അയോധ്യയിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ സമാജ്‌വാദി പാർട്ടി (എസ്‌പി) നേതാവ് അഖിലേഷ് യാദവ് ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തിലെ പാർട്ടി സ്ഥാനാർത്ഥി അവധേഷ് പ്രസാദും

രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ലല്ലു സിങ്ങ് 54,000ത്തിലേറെ വോട്ടുകൾക്കു തോറ്റു. രണ്ടു തവണയായി ഫൈസാബാദിനെ പ്രതിനിധാനം ചെയ്യുന്ന ലല്ലു സിങ്ങിനെതിരെ മണ്ഡലത്തിലെ തങ്ങളുടെ ഏക എംഎൽഎ അവാദേഷ് പ്രസാദിനെയാണു സമാജ്‌വാദി പാർട്ടി കളത്തിലിറക്കിയത്. ഒരിക്കൽപ്പോലും ലല്ലു സിങ് മുന്നിലെത്തിയില്ലെന്നതും ശ്രദ്ധേയം. 2024 ജനുവരിയിൽ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തുകയും ചെയ്തതിനുശേഷം ഉത്തർപ്രദേശിൽ വലിയ ആത്മവിശ്വാസത്തിലായിരുന്നു ബിജെപി. അതിനെ തകിടം മറിച്ചുകൊണ്ടാണ് സംസ്ഥാനത്താകെയും ഫൈസാബാദിൽ പ്രത്യേകിച്ചും ഇന്ത്യാ സഖ്യത്തിന്റെ മുന്നേറ്റം.

പ്രധാനമായും ബിഎസ്പി പാളയത്തിൽനിന്നു ചോർന്ന വോട്ടും കോൺഗ്രസുമായി കൈകോർത്തതു വഴി ലഭിച്ച വോട്ടുമാണ് സമാജ്‌വാദി പാർട്ടിയുടെ വോട്ടുവിഹിതത്തിലെ വർധനയ്ക്കു കാരണം. അവദേശ് പ്രസാദ് 5,54,289 വോട്ടുകൾ നേടിയപ്പോൾ ലല്ലു സിങ്ങിന് 4,99,722 വോട്ടുകൾ ലഭിച്ചു. ബഹുജൻ സമാജ് പാർട്ടിയുടെ (ബിഎസ്പി) സച്ചിദാനന്ദ് പാണ്ഡെ 46407 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്താണ്. ഉത്തർപ്രദേശിൽ ഇന്ത്യാ ബ്ലോക്ക് (എസ്പിയും കോൺഗ്രസും) 43 സീറ്റുകളിലും എൻഡിഎ 33 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

ENGLISH SUMMARY:

BJP candidate Lallu Singh lost by more than 54,000 votes in the Faizabad Lok Sabha constituency where the Ram Temple is located.