അളവില്‍ ഉറക്കം കിട്ടിയില്ലെങ്കില്‍ ഇവയ്ക്ക് ഭാവിയില്‍ അസുഖങ്ങള്‍ വന്നേക്കാം. ഇവ കൂടാതെ ദഹനത്തിനും ഉറക്കം അനിവാര്യമാണ്.