മുത്തങ്ങ സമരത്തിന്‍റെ 21 ആം വാർഷിക ദിനത്തിൽ കലോത്സവ നാടക വേദിയിൽ സമരചരിത്രത്തിന്‍റെ പുനരാഖ്യാനം . തിരുവനന്തപുരം മൌണ്ട് കാര്‍മെല്‍ ഹയർ സെക്കന്‍ററി സ്കൂൾ ആണ് അസാധു എന്ന നാടകവുമായി വേദി കീഴടക്കിയത് . ശക്തമായ രാഷ്‌ട്രീയത്തിന്‍റെ തുറന്ന് പറച്ചിലായിരുന്നു ഓരോ നാടകവും . 

 

രണ്ടു പതിറ്റാണ്ട് മുൻപത്തെ ആ ദുരന്ത സമര ചരിത്രത്തെ പുതുതലമുറ പുനരാഖ്യാനം ചെയ്യുന്നു, തീഷ്ണത ഒട്ടും ചോരാതെ ... മുത്തങ്ങ ഭൂസമരത്തിനു തുടക്കം കുറിച്ച 2003 ജനുവരി 5 ൽ നിന്നു 2024 ജനുവരി 5 ലേക്കുള്ള ദൂരത്തെ വെട്ടിക്കുറക്കാനുള്ള നിയോഗത്തിലാണ് ഞങ്ങൾ ഈ പുതുതലമുറയെന്നു ഇവര് ഉറപ്പിച്ചു പറയുന്നു. പി.വി ഷജികുമാറിന്‍റെ  അസാധു എന്ന രചനയെ പിന്‍പറ്റിയാണ് നാടകാവിഷ്കാരം. തോട്ടികളുടെ കഥയുമായി എത്തിയ കതിരൂർ ഗവ എച്ച്.എസ്.എസി.ന്‍റെ ചൊരുക്കും സ്ത്രീ പക്ഷ രാഷ്‌ട്രീയം നാടകത്തിനുള്ളിലെ നാടകത്തിലൂടെ ഉറക്കെ പറഞ്ഞ ഭഗവന്തിയുമൊക്കെ നാടകവേദിയെ സമ്പുഷ്ടമാക്കി. മുകേഷ് , രാജേഷ് ശർമ്മ , അലൻസിർ തുടങ്ങി അഭിനയരംഗത്തെ  പ്രമുഖരുടെ സാന്നിധ്യം സദസ്സിനെയും വേറിട്ടതാക്കി.