മനോരമ ന്യൂസ് കേരള കാൻ ഏഴാം പതിപ്പിന്റെ തല്‍സമയ ലൈവത്തണ്‍ നാളെ. ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ് മുഖ്യാതിഥിയായ ചടങ്ങില്‍ ദൗത്യത്തിന്റെ മുഖമായ നവ്യനായരും ഡോക്ടര്‍മാരും കാന്‍സറിനെ അതിജീവിച്ചവരും പങ്കെടുക്കും. ഗവര്‍ണറുടെ മകള്‍ നന്ദിത ബോസ് രചിച്ച പുസ്തകം ചടങ്ങില്‍ പ്രകാശിപ്പിക്കും. ഒന്‍പതുമുതല്‍ 12 മണിവരെയാണ് ലൈവത്തണ്‍.
അതിജീവനം കളറാണെന്ന കേരള കാന്‍ സന്ദേശം ജീവിതത്തില്‍ പകര്‍ത്തിയ ഗോവ ക്രൈംബ്രാഞ്ച് എസ്പി: നിഥിന്‍ വല്‍സന്‍, കേരള ലളിത കലാ അക്കാദമി വൈസ് ചെയര്‍മാന്‍ എബി എന്‍.ജോസഫ്, അതിജീവനത്തിന്റെ ഇരുപതാം വര്‍ഷം പൂര്‍ത്തിയാക്കുന്ന ആദിവാസി വനിത ചന്ദ്രിക തുടങ്ങിയവര്‍ ലൈവത്തണിന്റെ ഭാഗമാവും.
അതിജീവനമെന്ന സന്ദേശം പരത്തുക ജീവിതദൗത്യമായി ഏറ്റെടുത്ത സി.പി.ഷിഹാബ്, രോഗം ബാധിച്ചവര്‍ക്ക് വിവിധ രീതികളില്‍ പ്രചോദനമേകുന്ന നടി സീമ ജി.നായര്‍ എന്നിവര്‍ക്കു പുറമേ നടി വിനയ പ്രസാദ്, നടന്‍ ഷറഫുദീന്‍ എന്നിവരും ദൗത്യത്തില്‍ പങ്കാളികളാവും.
കാന്‍സര്‍ ബാധിച്ച് മുപ്പത്തിനാലാം വയസില്‍ അന്തരിച്ച, നര്‍ത്തകിയും സാഹിത്യകാരിയുമായ മകള്‍ നന്ദിത ബോസ് രചിച്ച പുസ്തകം ഗവര്‍ണര്‍ സി.വി.ആനന്ദബോസ് പ്രഫ. സന്ധ്യ രാജേന്ദ്രനും ഗായികയും അതിജീവിതയുമായ അവനിക്കും നല്‍കി പ്രകാശിപ്പിക്കും.
കാന്‍സറിനെ കീഴടക്കിയവര്‍ അവരുടെ അതിജീവനകഥകള്‍ പങ്കുവയ്ക്കുന്നതിനൊപ്പം വിവിധ കലാപരിപാടികളും ലൈവത്തണില്‍ അവതരിപ്പിക്കും. ഫാംഫെഡ് പിന്തുണയ്ക്കുന്ന ദൗത്യത്തിന്റെ ആരോഗ്യപങ്കാളി ആസ്റ്റര്‍ ഇന്റര്‍നാഷനല്‍ ഇന്‍സിറ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി ആണ്. ഒരു ദൃശ്യമാധ്യമം അവതരിപ്പിക്കുന്ന ഏറ്റവും വലിയ സാമൂഹിക പ്രതിബദ്ധതാ പരിപാടിയായ കേരള കാന്‍ ഇത്തവണ മൂന്നുകോടി രൂപയുടെ സൗജന്യചികില്‍സാ, പരിശോധനാ ദൗത്യമാണ് നടപ്പാക്കുന്നത്.