വെറും വെയിലില്‍നിന്ന് കിട്ടും. പറയുമ്പോള്‍ നിസാരം. പക്ഷേ ഈ വൈറ്റമിന്‍ ഡിയുടെ കുറവ്  വില്ലനാകാന്‍ അധികം സമയമൊന്നും വേണ്ട. എല്ലും, പല്ലും വളരാന്‍  വെറ്റമന്‍ ഡി അനിവാര്യം.  ശരീരത്തിന്റെ പ്രതിരോധ ശേഷിക്കും ഹൃദയാരോഗ്യത്തിനും ദഹനത്തിനുമെന്നുവേണ്ട  ഗര്‍ഭധാരണത്തില്‍ വരെ  വൈറ്റമിന്‍ ഡിയുടെ പങ്ക് സുപ്രധാനമാണ്. ഗര്‍ഭധാരണം  സ്വാഭാവികമായാലും കൃത്രിമ ബീജസങ്കലനം വഴിയായാലും ശരീരത്തില്‍ വൈറ്റമിന്‍ ഡി  കൂടിയേ തീരൂ. ഗര്‍ഭിണിയായ സ്ത്രീകളിലെ വിറ്റാമിന്‍ ഡി യുടെ അഭാവം ഉയര്‍ന്ന രക്ത സമ്മര്‍ദത്തിനും പ്രമേഹത്തിനും ശരീരത്തില്‍ നീര്‍ക്കെട്ടിനും കാരണമാകാറുണ്ട്.

വൈറ്റമിന്‍ ഡിയും പുരുഷന്‍മാരും

ബീജോല്‍പാദനത്തിലും ബീജങ്ങളുടെ ചലനത്തിലും വൈറ്റമിന്‍ ഡി സുപ്രധാന പങ്ക് വഹിക്കുന്നുവെന്നാണ് കണ്ടെത്തല്‍. ശരീരത്തില്‍ വൈറ്റമിന്‍ ഡി മതിയായ അളവില്‍ കാണപ്പെടുന്ന പുരുഷന്‍മാരില്‍ ബീജോല്‍പാദനവും  ആരോഗ്യകരമായ അളവിലായിരിക്കും. വിറ്റാമിന്‍ ഡി സപ്ലിമെന്‍റുകള്‍ കഴിക്കുന്ന പുരുഷന്‍മാരെ പഠന വിധേയമാക്കിയപ്പോള്‍ ബീജത്തിലെ കാല്‍സ്യത്തിന്‍റെ അളവില്‍ വര്‍ധന  കണ്ടെത്തിയിരുന്നു.  

വൈറ്റമിന്‍ ഡി എങ്ങനെ കൂട്ടാം

  • സൗരോര്‍ജം തന്നെ വൈറ്റമിന്‍ ഡിയ്ക്ക് ആശ്രയം .  രാവിലെയും വൈകിട്ടും പത്തുമിനിറ്റെങ്കിലും പതിവായി വെയിലുകൊണ്ടാല്‍  ശരീരത്തില്‍ ആവശ്യത്തിന് വൈറ്റമിന്‍ ഡി ഉറപ്പാക്കാം.
  • മല്‍സ്യാഹാരമാണ് മറ്റൊരാശ്രയം.  വൈറ്റമിന്‍ ഡി ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന മല്‍സ്യങ്ങളായ ചൂര, അയല, കക്ക ഇറച്ചി, സാല്‍മണ്‍ എന്നിവ ഭക്ഷണത്തിന്റെ  ഭാഗമാക്കാം.  വളര്‍ത്തു മല്‍സ്യങ്ങളെ അപേക്ഷിച്ച് കടല്‍ മല്‍സ്യങ്ങളാണ് വിറ്റാമിന്‍ ഡിയുടെ കലവറ.
  • വൈറ്റമിന്‍ ഡി അടങ്ങിയ മറ്റ് വിഭവങ്ങളും ശീലമാക്കണം. പാല്‍, ഓറഞ്ച് ജ്യൂസ്, പുളിപ്പില്ലാത്ത തൈര് തുടങ്ങിയവയില്‍ വൈറ്റമിന്‍ ഡി ധാരാളം അടങ്ങിയിട്ടുണ്ട്.
  • വൈറ്റമിന്‍ സപ്ലിമെന്‍റുകള്‍ : ഭക്ഷണം ശ്രദ്ധിച്ചാലും സൂര്യപ്രകാശമേറ്റാലും ചിലപ്പോഴെങ്കിലും ശരീരത്തിന് മതിയായ വൈറ്റമിന്‍ ഡി ലഭിച്ചെന്ന് വരില്ല. അത്തരം സാഹചര്യങ്ങളിലാണ്  ഡോക്ടര്‍മാര്‍ സപ്ലിമെന്‍റുകള്‍ നിര്‍ദേശിക്കുന്നത്.  എന്നാല്‍ സ്വയം ചികില്‍സ വേണ്ട. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം വൈറ്റമിന്‍ ഗുളികള്‍ കഴിക്കുക.
ENGLISH SUMMARY:

Research found that women who had lower levels of vitamin D had more difficulty becoming pregnant naturally. Studies have also shown that motility of sperm and the quantity of motile spermatozoa overall may be affected in presence of vitamin D deficiency in males.