budindepth

സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ വേണ്ട പദ്ധതികള്‍ ബജറ്റിലില്ല. 1081 കോടിയുടെ അധിക ചെലവ് പ്രഖ്യാപിച്ച ബജറ്റില്‍ 602 കോടിരൂപ മാത്രമാണ് അധികവിഭവമായി സമാഹരിച്ചിരിക്കുന്നത്. ചെലവുചുരുക്കാനുള്ള ഒരു നടപടിയും ബജറ്റില്‍ പ്രഖ്യാപിച്ചുമില്ല. കേരളം കടുത്ത സാമ്പത്തിക വെല്ലുവിളി നേരിടുകയാണെന്നും മറികടക്കാന്‍ കടുത്തനടപടികള്‍ വേണ്ടിവരുമെന്നും പറഞ്ഞുകൊണ്ടിരുന്ന ധനമന്ത്രി ബാലഗോപാല്‍ ബജറ്റെഴുതിയപ്പോള്‍ അക്കാര്യം മറന്നു. പ്രഖ്യാപനങ്ങള്‍ക്കൊത്ത് വിഭവസമാഹരണം ബജറ്റില്‍ നടത്തിയില്ല. ഭൂമിയുടെ ന്യായവില വര്‍ധന വഴി ലഭിക്കുന്നത് 200 കോടി. ഭൂനികുതി ഉയര്‍ത്തിയതുവഴി 80 കോടി കിട്ടും. മോട്ടോര്‍സൈക്കിളിനുള്ള നികുതി കൂട്ടിയതു വഴി 60 കോടിയും ഹരിതനികുതി വഴി 10 കോടിയും ലഭിക്കും.  വില്‍പനനികുതി ഒറ്റത്തവണ തീര്‍പ്പാക്കല്‍ വഴി 200 കോടികിട്ടുമെന്നും പ്രതീക്ഷിക്കുന്നു. 

ന്യായവിലകുറച്ചുകാണിച്ച കേസുകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ വഴി 50 കോടിയാണ് പ്രതീക്ഷിക്കുന്നത്. മോട്ടോര്‍വാഹന നികുതി ആംനസ്റ്റി വഴി രണ്ടുകോടിയും. ആകെ 602 കോടിയാണ് അധികവിഭവ സമാഹരണം. എന്നാല്‍ പ്രഖ്യാപനങ്ങള്‍ക്ക് ബജറ്റില്‍ ഒട്ടും കുറവില്ല. 1081 കോടിയാണ് ബജറ്റില്‍ പ്രഖ്യാപിച്ച അധികചെലവ്. പ്രതീക്ഷിത റവന്യുകമ്മി 22968 കോടിയും. ചെലവുചുരുക്കാന്‍ നടപടിയുണ്ടാകുമെന്ന് ബജറ്റിന് മുമ്പുള്ള അഭിമുഖങ്ങളില്‍ ധനമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ചെലവുചുരുക്കാനുള്ള നടപടികളൊന്നും ബജറ്റില്‍ പ്രഖ്യാപിച്ചുമില്ല. അടുത്ത വര്‍ഷം സമ്പദ് വ്യവസ്ഥ വളരുമെന്ന ശുഭപ്രതീക്ഷ പങ്കുവയ്ക്കുകയാണ് ധനമന്ത്രി ചെയ്തത്. പ്രതീക്ഷകളാണ് പല പ്രഖ്യാപനങ്ങളുടെയും അടിസ്ഥാനം. 

അടുത്തവര്‍ഷവും ജി.എസ്.ടി നഷ്ടപരിഹാരം കേന്ദ്രസര്‍ക്കാര്‍ തുടരുമെന്ന കണക്കുകൂട്ടലിലാണ് ബജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നതും. പ്രഖ്യാപനങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ വെല്ലുവിളികള്‍ ഏറെയുണ്ടെന്ന് സാരം.