നടി ഹണി റോസിനെ അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തിയ രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതിന് പിന്നാലെ ഫെയ്സ്ബുക്കിൽ വീഡിയോ സ്റ്റോറിയുമായി രം​ഗത്ത്. ഹണി റോസിനെതിരെ ഓർ​ഗനൈസ്​ഡ് ക്രൈം നടന്നുവെന്ന് പറയുന്നത് വെറുതേയാണെന്നും  ഇന്ത്യയുടെ നിയമസംവിധാനത്തിലും ഹൈക്കോടതിയിലും വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

'കൈയ്യിൽ മാത്രമല്ല, മനസിലും ​ഗാന്ധിയെ പച്ചകുത്തിയവനാണ് ഞാൻ. അതുകൊണ്ടുതന്നെ ധർമ്മവും സംസ്കാരവും എന്ന് നമ്മൾ വിശ്വസിക്കുന്ന കാര്യത്തിന് വേണ്ടി ജയിലിൽ പോകാനും എനിക്ക് മടിയില്ല. ഹണി റോസിനെതിരായ വിമർശനം പോസിറ്റീവായിരിക്കും. അവരെ വളഞ്ഞുകെട്ടി വിമർശിക്കില്ല..  

ഇന്നലെ എന്റെ മകന്റെ ബെർത്ത് ഡേ ആയിരുന്നു. മകന്റെ കൂട്ടുകാരൊക്കെ വീട്ടിൽ വന്നിരുന്നു. അവരുടെ മുന്നിൽ വെച്ച് അറസ്റ്റ് അടക്കമുള്ള നീക്കങ്ങൾ ഉണ്ടാവാം എന്നതുകൊണ്ട് ഇന്നലെ തന്നെ നിയമപരമായി ഞാൻ നീങ്ങിയിരുന്നു. ഇന്ത്യയിൽ പ്രധാനമന്ത്രി മോദിയെയും, മുഖ്യമന്ത്രി പിണറായിയെയും, രാഷ്ട്രപതിയെയും, സോണിയാ ​ഗാന്ധിയെയുമെല്ലാം വിമർശിക്കാം.. ഹണി റോസിനെ മാത്രം വിമർശിക്കരുതെന്ന് പറയുന്നതിൽ അർത്ഥമില്ല. 

കേസിനെ അതിശക്തമായി നേരിടും, പുരുഷന്മാരെ ചെറിയ കാര്യത്തിന് കേസിൽ കുടുക്കി അപമാനിക്കാനുള്ള നിലപാടുകളെ ശക്തമായി നേരിടും.  ഹണി റോസ് അത് ഉറപ്പിച്ചോളൂ.. ഹണി റോസും ഞാനും ബോച്ചേയുമൊക്കെ പൊതുമണ്ഡലത്തിൽ നിൽക്കുന്നവരാണ്. മുഖ്യമന്ത്രി നേരിട്ട് ഫോൺ വിളിക്കുന്നയാളാണ് ഹണി റോസ്. കേരളത്തിലെ 99 ശതമാനം മാധ്യമങ്ങളും, പൊലീസുകാരും പിന്തുണക്കുമ്പോളും തനിക്ക് ഏകാന്തതയാണെന്നെന്നും അവർ പറയരുത്. 

ജീവിതത്തിൽ ഇന്നുവരെ ഹണിയെ പരിചയപ്പെട്ടിട്ടില്ല, വ്യക്തിവിരോധവുമില്ല. ലൈം​ഗിക ചുവയോടെ സംസാരിക്കരുതെന്ന ഹണിയുടെ നിലപാടിനോട് എനിക്ക് യോജിപ്പാണ്'. എന്നാൽ ഹണിയുടെ ഡ്രെസിങ്ങിൽ സോഷ്യൽ ഓഡിറ്റ് വേണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി. 

ENGLISH SUMMARY:

Rahul Easwar facebook post about honey rose