Image Credit: https://www.instagram.com/emilia_clarke/

TOPICS COVERED

ഗെയിം ഓഫ്‌ ത്രോണ്‍സ്‌ എന്ന ഇംഗ്ലീഷ് സീരീസിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ താരമാണ് എമിലിയ ക്ലാര്‍ക്ക്‌. സീരീസ് കണ്ടവരാരും തന്നെ എമിലിയയുടെ ഡനേരിയസ്‌ ടാര്‍ഗേറിയന്‍ എന്ന കഥാപാത്രത്തെ മടക്കാനിടയില്ല. ഖലീസിയും ഡ്രാഗണ്‍ ക്വീനുമൊക്കെയായി നിറഞ്ഞാടുന്നതിനിടയില്‍ രണ്ട് അന്യൂറിസങ്ങളെയാണ് എമിലിയ അതിജീവിച്ചത്. മരണത്തിന്‍റെ വക്കത്തുനിന്നും ജീവിതം തിരികെ പിടിച്ചതിനെക്കുറിച്ച് എമിലിയ തന്നെയാണ് ഒരഭിമുഖത്തില്‍ തുറന്നുപറഞ്ഞത്. രോഗം  തലച്ചോറിന്‍റെ പ്രവര്‍ത്തനം ഭാഗികമായി നിശ്ചലമാക്കിയ സമയമാണ് എമിലിയ ഗെയിം ഓഫ്‌ ത്രോണ്‍സിലെ അഭിനയം പൂര്‍ത്തിയാക്കിയത്.

അന്യൂറിസത്തെക്കുറിച്ച് അറിയാം

ജീവിതത്തിൽ ഇന്നുവരെ വന്നിട്ടില്ലാത്ത വിധം അതികഠിനമായ തലവേദനയുണ്ടായിട്ടുണ്ടെങ്കിൽ സംശയിക്കാവുന്ന രോഗമാണ് അന്യൂറിസം. തലച്ചോറിലെ രക്തധമനിയുടെ ഭിത്തിയുടെ ഒരു ഭാഗം ദുര്‍ബലമായി പുറത്തേക്ക്‌ തള്ളുന്നതാണ് അന്യൂറിസം എന്ന രോഗാവസ്ഥയിലേക്ക് നയിക്കുന്നത്. ചികില്‍സിക്കാതെയിരുന്നാല്‍ രക്തധമനി പൊട്ടി ആന്തരിക രക്തസ്രാവത്തിലേക്ക്‌ നയിക്കാം. ജീവന്‍ തന്നെ അപകടപ്പെടുത്താവുന്ന ഒരവസ്ഥയാണിത്. തലച്ചോറിലെ രക്തധമനിക്കുളളില്‍ കുമിളികള്‍ രൂപപ്പെടുന്നതും അന്യൂറിസത്തിലേക്ക് നയിക്കും. സാധാരണഗതിയില്‍ ഈ കുമിളകള്‍ വേദനയുണ്ടാക്കാറില്ലെങ്കിലും അവ പൊട്ടിയാല്‍ അസഹ്യമായ തലവേദന അനുഭവപ്പെട്ടേക്കാം. 

2011ലാണ് എമിലിയയ്ക്ക് ആദ്യമായി അന്യൂറിസം ഉണ്ടായത്. വ്യായാമം ചെയ്യുന്നതിനിടയില്‍ എമിലിയ തലകറങ്ങി വീഴുകയായിരുന്നു. ബോധം ലഭിച്ചയുടെനെ അതികഠിനമായ തലവേദനയും എമിലിയയ്ക്ക് അനുഭവപ്പെട്ടു. ഉടനടി ആശുപത്രിയിലെത്തിച്ചതിനാലാണ് എമിലിയയുടെ ജീവന്‍ തിരിച്ചുപിടിക്കാനായത്. അന്യൂറിസം മൂലമുണ്ടാകുന്ന സബ്‌ അരക്‌നോയ്‌ഡ്‌ ഹെമറേജാണ്‌ എമിലിയയെ ബാധിച്ചിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. തലച്ചോറിനും അതിനെ ചുറ്റിയുള്ള ആവരണത്തിനും ഇടയില്‍ രക്തം തളം കെട്ടി നില്‍ക്കുന്ന അവസ്ഥയാണ് സബ്‌ അരക്‌നോയ്‌ഡ്‌ ഹെമറേജ്. തുടര്‍ന്ന് എമിലിയയ്ക്ക് തലച്ചോറില്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും സംസാരശേഷി നഷ്ടമാകുന്ന അഫേസിയ എന്ന അവസ്ഥയും   നേരിടേണ്ടിവന്നു. 

ഈ അവസ്ഥയെയെല്ലാം അതിജീവിച്ചാണ് എമിലിയ ഗെയിം ഓഫ് ത്രോണ്‍സില്‍ ഗംഭീര അഭിനയം കാഴ്ച്ചവെച്ചത്. എന്നാല്‍ പിന്നീടും അന്യൂറിസം എമിലിയയെ വേട്ടയാടി. 2013 ല്‍ ന്യൂയോര്‍ക്കില്‍ ഒരു നാടകം അവതരിപ്പിക്കുമ്പോഴാണ്‌ എമിലിയക്ക്‌ വീണ്ടും അന്യൂറിസം ഉണ്ടായത്‌. തലയോട്ടി തുറന്നുളള സങ്കീര്‍ണമായ ശസ്ത്രക്രിയയ്ക്കാണ് അന്ന് എമിലിയ വിധേയയായത്. എന്നാലിപ്പോള്‍ എമിലിയ അന്യൂറിസത്തില്‍ നിന്ന് 100 ശതമാനം മുക്തി നേടിയിരിക്കുകയാണ്. തലയ്‌ക്ക്‌ പരുക്കും പക്ഷാഘാതവുമൊക്കെ വരുന്ന വ്യക്തികളെ ജീവിതത്തിലേക്ക്‌ തിരികെ കൊണ്ടുവരാന്‍ ഒരു ചാരിറ്റി സ്ഥാപനത്തിനും എമിലിയ തുടക്കം കുറിച്ചു. 

ENGLISH SUMMARY:

Emilia Clarke Opens Up About Her Aneurysms And Brain Surgeries