സംസ്ഥാനത്ത് കരള്‍ കാന്‍സര്‍ ബാധിച്ച് ചികില്‍സ തേടുന്നവരുടെ എണ്ണത്തില്‍ 10 വര്‍ഷത്തിനിടെ മൂന്നിരട്ടി വര്‍ധന. റീജിയണല്‍ കാന്‍സര്‍ സെന്ററിലെ റജിസ്ട്രി അനുസരിച്ച് അഞ്ചുവര്‍ഷത്തിനിടെ ഗുരുതര കരള്‍ കാന്‍സര്‍ ബാധിച്ച 1556 പുതിയ കേസുകളാണ് ആര്.സി.സിയില്‍ മാത്രം സ്ഥിരീകരിച്ചത്. അമിത മദ്യപാനവും ആരോഗ്യകരമല്ലാത്ത ഭക്ഷണരീതികളും കരള്‍ കാന്‍സറിലേയ്ക്ക് നയിക്കുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
രണ്ടായിരത്തിനുമുമ്പ് 70 നും 100 നുമിടയിലായിരുന്നു പ്രതിവര്‍ഷം ആര് സി സിയില്‍ ചികില്‍സ തേടിയ കരള്‍ കാന്‍സര്‍ രോഗികളുടെ എണ്ണം. 2000 കടന്നതോടെ പ്രതിവര്‍ഷം 200 ലേയ്ക്കും ഇപ്പോള്‍ മുന്നൂറ് കടന്നും രോഗികളുടെ എണ്ണം കുതിച്ചു കയറി
ആര് സി സി യിലെ ഹോസ്പിറ്റല്‍ രേഖകള്‍ അടിസ്ഥാനമാക്കിയുളള കാന്‍സര്‍ റജിസ്ട്രി അനുസരിച്ച് 2005 ല്‍ 100 പുരുഷന്മാരും 21 സ്ത്രീകളുമുള്‍പ്പെടെ 121 പേര്‍ക്ക് ലിവര്‍ കാന്‍സര്‍ സ്ഥിരീകരിച്ചു. 2010ല്‍ 134 പുരുഷന്മാരും 47 സ്ത്രീകളുമുള്‍പ്പെടെ 181 പേര് ചികില്‍സ തേടി. 2015 ല്‍ 208 പുരുഷന്മാര്ക്കും 57 സ്ത്രീകള്‍ക്കും ആര് സി സിയില്‍ മാത്രം കരളിന് അര്‍ബുദം സ്ഥിരീകരിച്ചു. അഞ്ചുവര്‍ഷം കഴിഞ്ഞപ്പോഴേയ്ക്കും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 334 ലെത്തി. നാനൂറിലേറെ പേരാണ് കഴിഞ്ഞ വര്‍ഷം ചികില്‍സ തേടിയത്. പുരുഷന്മാരിലാണ് രോഗബാധ കൂടുതല്‍. മദ്യപാനം, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി വൈറസ് ബാധകള്‍, നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ തുടങ്ങിയവ ഇവരില്‍ രോഗബാധയ്ക്ക് കാരണമായി.