PHOTO CREDIT; Facebook
ആയുസ് ഇരട്ടിയാക്കാൻ വേണ്ടി ഉറക്കത്തോട് ബൈ ബൈ പറഞ്ഞ ജാപ്പനീസ് വ്യവസായി ആണ് ദയ്സുകെ ഹൂറി (Daisuke Hoori ). കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ദിവസവും ഉറങ്ങുന്നത് 30 മിനിട്ട് മാത്രം. തൻ്റെ ശരീരത്തെയും തലച്ചോറിനെയും പരിശീലിപ്പിച്ച് സമയക്രമവുമായി പാകപ്പെടുത്തി എന്നാണ് Deisuke പറയുന്നത്. തൻ്റെ കാര്യക്ഷമത കൂട്ടാൻ ഇത് ഉപകരിക്കുന്നു എന്നും Deisuke പറയുന്നു.
ഇത് അനുകരിച്ചാൽ..
ഉള്ള ആയുസ് കുറയും എന്ന് മാത്രമല്ല, ജീവിതകാലം ഒരു രോഗിയായി ജീവിച്ചു തീർക്കേണ്ടി വരും. സാധാരണ ഒരു മനുഷ്യന് ഏറ്റവും കുറഞ്ഞത് 6-8 മണിക്കൂർ ഉറക്കം അനിവാര്യമാണ്. ഉറക്കം കുറയുമ്പോൾ പ്രമേഹ സാധ്യതാ , ക്യാൻസർ സാധ്യത, ഹൃദ്രോഗ സാധ്യത എന്നിവ കൂടും. ഉറക്കം കുറവുള്ളവരുടെ ഹൃദയമിടിപ്പും രക്തസമ്മർദവും കൂടുതലായിരിക്കും. രാജ്യത്ത് 59% പേർക്കും നന്നായി ഉറങ്ങാൻ കഴിയുന്നില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? വിശ്വസിക്കണം. ജോലി സമയങ്ങളിൽ വന്ന മാറ്റവും, മൊബൈൽ ഫോണുമാണ് പ്രധാന വില്ലൻ. സ്ക്രീൻ ടൈം കൂടിയതോടു കൂടി മിക്കവരുടെയും ഉറക്കം കുറഞ്ഞു. കണ്ടുറങ്ങുതും കണികണ്ട് ഉണരുന്നതും മൊബൈൽ ഫോണിനെ.
എന്തിന് ഉറങ്ങണം?
ആരോഗ്യമുള്ള ശരീരവും മനസും വേണമെങ്കിൽ ഉറങ്ങണം. ഉറക്കം ചില്ലറക്കാരനല്ല. ഉറങ്ങിയില്ലെങ്കിൽ രോഗപ്രതിരോധ ശേഷി കുറയും, ഉത്കണ്ഠ, ആത്മവിശ്വാസ ഇല്ലായ്മ, ജീവിതശൈലി രോഗങ്ങൾ എന്നിവ കൂടും. ഓർമകളെ ചിട്ടപ്പെടുത്താൻ ഉറക്കം വേണം. തലച്ചോറിൻ്റെ മെറ്റബോളിക് പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന മാലിനും തള്ളാനും ഉറക്കം വേണം. ഇല്ലേൽ അൽഷിമേഴ്സും പാർക്കിൻസൺസ് തുടങ്ങിയ രോഗങ്ങൾ വണ്ടിയും പിടിച്ച് നിങ്ങടെ അഡ്രസ് ചോദിച്ചു വരും.
ഉറക്കം അധികമായാൽ
അധികമായാൽ അമൃത് മാത്രമല്ല ഉറക്കവും വിഷത്തിൻ്റെ ഫലം ചെയ്യും. ഉറങ്ങിയില്ലെങ്കിൽ വരുന്ന മിക്ക രോഗങ്ങളും ഉറക്കം കൂടിയാലും വരും. പ്രമേഹവും അമിതവണ്ണവും , തലവേദനും, ക്ഷീണവും അതിൽ ചിലത് മാത്രം. അതുകൊണ്ട് ഉറങ്ങുക. ഉറങ്ങേണ്ട സമയത്ത് മാത്രം
നന്നായി ഉറങ്ങാൻ എന്തു ചെയ്യണം
1. ആദ്യം മൊബൈൽ ഫോൺ മാറ്റി വയ്ക്കുക
2. കിടക്കയ്ക്ക് പരിസരത്ത് അനാവശ്യ ചിന്തകൾക്ക് നിരോധനാജ്ഞ പ്രഖ്യപിക്കുക
3. രാത്രിയിൽ ഭക്ഷണം നേരത്തെ കഴിക്കുക , അതും കുറച്ച് മാത്രം
4. Bedroom ഉം Bed ഉം വൃത്തിയായി സൂക്ഷിക്കുക
ലോക ഉറക്കദിനമാണ് ഇന്ന് , ഇന്നെങ്കിലും സമയത്ത് ഉറങ്ങുക വേണ്ടത്ര ഉറങ്ങുക. നിങ്ങളുടെ ഒപ്പമുള്ളവരും ഉറങ്ങുന്നുവെന്ന് ഉറപ്പുവരുത്തുക. ഒരു നല്ല ശീലത്തിൻ്റെ തുടക്കമാകട്ടെ.