malabarbudget

കണ്ണൂരിലെ പുതിയ ഐടി പാര്‍ക്കടക്കമുള്ളവ പ്രഖ്യാപിച്ചത് നേട്ടമായെങ്കിലും പ്രതീക്ഷിച്ച വലിയ പദ്ധതിളൊന്നും കിട്ടാത്തത് വടക്കന്‍ കേരളത്തിന് നിരാശയായി. രണ്ട് എയര്‍ സ്ട്രിപ്പുകളൊഴിച്ചു നിര്‍ത്തിയാല്‍ അടിസ്ഥാന സൗകര്യവികസനത്തിനായി കാര്യമായൊന്നും മലബാറിന് കിട്ടിയിട്ടില്ല. 

എന്നാല്‍ വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള പദ്ധതി ഏറെ ആശ്വാസമാകും ആയിരം കോടി രൂപയാണ് കണ്ണൂരിലെ പുതിയ ഐടി പാര്‍ക്കിന്‍റെ സ്ഥലമേറ്റെടുക്കലിനായി നീക്കിവച്ചത്. ഇതിന് പുറമേ കോഴിക്കോടില്‍ നിന്ന് കണ്ണൂരിലേയ്ക്ക് വിപുലീകൃത ഐടി ഇടനാഴി സ്ഥാപിക്കും. ഇതിന്‍റെ ഭാഗമായി സാറ്റ്ലൈറ്റ് ഐടി പാര്‍ക്ക് സ്ഥാപിക്കും. 15 മുതല്‍ 25 ഏക്കര്‍ വരെ പൊന്നുംവിലയ്ക്കും വാങ്ങാനാണ് തീരുമാനം. കോഴിക്കോട് സൈബര്‍ പാര്‍ക്കിനായി 12 കോടി രൂപയാണ് മാറ്റിവച്ചത്. ഇതോടെ കേരളത്തിന്‍റെ ഐടി ഭൂപടത്തില്‍ വടക്കന്‍ കേരളത്തിന് നിര്‍ണായക സ്ഥാനം കൈവരും. കാസര്‍കോടും വയനാടും പുതിയ എയര്‍ സ്ട്രിപ്പുകള്‍ നിര്‍മ്മിക്കുമെന്നാണ് പ്രഖ്യാപനം. ബേപ്പൂര്‍ തുറമുഖ വികസനത്തിനായി 15 കോടി രൂപയും മലബാര്‍ റിജണല്‍ ക്യാന്‍സര്‍ സെന്‍ററിന് 28 കോടി രൂപയും നല്‍കും. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കും കോഴിക്കോട് മെഡിക്കല്‍ കോളജിനും തുക വകയിരുത്തിയിട്ടുണ്ട്. 

എന്നാല്‍ മലബാറിലെ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാനായി പ്രഖ്യാപനങ്ങളൊന്നുമില്ല. അടിസ്ഥാന സൗകര്യവികസനത്തിനായി പൊതുവില്‍ അനുവദിച്ച തുകയില്‍ നിന്ന്  വിഹിതം കിട്ടുമെന്നല്ലാതെ പ്രധാന പദ്ധതികളൊന്നുമില്ല. മോണോ റെയില്‍, ലൈറ്റ് മെട്രോ പോലുള്ള പ്രതീക്ഷിച്ച വന്‍ പദ്ധതികളെക്കുറിച്ച് ബജറ്റില്‍ പരാമര്‍ശിച്ചതുപോലുമില്ല.