Kerala-Can

ശരീരത്തെ കാര്‍ന്നെടുക്കാന്‍ ശ്രമിച്ച അര്‍ബുദത്തെ ആത്മധൈര്യം കൊണ്ട് അതിജീവിച്ചയാളാണ് വയനാട് കാവുംമന്ദം സ്വദേശിനി ശാന്തി അനില്‍. എല്ലാം അവസാനിച്ചുവെന്ന് കരുതിയ ഇടത്തുനിന്നാണ് ചിട്ടയായ ചികിത്സയിലൂടെ ഈ വീട്ടമ്മ ജീവിതം തിരിച്ചുപിടിച്ചത്. രോഗികള്‍ക്ക് സഹായം എത്തിക്കുന്ന പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ അമരക്കാരിയാണ് ഇന്ന് ശാന്തി.

മുടികെട്ടി, കണ്ണെഴുതി, പൊട്ട്തൊട്ട് ശാന്തി എന്നും ഇങ്ങനെ ഒരുങ്ങും. അര്‍ബുദത്തോട് പോരാടിയ ദിനങ്ങളില്‍ ഇതേ കണ്ണാടിക്ക് മുന്നില്‍ ഈ കണ്ണുകള്‍ നനഞ്ഞിട്ടുണ്ട്. 2007ലാണ് വയനാട് കാവുംമന്ദം സ്വദേശിനിയായ ശാന്തിയുടെ ജീവിതത്തില്‍ അര്‍ബുദം വില്ലനായെത്തിയത്. ഗര്‍ഭപാത്രത്തിലായിരുന്നു രോഗബാധ. തിരുവനന്തപുരം ആര്‍സിസിയില്‍ വര്‍ഷങ്ങള്‍ നീണ്ട ചികിത്സ. പന്ത്രണ്ട് കീമോ. 

പക്ഷേ രോഗം ഏല്‍പ്പിച്ച വേദനകളെ ജീവിക്കണമെന്ന വാശി കൊണ്ട് ശാന്തി തോല്‍പ്പിച്ചു. ഒരുപാട് നല്ലമനസ്സുകള്‍ ഒപ്പം നിന്നു. ചിട്ടയായ ചികിത്സയിലൂടെ ഭര്‍ത്താവ് അനിലും മകന്‍ അശ്വിനും അടങ്ങിയ സന്തോഷങ്ങളുടെ വലിയ ലോകത്തേക്ക് ശാന്തി ആരോഗ്യത്തോടെ മടങ്ങിയെത്തി. ഒരിക്കല്‍ സഹായവുമായി എത്തിയവര്‍ക്ക് നല്‍കിയ വാക്ക് ശാന്തിയെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളിലേക്ക് എത്തിച്ചു. രോഗങ്ങള്‍ക്ക് മുന്നില്‍ തളര്‍ന്നുപോകുന്നവരെ ഈ വീട്ടമ്മ ഇന്ന് ചേര്‍ത്തുപിടിക്കും. മനസ്സാണ് രോഗത്തെ അതിജീവിക്കാന്‍ ആദ്യം പാകപ്പെടുത്തേണ്ടതെന്ന് ശാന്തി പറയും.