ഇരിക്കുന്ന ഇരിപ്പില്‍ നിന്നൊന്നെണീറ്റ് കിട്ടിയാല്‍ സിംപിളായി ചെയ്യാവുന്ന ഏറ്റവും മികച്ച വ്യായാമമാണ് നടത്തം. ആ നടത്തം ദിവസവും ശീലമാക്കിയാലോ, വല്ലാതെ തടിയനങ്ങാതെ കൂടെപ്പോരും ശാരീരിക–മാനസിക ആരോഗ്യം. നടത്തം ശരീരത്തിന് ആകെ ഒരു ഉണര്‍വ് നല്‍കുമെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. ഹൃദയാരോഗ്യവും എല്ലുകളുടെ ആരോഗ്യവും മെച്ചപ്പെടുന്നതിനൊപ്പം ശരീരത്തിലടിഞ്ഞ് കൂടിയ കൊഴുപ്പ് നീങ്ങുകയും പേശികള്‍ കരുത്താര്‍ജിക്കുകയും ചെയ്യും. മാത്രമല്ല ടൈപ്പ് ടു പ്രമേഹത്തിനുള്ള സാധ്യതകളും അസ്ഥിക്ഷയവും ഒഴിവാക്കാനുമാകും. ഇതൊക്കെ ശരീരത്തിന് കിട്ടുന്ന ഗുണങ്ങളാണെങ്കിലും നടത്തം മാനസികാരോഗ്യത്തിനും ഒരു ബോണസാണ്. 

ഉഷാറാകും ഹൃദയം: പതിവ് നടത്തം ഹൃദയാരോഗ്യത്തിന് ഉണര്‍വ് നല്‍കുന്ന ഒന്നാണ്. ഹൃദയമിടിപ്പും ഹൃദയത്തിലേക്കുള്ള രക്തചംക്രമണവും സന്തുലിതമാകാനും നടത്തം സഹായിക്കും. മാത്രമല്ല, ഹൃദയത്തിന്‍റെ കരുത്ത് വര്‍ധിക്കും. ഇതോടെ ഹൃദ്രോഗത്തിനുള്ള സാധ്യതകള്‍ കുറയുമെന്നും വിദഗ്ധര്‍ പറയുന്നു

'മസില് പിടിത്തം' കുറയും: നടക്കുമ്പോള്‍ കാലുകള്‍ക്ക് മികച്ച വ്യായാമമാണ് ലഭിക്കുന്നത്. പ്രത്യേകിച്ചും കാലിലെ മസിലുകള്‍ക്കും കോര്‍ മസിലുകള്‍ക്കും (അരക്കെട്ട്, പിന്‍ഭാഗം, അടിവയര്‍). സ്ഥിരം നടത്തം ആരംഭിക്കുന്നതോടെ ദൈനംദിന കാര്യങ്ങള്‍ ഉഷാറാകും.

ഭാരം കുറയും സിംപിളായി : നടക്കുമ്പോള്‍ ശരീരത്തിലെ കാലറികളെ കത്തിച്ച് കളയുകയാണ് നമ്മള്‍ ചെയ്യുന്നത്. നടത്തം പതിവാക്കുന്നതോടെ ശരീരഭാരം നിയന്ത്രിക്കുക എളുപ്പമാകും. ജീവിത രീതി തന്നെ മാറുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

സന്ധിവേദന പമ്പകടക്കും: നടക്കുമ്പോള്‍ ശരീരം ഒന്നയയും. ആയാസ രഹിതമാവുന്നതോടെ ശരീരത്തിലെ സന്ധികള്‍ക്ക് ഒരാശ്വാസം ലഭിക്കും. ഇത് വാതം, മറ്റ് സന്ധികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറയ്ക്കുകയും ദൈനംദിന പ്രവര്‍ത്തികള്‍ എളുപ്പമാക്കുകയും ചെയ്യും. 

ബോള്‍ഡാകും ബോണ്‍സ്! നടക്കുമ്പോള്‍ ശരീരത്തിലെ അസ്ഥികളൊക്കെ അത്യാവശ്യം നന്നായി പണിയെടുക്കാന്‍ തുടങ്ങും. ഇതോടെ അലസന്‍മാരായിരുന്ന കുഞ്ഞന്‍ എല്ലുകള്‍ മുതല്‍ കൈകാലുകളിലെ എല്ലുകള്‍ വര്‍ക്ക് മോഡിലേക്ക് മാറും. ഇതോടെ അസ്ഥിക്ഷയത്തിനുള്ള സാധ്യതകള്‍ കുറയും. 

മനസിനും കിട്ടും ചില ഗുണങ്ങള്‍

ഉത്കണ്ഠയും സമ്മര്‍ദവും കുറയും: ജോലി ആയാലും വീടായാലും സമ്മര്‍ദമേറെയാണ്. ഇതിനിടയില്‍ നടക്കാന്‍ ഒരല്‍പം സമയം മാറ്റിവച്ചാലോ. ശാന്തമായ സ്ഥലത്ത് കൂടെയുള്ള പതിവ് നടത്തം ശരീരത്തിലെ കോര്‍ട്ടിസോളിന്‍റെ അളവ് കുറയ്ക്കും. ഇതോടെ സമ്മര്‍ദങ്ങളും ഉത്കണ്ഠയും അലിഞ്ഞ് ഇല്ലാതെയാകും. ഒരു ശാന്തത എല്ലാത്തിലും വന്നു ചേരുന്നത് അനുഭവിച്ചറിയാന്‍ കഴിയും

മൂഡ് മാറും : നടക്കുമ്പോള്‍ ശരീരത്തില്‍ നിന്നും എന്‍ഡോര്‍ഫിനുകള്‍ പുറത്തേക്ക് വരും. പ്രകൃതിദത്തമായ വേദനാസംഹാരി കൂടിയാണ് എന്‍ഡോര്‍ഫിന്‍. പ്രകൃതിരമണീയമായ സ്ഥലങ്ങളിലൂടെ ചെറുനടത്തം കഴിയുമ്പോള്‍ നിരാശയും വിഷാദവുമകന്ന് സന്തോഷത്തിന്‍റെ കാറ്റ് വീശുന്നതായൊക്കെ തോന്നുന്നത് ഈ എന്‍ഡോര്‍ഫിനുകളുടെ പ്രവര്‍ത്തനഫലമായാണ്.

തലയില്‍ വരും പുത്തന്‍ ഐഡിയ! നടത്തം വെറും നടത്തം മാത്രമല്ല. നടക്കുമ്പോള്‍ ചിന്തിക്കാനുള്ള ശേഷി വര്‍ധിക്കുന്നതിനൊപ്പം ഓര്‍മശക്തിയും കൂടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നടത്തം ശീലമാക്കുന്നതോടെ തലയില്‍ പുത്തന്‍ 'ആശയങ്ങള്‍' മിന്നാന്‍ തുടങ്ങുമെന്ന് സാരം. 

ഹാപ്പി പില്‍ : എല്ലാത്തിലും ഒരു നിറവ് അനുഭവിക്കാന്‍ സ്ഥിരമായി നടക്കുന്നവര്‍ക്ക് സാധിക്കാറുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇല്ലായ്മകളെ കുറിച്ച് ആകുലപ്പെടാതെ സമാധാനത്തോടും വ്യക്തതയോടും കൂടെ കാര്യങ്ങളെ വിലയിരുത്താനും മുന്നോട്ട് പോകാനും നടത്തം സഹായിക്കും.

സുഖമായി ഉറങ്ങാം: പതിവായി നടക്കുന്നവരില്‍ ഉറക്കവും സുഖകരമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഉറക്കത്തിന്‍റെ നിലവാരം മെച്ചപ്പെടുന്നത് വ്യക്തിയുടെ ശാരീരിക മാനസിക ആരോഗ്യത്തെ സഹായിക്കുമെന്നും ഗവേഷണങ്ങളും  പറയുന്നു. 

ഒരു ദിവസം അരമണിക്കൂര്‍ നിര്‍ബന്ധമായി നടക്കണമെന്നൊന്നും തുടക്കത്തിലേ തീരുമാനിക്കേണ്ടതിലെന്നാണ് മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നത്. ചെറുതായി നടക്കാന്‍ തുടങ്ങുക. ക്രമേണെ നടത്തത്തിന്‍റെ സമയം വര്‍ധിപ്പിക്കുന്നതാണ് ദീര്‍ഘകാലത്തേക്കുള്ള 'നല്ല നടപ്പിന്' നല്ലതെന്നും അവര്‍ നിര്‍ദേശിക്കുന്നു. പാര്‍ക്കിലേക്കോ, പച്ചപ്പും ഹരിതാഭയും നിറഞ്ഞ സ്ഥലങ്ങളിലേക്കോ നടത്തം മാറ്റുന്നതും പുതിയ ഉന്‍മേഷം നല്‍കും. ഒറ്റയ്ക്ക് നടക്കാന്‍ മടിയാണെങ്കില്‍ വീട്ടിലെ ആരെയെങ്കിലുമോ അല്ലെങ്കില്‍ സുഹൃത്തിനെയോ ഒപ്പം കൂട്ടാം. ഇത് നടക്കാന്‍ ഒരു പ്രേരകശക്തിയാവുകയും  ഒപ്പം വ്യക്തിബന്ധം ദൃഢമാകാനും സഹായിക്കും. ഇത്രയും ഗുണങ്ങളുള്ള സ്ഥിതിക്ക് നടന്ന് തുടങ്ങുകയല്ലേ.. 

ENGLISH SUMMARY:

Regular walking is an effective way to boost both physical and mental well-being, enhancing your overall health and happiness. Here's some tips.