OLY-TURKS-DIET-CALORIES/

കാലം മാറിയതിനൊപ്പം ജീവിതശൈലിയും ഭക്ഷണരീതികളും ഫിറ്റ്നസ് മന്ത്രവും മാറി. നിലവില്‍ ഏറ്റവും ജനപ്രിയമായ ഭക്ഷണ നിയന്ത്രണ രീതിയാണ് ഇന്‍ര്‍മിറ്റന്‍റ് ഫാസ്റ്റിങ്. ഭക്ഷണം കഴിക്കുന്നതിന്‍റെ ഇടവേളകള്‍ വര്‍ധിപ്പിക്കുന്നതാണ് പ്രധാനമായും ചെയ്തുവരുന്നത്.  ഇടവേളകള്‍ വര്‍ധിക്കുന്നതോടെ ശരീരം സംഭരിച്ച് വച്ചിരിക്കുന്ന കൊഴുപ്പ് ഊര്‍ജമാക്കി പ്രവര്‍ത്തിക്കാന്‍ തുടങ്ങും. ഇത് ഭാരം കുറയുന്നതിന് ഇടയാകും. ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങ് ശീലമാക്കുന്നതോടെ ഇന്‍സുലിന്‍റെ അളവ് ക്രമീകരിക്കപ്പെടും. മാത്രമല്ല വളര്‍ച്ചാ ഹോര്‍മോണ്‍ ത്വരിതപ്പെടുകയും കോശങ്ങള്‍ കുറച്ച്കൂടി പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യും. 

nutritious-food

ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങ് പലവിധം

  •  16/8 രീതി: 16 മണിക്കൂര്‍ ഭക്ഷണം കഴിക്കാതിരിക്കുകയും എട്ട് മണിക്കൂറിനിടയില്‍ ഭക്ഷണം കഴിക്കുകയും ചെയ്യുന്ന രീതിയാണിത്.
  • 5:2 : ഈ രീതി അവലംബിക്കുന്നവര്‍ പതിവായി കഴിക്കുന്നത് പോലെ ആഴ്ചയില്‍ അഞ്ച് ദിവസം ഭക്ഷണം കഴിക്കുകയും രണ്ട് ദിവസം അടുപ്പിച്ച് 500–600 കാലറി ഭക്ഷണം മാത്രം കഴിക്കുകയും ചെയ്തുവരുന്നു.
  • ഈറ്റ് സ്റ്റോപ് ഈറ്റ്: ആഴ്ചയില്‍ ഒരു ദിവസമോ രണ്ട് ദിവസമോ 24 മണിക്കൂറും ഭക്ഷണം കഴിക്കാതെയിരിക്കുകയാണ് ഈ രീതി.
  •  ഓള്‍ട്ടര്‍നേറ്റിവ് ഡേ ഫാസ്റ്റിങ്: ഒന്നിടവിട്ട ദിവസങ്ങളില്‍ ഭക്ഷണം കഴിക്കുന്നതാണ് ഈ രീതി.
  •  സൈനിക രീതി: പകല്‍ സമയത്ത് പഴങ്ങളും പച്ചക്കറികളും പാകം ചെയ്യാതെ അതുപോലെ തന്നെ കഴിക്കുകയും രാത്രി ഒരു നേരം മാത്രം വയറു നിറയെ കഴിക്കുകയുമാണ് ഈ രീതിയില്‍ പിന്തുടരുന്നത്. 

ഭക്ഷണം ഒഴിവാക്കുന്ന സമയങ്ങളില്‍ വെള്ളമോ, ചായയോ, കാപ്പിയോ കുടിക്കുന്നതിന് തടസമില്ല. മധുരമോ പാലോ ചേര്‍ക്കരുതെന്ന് മാത്രം. ശരീരത്തിലെ ദഹനവ്യവസ്ഥയ്ക്ക് അല്‍പം വിശ്രമം നല്‍കുകയാണ് ഇതില്‍ ചെയ്തുവരുന്നത്. ഇങ്ങനെ വിശ്രമം ലഭിക്കുന്നതോടെ ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് ശരീരം ഉപയോഗിക്കാന്‍ തുടങ്ങുകയും തല്‍ഫലമായി ഭാരം കുറയുകയുമാണ് ചെയ്യുന്നത്. 

salad-pork

ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങ് ഒഴിവാക്കേണ്ടതാരൊക്കെ?

ഗര്‍ഭിണികളും, മുലയൂട്ടുന്ന അമ്മമാരും: ഗര്‍ഭാവസ്ഥയില്‍ ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങെടുക്കുന്നത് കുട്ടിയുടെ വളര്‍ച്ചയെ ബാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുഞ്ഞിന്‍റെ വളര്‍ച്ചയ്ക്കും പാലുല്‍പ്പാദനത്തിനും കൃത്യമായ അളവില്‍ ശരീരത്തിലേക്ക് പോഷകം എത്തേണ്ടതുണ്ട്. ഉപവാസം അനുഷ്ഠിക്കുന്നതോടെ പോഷകാഹാരങ്ങള്‍ ശരീരത്തിലേക്ക് എത്താതെ വരും. ഇത് പാലുല്‍പാദനത്തെ ബാധിക്കും. അതിലുമുപരിയായി ക്ഷീണവും തളര്‍ച്ചയും ഉണ്ടാക്കുമെന്നും വിദഗ്ധര്‍ പറയുന്നു. 

Mobile

ഭക്ഷണരീതി കൃത്യമല്ലാത്തവര്‍ : വിശപ്പില്ലായ്മയുള്ളവരും മാനസികമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഭക്ഷണത്തോട് അമിതമായ ആസക്തിയുള്ളവരും ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങ് ഒഴിവാക്കണമെന്നാണ് ന്യൂട്രീഷനിസ്റ്റുകള്‍  പറയുന്നത്. അനാരോഗ്യകരമായി ഭക്ഷണം കഴിക്കുന്ന പ്രവണതയുണ്ടാകാന്‍ കാരണമാകുമെന്നതിനാലാണിത്. ഇത്തരം അവസ്ഥകളിലുള്ളവര്‍ ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങ് എടുത്താല്‍ മൂഡ് സ്വിങ്സ് ഉണ്ടായേക്കാമെന്നും ഇത് നിലവിലെ അവസ്ഥ വഷളാക്കിയേക്കാമെന്നും ഡോക്ടര്‍മാരും പറയുന്നു. 

പ്രമേഹ രോഗികള്‍: ശരീരത്തിലെ ഇന്‍സുലിന്‍റെ അളവ് ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങ് എടുക്കുമ്പോള്‍ സ്വാഭാവികമായും കുറയും. പ്രമേഹ രോഗിയായ ഒരാള്‍ ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങ് സ്വീകരിക്കുന്നതോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരുകയും ഇത് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. പ്രമേഹരോഗികള്‍ ഇന്‍സുലിന്‍ എടുക്കുമ്പോള്‍ ക്ഷീണവും തളര്‍ച്ചയും ഉണ്ടാകാമെന്നും ചിലപ്പോള്‍ ബോധക്ഷയം വരെ സംഭവിക്കാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പ്രമേഹരോഗികള്‍ നിര്‍ബന്ധമായും ഡോക്ടറെ കണ്ട ശേഷം മാത്രമേ ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങ് ആരംഭിക്കാവൂ. 

ലോ ബിപിയുള്ളവര്‍: രക്തസമ്മര്‍ദം കുറവുള്ളവര്‍ ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങ് എടുക്കരുതെന്നാണ് വിദഗ്ധാഭിപ്രായം. കടുത്ത ക്ഷീണത്തിനും ബോധക്ഷയത്തിനും കാരണമായേക്കും. ശരീരത്തിലേക്ക് ആവശ്യമായ പോഷകം എത്താതിരിക്കുമ്പോള്‍ രക്തസമ്മര്‍ദവും താഴുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഭാരക്കുറവും പോഷകാഹാരക്കുറവുമുള്ളവര്‍: ഭാരക്കുറവുള്ളവരും മതിയായ പോഷകാഹാരം ലഭിക്കാത്തവരും ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങ് എടുക്കുന്നത് ആരോഗ്യനില കൂടുതല്‍ വഷളാക്കും. 

athletes-food

അത്​ലീറ്റുകള്‍/ കഠിനാധ്വാനം ചെയ്യുന്നവര്‍: അത്​ലീറ്റുകളും ശാരീരിക ക്ഷമത ആവശ്യമായ പരിശീലനങ്ങളില്‍ ഏര്‍പ്പിട്ടിരിക്കുന്നവരും ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങ് എടുക്കേണ്ടതില്ല. ഇത്തരത്തിലെ ഭക്ഷണക്രമീകരണം സ്വീകരിച്ചാല്‍ അത് ക്ഷീണത്തിനും പരുക്കിനും പ്രവര്‍ത്തനക്ഷമത കുറയുന്നതിനുമിടയാക്കും. 

കടുത്ത മാനസിക സമ്മര്‍ദവും ഉറക്കക്കുറവും ഉള്ളവര്‍: ആവശ്യത്തിന് ഉറക്കം ശരീരത്തിന്‍റെ സാധാരണഗതിയിലുള്ള പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണ്. തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും, വൈകാരിക സന്തുലിതാവസ്ഥയ്ക്കും, മസിലുകളുടെ വിശ്രമത്തിനുമെല്ലാം ഉറക്കം കൂടിയേ തീരൂ. ഉറക്കമില്ലായ്മ വ്യക്തികളുടെ ചിന്താശേഷിയെയും, പ്രകടന മികവിനെയും ഉല്‍പാദനക്ഷമതയെയും ദോഷകരമായി ബാധിക്കാറുണ്ടെന്ന് ന്യൂറോ സൈക്കോ ഫാര്‍മസിയുടെ പഠനങ്ങളിലും പറയുന്നു. ഉറക്കക്കുറവുള്ളവരും അമിതമായി മാനസിക സമ്മര്‍ദമുള്ളവരും ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങ് എടുക്കുന്നതോടെ ശരീരത്തിലെ കോര്‍ട്ടിസോളിന്‍റെ അളവ് വര്‍ധിക്കും. ഇത് അമിതമായ ഉത്കണ്ഠയ്ക്ക് കാരണമാവുകയും ഉറക്കം പാടെ നഷ്ടപ്പെടാനും കാരണമാകുന്നു. 

ഭാരം കുറയ്ക്കാനും ക്രമീകരിക്കാനും ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങ് ഫലപ്രദമാണെങ്കിലും ഇത് എല്ലാവര്‍ക്കും പ്രായോഗികമല്ല.  ഈ ക്രമം പിന്തുടരുന്നതിന് മുമ്പായി ഡയറ്റീഷ്യന്‍റെ സേവനം തേടേണ്ടതാണ്. 

ENGLISH SUMMARY:

Intermittent fasting (IF) is a dietary pattern in which a person alternates between periods of eating and fasting. Although it can be very effective for maintaining weight in the long term, it is not suitable for everyone.