പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാത്തവര്‍ ആരും ഉണ്ടാകില്ല. ഗര്‍ഭിണികളിലെ പുകവലി കുറച്ചധികം ഗുരുതരവുമാണ്. ഗര്‍ഭിണി പുകവലിച്ചാലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കുമെന്നതിനാലാണ് ഇത് ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ബന്ധം പിടിക്കുന്നത്.
ഗര്‍ഭിണിയാകാന്‍ തയ്യാറെടുക്കുമ്പോള്‍ തന്നെ പുകവലി ഉപേക്ഷിക്കണമെന്നാണ് ചൈനയിലെ എപിഡമോളജി ആന്‍റ് കമ്യൂണിറ്റി ഹെല്‍ത്ത് എന്ന ശാസ്ത്രമാസികയില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ദിവസം രണ്ട് സിഗരറ്റെന്ന നിലയില്‍ വലിക്കുന്നത് പോലും ജനിക്കാനിരിക്കുന്ന കുട്ടിക്ക് ഗുരുതര പ്രശ്നമുണ്ടാക്കുമെന്നും ഗര്‍ഭകാലത്തെ പുകവലി ഗര്‍ഭസ്ഥ ശിശുവിന്‍റെ വളര്‍ച്ചയെ ബാധിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഗര്‍ഭകാലത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ പുകവലിച്ചാല്‍ കുഴപ്പമില്ലെന്ന് പറയുന്നത് തെറ്റാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.
പുകവലിക്കാരായ ഗര്‍ഭിണികള്‍ മാസം തികയാതെ പ്രസവിക്കാനുള്ള സാധ്യതയേറെയാണ്. ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഭാരക്കുറവുള്ളതായും ഗര്‍ഭപാത്രത്തിന്‍റെ വികാസത്തിലടക്കം പ്രശ്നങ്ങള്‍ നേരിടുന്നതായും പഠനത്തില്‍ കണ്ടെത്തി. കുട്ടി ജനിച്ച ശേഷമുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഇതിന് പുറമെ അനുഭവപ്പെടാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഗര്‍ഭിണികളെ സംബന്ധിച്ചിടത്തോളം പുകവലിക്കാന്‍ സേഫ് പിരീഡോ, അനുവദനീയമായ എണ്ണമോ ഇല്ലെന്ന് ഡോക്ടര്‍മാര്‍ ആവര്‍ത്തിക്കുന്നു.
പുകവലിക്കാരായ അമ്മമാര്‍ക്കുണ്ടായ കുഞ്ഞുങ്ങളിലേറെപ്പേരെയും ആറുമണിക്കൂറിലേറെ നേരം എന്‍ഐസിയുവില്‍ കിടത്തി കൃത്രിമശ്വാസമടക്കമുള്ള പരിചരണത്തിന് ശേഷമാണ് സാധാരണനിലയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുള്ളതെന്നും പഠനത്തില്‍ കണ്ടെത്തി.ഇങ്ങനെ ജനിച്ച കുട്ടികള്‍ക്ക് തലച്ചോര്‍ സംബന്ധമായ പ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഗര്‍ഭിണിയാകുന്നതിന് മുന്‍പ് പുകവലിച്ചിരുന്ന സ്ത്രീകള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നമുണ്ടാകാനുള്ള സാധ്യത 27 ശതമാനമാണ്. ഗര്‍ഭകാലത്ത് പുകവലിച്ച സ്ത്രീകളില്‍ ഇത് 32 ശതമാനവും ദിവസവും രണ്ട് സിഗരറ്റ് വീതം വലിച്ചവരില്‍ ഇത് 16 ശതമാനവും ശരാശരി 20 സിഗരറ്റ് വീതം വലിച്ചവരില്‍ 31 ശതമാനത്തിലേറെയാണെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു.