kerala-can-manju-1

TAGS

 

ഒരു കോടിരൂപയുടെ ചികില്‍സാസഹായം പ്രഖ്യാപിക്കുന്നതടക്കമുള്ള ലക്ഷ്യങ്ങള്‍ക്ക് മുന്നോടിയായി മനോരമന്യൂസ് ലൈവത്തണിന് ഉജ്ജ്വല തുടക്കം. ചികില്‍സാസഹായപദ്ധതി കല്യാണ്‍ ജ്വല്ലേഴ്സ് സഹകരണത്തോടെയാണ് പ്രഖ്യാപിക്കുന്നത്. അവതാരകയായി കേരള കാന്‍ ബ്രാന്‍ഡ് അംബാസഡര്‍ മഞ്ജു വാരിയര്‍ എത്തുന്ന പരിപാടിയില്‍ നടന്‍ ജയസൂര്യ പ്രഖ്യാപനം നടത്തും. ലൈവത്തണ്‍ തല്‍സമയം കാണാം. 

 

കാൻസറിനെ നേരിടുക, കീഴടക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങി കരുതലും കരുത്തും എന്ന സന്ദേശവുമായി മുന്നേറുന്ന കേരള കാന്‍ ദൗത്യത്തിന്റെ നാലാംഘട്ടത്തിനാണ് ഇന്ന്  ലൈവത്തണോടെ സമാപനമാകുന്നത്.  മൂന്നുമണിക്കൂര്‍ നീളുന്ന തല്‍സമയപരിപാടിയില്‍ സിനിമാതാരങ്ങളായ ജയസൂര്യ,ബാബുരാജ്, അഞ്ജലി അമീര്‍, നാവികന്‍ അഭിലാഷ് ടോമി തുടങ്ങിയവര്‍ പങ്കെടുക്കും.  കേരളത്തിലെ കാന്‍സര്‍ രോഗവിദഗ്ധര്‍ക്കിടയില്‍ നടത്തിയ സര്‍വേയുടെ ഫലപ്രഖ്യാപനവും ലൈവത്തണിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ്.  

 

പരിപാടി ഇങ്ങനെ: 

 

പത്തുമണിക്ക് തുടങ്ങുന്ന ലൈവത്തണില്‍ കാൻസർ രോഗവിദ്ധഗ്ധരും കലാ, സംഗീതരംഗത്തെ പ്രമുഖരും രോഗത്തെ അതിജീവിച്ചവരും പങ്കെടുക്കും. നിശ്ചയദാര്‍ഢ്യം കൊണ്ട് ഒരു കടല്‍ കടന്ന നാവികന്‍ അഭിലാഷ് ടോമി, സമൂഹം തീര്‍ത്ത വരമ്പുകള്‍ ഭേദിച്ച ട്രാന്‍സ്ജെന്‍ഡര്‍ നടി അഞ്ജലി അമീര്‍, നടന്‍ ബാബു രാജ്, പ്രളയകാലത്ത് സംഗീതം കൊണ്ട് ആശ്വാസം നല്‍കിയ തകില്‍ വിദ്വാന്‍ കരുണാമൂര്‍ത്തി എന്നിവരും എത്തും. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളിലായി തീര, പ്രളയബാധിത മേഖലകളില്‍ സംഘടിപ്പിച്ച നാല് കാന്‍സര്‍ പ്രതിരോധ ക്യാംപുകള്‍ക്കും ഒന്നരമാസം നീണ്ട മറ്റ് പരിപാടികള്‍ക്കും ശേഷമാണ് ലൈവത്തണ്‍. 

 

കല്യാണ്‍ ജ്വല്ലേഴ്സിന്റെ സഹകരണത്തോടെയുള്ള കേരള കാന്‍ ദൗത്യം ഒരുകോടി രൂപയുടെ ചികില്‍സ ലഭ്യമാക്കുന്നത് തൃശൂര്‍ അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ സഹകരണത്തോടെയാണ്.  പ്രളയത്തിന്റെയും അതിജീവനത്തിന്റെയും സന്ദേശം പകരാനായി കോഴിക്കോട് കടലോരത്ത് തല്‍സമയം മണല്‍ശില്‍പവും എറണാകുളത്തുനിന്ന് ചെക്കുട്ടി പാവയെയും ഒരുക്കും. ഓഗ്മെന്റ് റിയാലിറ്റി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സര്‍വേഫലം പ്രഖ്യാപിക്കുക.  കാന്‍സറിനെ കീഴടക്കിയവര്‍ അവരുടെ അതിജീവനകഥകള്‍ പങ്കുവയ്ക്കുന്നതിനൊപ്പം വിവിധ കലാപരിപാടികളും ലൈവത്തണില്‍ അവതരിപ്പിക്കും.