ആരോഗ്യമുളള പല്ലുകള്‍ ആത്മവിശ്വാസം കൂട്ടും . അതിനാല്‍ നല്ല ആരോഗ്യത്തിന് കൃത്യമായ ദന്തസംരക്ഷണം അത്യന്താപേക്ഷിതമാണ്. മോണയിലെ പഴുപ്പും, ദന്തക്ഷയവും വായശുചിയായി സൂക്ഷിക്കാത്തതിന്‍റെ അനന്തരഫലമാണ്. ശരിയായ ബ്രഷ് ചെയ്യാത്തതു കൊണ്ടും ഇത് സംഭവിക്കാം. അതിനാല്‍ വായയുടെ ആരോഗ്യത്തിന് എപ്പോഴും പ്രാധാന്യം നല്‍കണം. രണ്ട് നേരവും പല്ല് തേക്കേണ്ടത് പ്രധാനമാണ്. ദന്താരോഗ്യം നിലനിര്‍ത്തുന്ന കാര്യത്തില്‍ ടൂത്ത് ബ്രഷിന് നിര്‍ണായക പങ്കാണുള്ളത്. എന്നാല്‍ ടൂത്ത് ബ്രഷ് ഇടയ്ക്കിടയ്ക്ക് മാറ്റണം എന്ന കാര്യം പലപ്പോഴും നമ്മള്‍ മറന്നുപോകാറുണ്ട്.
ഒരു ബ്രഷ് എത്രനാള്‍ ഉപയോഗിക്കാം? എപ്പോഴാണ് ടൂത്ത് ബ്രഷ് മാറ്റേണ്ടത്?
പലപ്പോഴും നാരുകള്‍ കൊഴിഞ്ഞുതുടങ്ങുമ്പോഴാണ് ബ്രഷ് മാറ്റുന്നതിനെ കുറിച്ച് നമ്മള്‍ ചിന്തിക്കുന്നത് പോലും. സാധാരണഗതിയില്‍ മൂന്ന് നാല് മാസങ്ങള്‍ കൂടുമ്പോള്‍ ബ്രഷ് മാറ്റണമെന്ന് ദന്താരോഗ്യ വിദഗ്‌ധര്‍ ശുപാര്‍ശ ചെയ്യുന്നു. ബ്രഷിന്റെ ബ്രിസില്‍സിന് (നാരുകള്‍ക്ക്) കേട് വന്നതായും കൊഴിയുന്നതായും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ മാറ്റണം . കേട് വന്ന ബ്രിസല്‍സ് പല്ലുകളുടെ ഇനാമല്‍ നശിപ്പിക്കുകയും മോണയ്‌ക്ക് ക്ഷതമേല്‍പ്പിക്കുകയും ചെയ്യും. അത് മോണയില്‍ നിന്ന് രക്തസ്രാവമുണ്ടാക്കുകയും പല്ലുപുളിപ്പുണ്ടാക്കുകയും ചെയ്യും.
കാലപ്പഴക്കം വരുന്നതിനനുസരിച്ച് ടൂത്ത് ബ്രഷിലെ ബ്രിസലുകള്‍ അകന്ന് പോകുകയോ പൊഴിഞ്ഞു പോകുകയോ ചെയ്യാം. ഇത് പല്ലുകളില്‍ നിന്ന് ഭക്ഷണാവശിഷ്ടങ്ങളും അഴുക്കും ശരിയായി നീക്കം ചെയ്യാനുള്ള ടൂത്ത്‌ബ്രഷിന്‍റെ ശേഷിയെ ബാധിക്കാം. പഴക്കം ചെയ്ത ബ്രഷിന്‍റെ ഉപയോഗം അണുബാധയ്ക്കും കാരണമാക്കും. അതിനാല്‍ ബ്രഷ് പഴകാന്‍ കാത്തു നില്‍ക്കാതെ മാറ്റുന്നതാണ് ഉചിതം. ദന്തരോഗങ്ങളെന്തെങ്കിലും ബാധിച്ചവരാണെങ്കില്‍ രോഗം ഭേദമായാലുടന്‍ ബ്രഷ്‍ മാറ്റണം.
ബ്രഷ് തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധവേണം. വ്യക്തിഗത താത്‌പര്യങ്ങള്‍, ആരോഗ്യം, ഉപയോഗത്തിന്റെ ആവൃത്തി, പ്രായം, എന്നിവയെല്ലാം ഈ തിരഞ്ഞെടുപ്പില്‍ പ്രധാനമാണ് . നാല് തരത്തില്‍ ടൂത്ത് ബ്രഷുകള്‍ നമ്മുടെ നാട്ടില്‍ ലഭ്യമാണ്. സോഫ്‌ട്, അള്‍ട്രാസോഫ്‌ട്, മീഡിയം, ഹാര്‍ഡ് എന്നിവയാണവ. പല്ലുകള്‍ക്ക് യാതൊരു പ്രശ്നവുമില്ലാത്തവര്‍ പ്രത്യേകിച്ച് നല്ല നിരയൊത്ത പല്ലുകളുളളവര്‍ സോഫ്‌ട്, അള്‍ട്രാസോഫ്‌ട് ബ്രഷുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. എന്നാല്‍ പല്ലില്‍ കറയടിഞ്ഞിട്ടുളളവരും നിരതെറ്റിയുളള പല്ലുകളുളളവരും മീഡിയം, ഹാര്‍ഡ് ബ്രിസലുകളുള്ള ബ്രഷ് ഉപയോഗിക്കുന്നതാകും ഉത്തമം. ഈക്കാര്യത്തില്‍ സംശയം ഉണ്ടെങ്കില്‍ ഒരു ദന്തഡോക്ടറുടെ സഹായം തേടാവുന്നതാണ്.
വായുടെ അകത്ത് വരെ ചെന്ന് വൃത്തയാക്കാന്‍ ഏറ്റവും നല്ലത് ഫ്ലെക്സിബിള്‍ ആയ ബ്രഷുകളാണ്. അത് പോലുളള പിടിക്കാന്‍ ഗ്രിപ്പ് ഉളള ബ്രഷ് തിരഞ്ഞെടുക്കാനും പ്രത്യേകം ശ്രദ്ധിക്കണം. നല്ല ബ്രഷ് തിരഞ്ഞെടുക്കുന്നതിനൊപ്പം തന്നെ ശരിയായ രീതിയില്‍ പല്ലുതേക്കുക എന്നതും പ്രധാനമാണ്. രാവിലെ എഴുനേറ്റ ഉടനെയും രാത്രി ഭക്ഷണശേഷവും പല്ലുതേക്കുന്നത് വായയുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.