ജിമ്മിൽ പോകുന്നത് ജീവനും ആരോഗ്യത്തിനും ആപത്തോ? സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ ചർച്ചയാകുന്ന വിഷയമാണിത്. ജിമ്മിൽ വ്യായാമത്തിനിടെയുണ്ടായ മരണങ്ങൾ വാർത്തയാകുമ്പോൾ ചർച്ചകൾക്ക് ചൂടേറും. ശരിക്കും ആശങ്കയുള്ളവരും ജിമ്മിൽ പോകാൻ മടിയുള്ളവരും വാക്‌സീൻ വിരുദ്ധരുമെല്ലാം ഒത്തുചേരുമ്പോൾ വൈദ്യശാസ്ത്രം ഇന്നേവരെ കേട്ടിട്ടില്ലാത്ത തിയറികൾ പിറക്കും.
വില്ലനാണോ വ്യായാമം?: ട്രെഡ് മില്ലിൽ നടക്കുമ്പോൾ/ഓടുമ്പോൾ കുഴഞ്ഞു വീണു മരിച്ചു എന്ന വാർത്തകളാണ് പൊതുവെ കാണാറുള്ളത്. എന്താണ് ഇതിന് കാരണം? സഡൻ കാർഡിയാക് ഡെത്ത് ആണ് പലപ്പോഴും വില്ലനായി വരാറുള്ളത്. എന്നാൽ ഇത് ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിന്റെ ഫലമല്ല, മറിച്ച് ഹൃദയത്തിന് പ്രശ്നം ഉള്ളവർ അത് തിരിച്ചറിയാതെ ഹെവി വർക്കൗട്ടുകൾ ചെയ്യുമ്പോൾ സംഭവിക്കുന്നതാണ്.
സ്വന്തം ശരീരത്തെ അറിയാം: അനങ്ങാതെ ഇരിക്കുന്ന ആളുകൾ പെട്ടെന്ന് വ്യായാമം ചെയ്യുമ്പോൾ സഡൻ കാർഡിയാക് അറസ്റ്റിനുള്ള സാധ്യത സ്ഥിരമായി ചെയ്യുന്നവരെ അപേക്ഷിച്ചു 54 മടങ്ങാണെന്ന് കൊച്ചി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ കൺസൽറ്റന്റ് ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റ് ഡോ. നിജിൽ ക്ലീറ്റസ് പറയുന്നു. അതുകൊണ്ട് റഗുലർ ആയി ചെയ്യുന്ന വ്യായാമം രോഗസാധ്യത ഏതാണ്ട് ഇല്ലാതാക്കും. ജിമ്മിൽ പോകുന്നതിന് മുൻപും വർക്കൗട്ട് ആരംഭിക്കുന്നതിന് മുൻപും ചെയ്യേണ്ട പ്രധാനകാര്യം സ്വന്തം ശരീരത്തെ അറിയുക എന്നതാണ്. ശരീരത്തിന്റെ ശക്തിയും ദൗർബല്യവും ഏറ്റവും അറിയാവുന്നത് അവനവനു തന്നെയാണല്ലോ.
ചെയ്യാം ചില ടെസ്റ്റുകൾ: ജിമ്മിൽ പോകുന്നതിന് മുൻപ് സ്വന്തം ആരോഗ്യസ്ഥിതിയെക്കുറിച്ച് ബോധം ഉണ്ടാവുന്നത് എന്തുകൊണ്ടും നല്ലതാണ്. പാരമ്പര്യമായി ഹൃദ്രോഗ സാധ്യതയുള്ളവരും ജീവിതശൈലീ രോഗങ്ങളുള്ളവരും 40 വയസ് പിന്നിട്ടവരും പ്രാഥമിക പരിശോധനകൾ നടത്തണം. ഇസിജി, എക്കോ കാർഡിയോഗ്രാം, ട്രെഡ്മിൽ ടെസ്റ്റ് എന്നിവ ചെയ്തിട്ടു വേണം ജിമ്മിന്റെ പടി കടക്കാൻ. പാരമ്പര്യമായി ഹൃദ്രോഗസാധ്യതയുള്ളരാണെങ്കിൽ ഏത് പ്രായത്തിലും ടെസ്റ്റുകൾ നടത്തേണ്ടതാണ്.
ജിമ്മിൽ എത്തിയാൽ: ജിമ്മിൽ ചെന്നയുടനെ എല്ലാ വർക്കൗട്ടുകളും ചെയ്ത് ശരീരം സെറ്റാക്കാം എന്നത് തെറ്റായ ധാരണയാണ്. അതിന് ചിലപ്പോൾ വലിയ വില കൊടുക്കേണ്ടി വരും. ജിമ്മിലെത്തിയാൽ ഒരാൾക്ക് പറ്റുന്ന ഭാരം മാത്രമേ എടുക്കാവൂ എന്ന് സർട്ടിഫൈഡ് ഫിറ്റ്നസ് കോച്ചായ ആഖിൽ ഫൈസൽ പറയുന്നു. പതിയെ പതിയെ വർക്കൗട്ടുകളുടെ കാഠിന്യം വർധിപ്പിക്കാം. സ്വഭാവികമായി മസിൽ രൂപപ്പെടുന്നതിന് പരിധിയുണ്ട്. അതിനപ്പുറം പരിശ്രമിക്കുന്നത് ശരീരത്തിന് ദോഷമാണെന്ന് അദ്ദേഹം പറയുന്നു. ശരീരത്തെ വല്ലാതെ പണിയെടുപ്പിച്ച് പണി വാങ്ങരുതെന്ന് ചുരുക്കം. വർക്ക് ഔട്ടിന് മുൻപ് വാംഅപ് നിർബന്ധമാണ്. ശരീരം തരുന്ന ചെറിയ സൂചനകള്‍ പോലും അവഗണിക്കാതിരിക്കുക.
എന്തെല്ലാം കഴിക്കണം: ജിമ്മിൽ പോകുന്നതിനാൽ എന്തും കഴിക്കാം എന്നത് തെറ്റായ ധാരണയാണ്. പോഷകസമൃദ്ധമായ ഭക്ഷണവും ധാരാളം വെള്ളവും ഉറപ്പാക്കണം. ഭക്ഷണത്തില്‍ പ്രോട്ടീൻ ഉറപ്പാക്കണം. മുട്ട, ചിക്കൻ ബ്രെസ്റ്റ്, പയർ വർഗങ്ങൾ, സോയ ചങ്ക്‌സ് തുടങ്ങിയവയില്‍ പ്രോട്ടീന്‍ ധാരാളമുണ്ട്. കാലറി അളന്ന് കഴിക്കുന്നതും ശീലമാക്കുക. പെട്ടെന്നുള്ള മസിൽ വളർച്ചക്ക് സ്റ്റിറോയിഡുകൾ ഉപയോഗിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കൃത്യമായ വിശ്രമവും ഉറക്കവും ജീവിതത്തിന്റെ ഭാഗമാക്കണം. നല്ല ആരോഗ്യമുള്ള ശരീരത്തിൽ നല്ല ആരോഗ്യമുള്ള മനസ്സും ഉണ്ടാകും. അതിനാൽ പതിവായി വ്യായാമം ചെയ്യുന്നത് ജീവിതത്തിന്റെ ഭാഗമാക്കുക.