diwali-lighting

ക്രിസ്മസും ന്യൂ ഇയറും പോലെ തന്നെ ബ്രിട്ടണിലെ ഏറ്റവും വലിയ ആഘോഷമായി മാറിക്കഴിഞ്ഞു ദീപാവലിയും. നാട്ടിലേതുപോലെ ഒരാഴ്ചക്കുമുന്‍പേ ബ്രിട്ടണും ദീപാവലി ആഘോഷങ്ങള്‍ തുടങ്ങി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ പത്താം നമ്പര്‍ ഡൗണിങ് സ്ട്രീറ്റില്‍ ഋഷി സുനകും ഭാര്യ അക്ഷത മൂര്‍ത്തിയും ദീപങ്ങള്‍ തെളിയിച്ച് ആഘോഷങ്ങള്‍ ആരംഭിച്ചു. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന  ആഘോഷത്തില്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍, പ്രമുഖ വ്യവസായികള്‍, ബോളിവുഡ് താരങ്ങള്‍, ബ്രിട്ടണിലെ വിവിധ ഇന്ത്യന്‍ സമൂഹങ്ങളിലെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. 

rishi-sunak-diwalicelebration

ദീപാവലി പ്രമാണിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി പൂക്കളും ദീപങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു. ദീപാവലി ആഘോഷത്തിനെത്തിയവരെ പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷത മൂര്‍ത്തിയും ചേര്‍ന്നാണ് സ്വീകരിച്ചത്. പരമ്പരാഗത രീതിയില്‍ വിളക്കിന് തിരിതെളിച്ചാണ് ഇരുവരും ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

rishi-sunak-wife

യുകെയിലുളളവര്‍ക്കും ലോകത്തിന്‍റെ വിവിധ കോണുകളില്‍ ദീപാവലി ആഘോഷിക്കുന്നവര്‍ക്കും പ്രധാനമന്ത്രി ദീപാവലി ആശംസകള്‍ നേര്‍ന്നു.  യുകെയിലെ അവന്തി കോര്‍ട്ട് പ്രൈമറി സ്കൂളിലെ കുട്ടികള്‍ ആഘോഷപരിപാടിയില്‍ ശ്ലോകങ്ങള്‍ ചൊല്ലി. 

rishi-sunak-students

ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷ്ണര്‍ വിക്രം ദൊരയ് സ്വാമി ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍ ഭാര്യ ട്വിങ്കിള്‍ ഖന്ന, പ്രീതി സിന്‍റ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. ബ്രിട്ടണിലെ വിപുലമായ ഇന്ത്യന്‍ സാന്നിധ്യം തന്നെയാണ് ദീപാവലി ആഘോഷങ്ങള്‍ക്ക് ഇത്രമേല്‍ സ്വീകാര്യത ലഭിക്കാന്‍ കാരണം.  ഈസ്റ്റ് ലണ്ടനിലെ ചില സ്കൂളുകള്‍ക്കും ദീപാവലി പ്രമാണിച്ച് അവധി നല്‍കിയിരിക്കുകയാണ്. ബ്രിട്ടണിലെ നഗരങ്ങളെല്ലാം ദീപാവലി ആഘോഷിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.

rishi-sunak

കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി ഋഷി സുനക് സ്വന്തം വസതിക്ക് മുന്നില്‍ മണ്‍ചിരാതുകള്‍ തെളിയിച്ച് വിപുലമായാണ് ദീപാവലി ആഘോഷിച്ചത്. അന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി അടക്കമുളള ലോകനേതാക്കള്‍ ആശംസകള്‍ നേര്‍ന്നിരുന്നു. ഇത്തവണത്തെ ദീപാവലി ആഘോഷത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായി നിയോഗിക്കപ്പെട്ടിട്ട് ഒരു വര്‍ഷം തികഞ്ഞിരിക്കുന്നു. അതിന്‍റെ സന്തോഷവും ഇത്തവണത്തെ ദീപാവലി ആഘോഷത്തിന് മാറ്റുകൂട്ടുകയാണ്. 

UK PM Rishi Sunak Celebrates Diwali