image credit: freepik

ശൈത്യകാലമായാല്‍ വിളിക്കാതെയെത്തുന്ന അസംഖ്യം അസ്വസ്ഥതകളില്‍ പ്രധാനിയാണ് നടുവേദന. നടുവെട്ടലും പുറംവേദനയുമടക്കമുള്ള വേദനക്കാലം കൂടിയാണ് തണുപ്പ് കാലം. ശരീരത്തിലെ പേശികള്‍ മുറുകുന്നതോടെ വഴക്കം കുറയുന്നതാണ് വേദനകള്‍ക്ക് കാരണം. പേശികള്‍ വലിയുകയും ഇത് ചെറിയ വേദന മുതല്‍ ഗൗരവമായ പ്രശ്നങ്ങള്‍ക്ക് വരെ കാരണമായേക്കാം. 

തണുപ്പ് കാലമാകുന്നതോടെ ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളും പൊതുവേ മന്ദഗതിയിലാകും. ദിവസം മുഴുവന്‍ മൂടിപ്പുതച്ച് കിടന്നാലെന്താ എന്ന് വരെ നമ്മള്‍ ചിന്തിക്കും. ഫലമായി ശരീരത്തിന്‍റെ ചലനങ്ങള്‍ പരിമിതപ്പെടുകയും നട്ടെല്ലിലേക്കുള്ള പേശികളുടെ ശക്തി ക്ഷയിക്കുകയും ചെയ്യും. ഈ പേശികളാണ് നട്ടെല്ലിനാവശ്യമായ കരുത്ത് പകരുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

നട്ടെല്ലിന് വരുന്ന ചെറിയ വേദനകളെ പോലും അവഗണിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം. ശരീരത്തിന്‍റെ ആരോഗ്യത്തിന് പുറമെ ദൈനംദിന പ്രവര്‍ത്തനങ്ങളും നട്ടെല്ല് പണിമുടക്കുന്നതോടെ താളം തെറ്റും. നടുവേദനയെ ഗൗനിക്കാതിരുന്നാല്‍ വിട്ടുമാറാത്ത വേദനയാകും ഫലം. പിന്നാലെ ചലനശേഷി കുറയുകയും ദീര്‍ഘകാല പ്രശ്നങ്ങള്‍ക്ക് ഇടയാകുകയും ചെയ്യും. 

നടുവേദനയെ അകറ്റി നിര്‍ത്താം, മാര്‍ഗങ്ങളിതാ

 'ഇരുത്തം' ശരിയാക്കാം : ഇരിക്കുന്നത് നേരെയല്ലെങ്കില്‍ നട്ടെല്ല് അതിവേഗം പണിമുടക്കും. കഠിനമായ വേദനയും പരുക്കുമാകും ഫലം. ചാഞ്ഞും ചരിഞ്ഞുമുള്ള ഇരിപ്പ് ഒഴിവാക്കണം. തോളുകള്‍ക്ക് അയവ് ലഭിക്കുന്ന രീതിയില്‍ പുറം നിവര്‍ന്ന് വേണം ഇരിക്കാന്‍. കസേരകളും ശ്രദ്ധിക്കണം.

ശരീരം 'അനക്കാന്‍' മടിക്കേണ്ട : തണുപ്പാണല്ലോ എന്നുകരുതി കൂനിക്കൂടി വീട്ടിലിരിക്കേണ്ട. ശരീരത്തിന് ആവശ്യമായ ചലനമില്ലാതെ വരുന്നതോടെ പിന്‍വശത്തെ പേശികള്‍ ബലഹീനമാകും. സ്ട്രെച്ചിങ്, കാര്‍ഡിയോ, നടത്തം, യോഗ തുടങ്ങിയ ചെറു വ്യായാമങ്ങള്‍ ശരീരത്തെ ഉഷാറാക്കി നിര്‍ത്താന്‍ സഹായിക്കും.

കോര്‍ മസിലുകളെ മറക്കരുത് : ശരീരത്തിന്‍റെ മുകള്‍ഭാഗത്തെയും താഴ്ഭാഗത്തെയും ബന്ധിപ്പിക്കുന്ന വയറിലെയും പിന്‍ഭാഗത്തെയും മസിലുകളാണ് കോര്‍ മസിലുകള്‍. ഇവ ദുര്‍ബലമാണെങ്കിലും നട്ടെല്ലിന് അതിവേഗം ക്ഷതമേല്‍ക്കും. ദിവസവുമുള്ള വ്യായാമത്തില്‍ കോര്‍ മസിലുകളെ കൂടി ശക്തിപ്പെടുത്താന്‍ ശ്രദ്ധിച്ചാല്‍ ഇത് ഒഴിവാക്കാം. 

ദീര്‍ഘ നേരത്തെ ഇരുത്തം വേണ്ട : ഒരു സ്ഥലത്ത് തന്നെ ദീര്‍ഘനേരം ഒരേയിരിപ്പ് ഇരിക്കുന്നത് നട്ടെല്ലിന് അധിക സമ്മര്‍ദം ഉണ്ടാക്കും. ദീര്‍ഘനേരം ഇരിക്കുന്ന ജോലികള്‍ ചെയ്യുമ്പോള്‍ കൃത്യമായ ഇടവേളകളില്‍ എഴുന്നേറ്റ് ചെറുതായി നടക്കാനും ശരീരം സ്ട്രെച്ച് ചെയ്യാനും മറക്കരുത്. 

ENGLISH SUMMARY:

As the cold weather arrives, the risk of spine-related injuries and back problems increases. During the winter season, muscles tend to tighten, significantly reducing flexibility. This makes individuals more prone to strains and injuries throughout the season. Experiencing back pain or spine issues during winter? Here are some tips to prevent it.