ദീപാവലി എത്തിയതോടെ തമിഴ്നാട്ടിലെ കച്ചവട മേഖലകൾ ഉണർവിലാണ്. എന്നാൽ മുൻവർഷങ്ങളിലെ അത്ര തിരക്ക് അനുഭവപ്പെടാത്തത് പല മേഖലകളിലും നിരാശ പടർത്തുന്നുണ്ട്. അവശ്യവസ്തുക്കളുടെ വിലവർധനയും, ആഘോഷങ്ങൾക്കുള്ള സർക്കാർ നിയന്ത്രണവുമാണ് ആളുകളെ വിപണിയിൽ നിന്ന് അകറ്റുന്നത്.
ദീപാവലിയുമായി നേരിട്ട് ബന്ധപ്പെട്ട് നിൽക്കുന്ന തമിഴ്നാട്ടിലെ വസ്ത്ര , പടക്ക നിർമ്മാണ മേഖലകളാണ് ഇത്തവണ നിരാശയിലായിരിക്കുന്നത്. രാവിലെ ആറു മുതൽ 7 വരെയും , രാത്രിയിൽ 7 മുതൽ 8 വരെയുമാണ് സംസ്ഥാനത്ത് പടക്കം പൊട്ടിക്കാൻ അനുമതി. പടക്ക നിർമ്മാണത്തിൽ പ്രകൃതി സൗഹാർദ്ദ രാസവസ്തുക്കൾ ഉപയോഗിക്കണമെന്ന ഉത്തരവുള്ളതിനാൽ നിർമ്മാണ ചെലവ് വർദ്ധിച്ചു. ആനുപാതികമായി പടക്കവില വർദ്ധിച്ചതോടെ ആളുകൾ വിപണിയിൽ നിന്ന് അകന്നു. മുൻവർഷങ്ങളിലേതിനെക്കാൾ 20 ശതമാനം വിൽപ്പന ഈ തവണ കുറവാണ്. വസ്ത്രമേഖലയിൽ ആളുകൾ റെഡിമെയ്ഡിനെയും, ഓൺലൈൻ ഷോപ്പിംഗിനെയും ആശ്രയിച്ചതോടെ പ്രാദേശിക കച്ചവടം പ്രതിസന്ധിയിലായി. മുൻപ് വസ്ത്രങ്ങൾ തയ്ച്ചു ഉപയോഗിക്കാൻ ടി നഗറിലെ രംഗനാഥൻ സ്ട്രീറ്റിൽ വൻ ജനതിരക്കായിരുന്നു. എന്നാൽ ഈ തവണ കാര്യങ്ങൾ വ്യത്യസ്തമാണ്.
മറുഭാഗത്ത് പലഹാര വിൽപ്പന പൊടിപൊടിക്കുകയാണ്. സർക്കാർ ക്ഷീര സഹകരണ സംഘമായ 'ആവിൻ പലഹാര വില്പനയിൽ മുൻ വർഷം 115 കോടിയാണ് നേടിയത്. എന്നാൽ ഈ വർഷം ഇതുവരെ 150 കോടിയുടെ ഓർഡർ ലഭിച്ചു. ദീപാവലി പലഹാരങ്ങൾ വിദേശത്തുള്ള ബന്ധുമിത്രാദികൾക്ക് അയച്ചുകൊടുക്കാൻ വൻ തിരക്കാണ് ചെന്നൈ മൈലാപ്പൂരിൽ അനുഭവപ്പെടുന്നത്. പഠനത്തിനും ജോലിക്കുമായി ഒരു കുടുംബത്തിൽ നിന്ന് ഒരാളെങ്കിലും വിദേശത്ത് ചേക്കേറിയതാണ് കാരണം. പരമ്പരാഗത മേഖലകൾ പ്രതിസന്ധിയിലാകുമ്പോൾ കറുറിയർ പോലെ പല പുതിയ മേഖലകൾക്കും ദീപാവലി ഉണർവേകുകയാണ് .
Price hike and restrictions on fire works affects deewali celebrations