കേരളത്തില്‍ ഒരു പഞ്ചായത്തിന് കീഴില്‍ വനിതാ ജിനേഷ്യം ആദ്യമായി തുടങ്ങുന്നത് കണ്ണൂര്‍ കതിരൂരിലാണ്. വനിതകളുടെ ആരോഗ്യം ലക്ഷ്യമിട്ട് തുടങ്ങിയ ജിം, തുടങ്ങി രണ്ട് വര്‍ഷം പിന്നിടുമ്പോഴും നല്ല തിരക്കാണ്.
പുരുഷകേസരികള്‍ക്ക് മാത്രമല്ല, വനിതാരത്നങ്ങള്‍ക്കും വേണം നല്ല ആരോഗ്യം.. മികച്ച ആശയം കതിരൂര്‍ പഞ്ചായത്ത് നടപ്പാക്കിയപ്പോള്‍ അത് കേരളത്തിലെ തന്നെ ആദ്യത്തെ വനിതാ ജിമ്മെന്ന ഖ്യാദിയിലെത്തി. 2022 ആഗസ്റ്റില്‍ തുടങ്ങിയ ജിമ്മില്‍ ഇന്നുമെത്തുന്നു നിരവധി പേര്‍, പ്രായഭേദമില്ലാതെ. സ്ഥിരമായെത്തുന്നത് എണ്‍പതിലധികം വനിതകളാണ്.
അത്യാധുനിക ഉപകരണങ്ങളാണ് 'ബി സ്ട്രോങ്' എന്ന ഫിറ്റ്നസ് സെന്‍ററില്‍ ഒരുക്കിയിരിക്കുന്നത്,. എട്ട് ലക്ഷം രൂപ മുടക്കിയാണ് പഞ്ചായത്ത് ഉപകരണങ്ങള്‍ വാങ്ങിയത്. കെട്ടിടം റവന്യൂവകുപ്പിന്‍റേത്. അവധിക്കാലത്ത് സ്കൂള്‍ കുട്ടികള്‍ക്കായി പ്രത്യേക ഓഫറുകള്‍ വരെ ഒരുക്കിയാണ് വനിതാ ഫിറ്റ്നസ് സെന്‍ററിന്‍റെ മുന്നേറ്റം.
മറ്റു പല പഞ്ചായത്തുകളിലും വനിതാ ഫിറ്റ്നസ് സെന്‍ററുകള്‍ ഇപ്പോഴുണ്ടെങ്കിലും തുടക്കമിട്ടതിന്‍റെ നേട്ടം എന്നും കതിരൂരിന് ഒരു അഭിമാനം തന്നെ