പ്രസവത്തിനായി സ്ത്രീകള്‍ അവരുടെ സ്വന്തം വീട്ടിലേക്ക് പോകുന്നതും പ്രസവാനന്തര പരിചരണത്തിനു ശേഷം മാത്രം ഭര്‍തൃഗൃഹത്തിലേക്ക് മടങ്ങുന്നതും സാധാരണമാണ്. അമ്മയ്ക്കും കുഞ്ഞിനും കൂടുതല്‍ പരിചരണം വേണ്ടതിനാലാണിത്. എന്നാല്‍ ഇവരെക്കാള്‍ പരിചരണം വേണ്ടി വരുന്ന ഭര്‍ത്താക്കന്മാരെ എന്തുചെയ്യും ?
സ്വന്തമായി ഭക്ഷണം പോലും ഉണ്ടാക്കി കഴിക്കാന്‍ അറിയാത്ത ഭര്‍ത്താവിനെ പരിചരിക്കേണ്ടി വന്ന ഗര്‍ഭിണിയുടെ വാര്‍ത്ത സൈബര്‍ ഇടങ്ങളില്‍ ചര്‍ച്ചയാകുകയാണ്. പ്രസവത്തിന് പേകുന്നതിനു മുന്‍പ്, 9 മാസം നിറവയറില്‍ ഭാര്യ ഭര്‍ത്താവിനായി ഉണ്ടാക്കിവച്ചത് ഒരു മാസത്തേക്കുള്ള ഭക്ഷണമാണ്. സമൂഹമാധ്യമത്തില്‍ യുവതി പങ്കുവച്ച പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറത്തറിയുന്നത്.
പ്രസവം കഴിഞ്ഞ് മാസങ്ങള്‍ക്കു ശേഷമാവും ഭര്‍ത്താവിന്‍റെ അടുത്തേക്ക് തിരിച്ചുവരുന്നത്. അതുവരെ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാകരുത്. 30 ദിവസത്തേക്കുള്ള ഭക്ഷണം താന്‍ ഒറ്റയടിക്ക് നിന്നുണ്ടാക്കി, ഫ്രീസറിലാക്കി എന്നാണ് യുവതി കുറിച്ചത്. സമൂഹമാധ്യമ പോസ്റ്റിനു പിന്നാലെ ‘ഇയാള്‍ എന്തൊരു ഭര്‍ത്താവാണ്’ എന്ന ചോദ്യമാണ് മിക്കവരും പങ്കുവച്ചിരിക്കുന്നത്. സ്വയം ഭക്ഷണം പോലും ഉണ്ടാക്കി കഴിക്കാന്‍ അറിയില്ലേ എന്ന് ചിലര്‍ ചോദിക്കുമ്പോള്‍ കുഞ്ഞിനെപ്പോലെ ഭര്‍ത്താവിനെ കരുതുന്ന ഭാര്യയ്ക്ക് വിമര്‍ശനങ്ങളുണ്ട്.
‘9 മാസം ഗര്‍ഭിണിയായ ഭാര്യയെക്കൊണ്ട് ഇത്രയും പണിയെടുപ്പിച്ച ഇയാള്‍ എന്തൊരു ഭര്‍ത്താവാണ്? ഇയാള്‍ വീട്ടിലെ ജോലികളില്‍ ഭാര്യയെ സഹായിക്കാറില്ലേ?’, ‘ഭാര്യയെ വേലക്കാരിയായി ആണോ ഇയാള്‍ കാണുന്നത്?’ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് വന്നുനിറയുന്നത്. ജപ്പാനിലാണ് സംഭവം.