hibi-eden

ചരിത്രവിജയവുമായാണ് എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ വീണ്ടും യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍ ജയിച്ചുകേറിയത്. വിജയത്തോടൊപ്പം എറണാകുളത്തിന്‍റെ ചരിത്രം കൂടിയാണ് ഹൈബി തിരുത്തിയത്. അതായത് എറണാകുളം മണ്ഡലത്തില്‍ ഇതുവരെ ഉണ്ടായിരുന്നതില്‍ ഏറ്റവും  കൂടുതല്‍ ഭൂരിപക്ഷം നേടിയ സ്ഥാനാര്‍ഥിയാണ് ഹൈബി. മണ്ഡലത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം.

hibi-2

ആകെ 4,82,317 വോട്ടുകളാണ് ഹൈബി നേടിയത്. എതിരാളിയായ എൽഡിഎഫിന്‍റെ കെ.ജെ.ഷൈൻ 2,31,932 വോട്ടുകള്‍ നേടി. അതായത് 2,50,385 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഹൈബിയെ എറണാകുളം വീണ്ടും എം.പിയാക്കിയത്. 1,44,500 വോട്ടുകൾ നേടിയ എൻഡിഎയുടെ കെഎസ് രാധാകൃഷ്ണനാണ് മൂന്നാം സ്ഥാനത്ത്.

2019ല്‍ 967203 വോട്ടുകള്‍ പോള്‍ ചെയ്തപ്പോള്‍ ഹൈബി ആകെ നേടിയത് 491263 വോട്ടുകളാണ്. 169153 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. എതിര്‍ സ്ഥാനാര്‍ഥിയായ പി.രാജീവ് അന്ന് നേടിയത് 322110 വോട്ടുകളാണ്. 

hibi-eden-1

ഇത്തവണ പ്രചരണരംഗത്തും ഹൈബി വ്യത്യസ്തത കൊണ്ടുവന്നിരുന്നു. പോസ്റ്ററുകള്‍ മുതല്‍ സോഷ്യല്‍ മീഡിയ പോസ്റ്റര്‍ വരെ ഹൈബി ട്രെന്‍ഡ് സെറ്ററായി നിലനിന്നു. റാപ് സോങ്ങും ഒന്നുമാറ്റിപ്പിടിച്ച പ്രചാരണവും വീണ്ടും ഹൈബിയെ ജനഹൃദയങ്ങളിലേക്കും യുവാക്കളിലേക്കും അടുപ്പിച്ചുവെന്നുവേണം കരുതാന്‍. എതിരാളികള്‍ പോലും ഹൈബി സ്റ്റെലിനെ പകര്‍ത്താന്‍ ശ്രമിക്കുന്ന കാഴ്ച മാത്രം മതിയായിരുന്നു തിരഞ്ഞെടുപ്പിലെ ഹൈബി ആവേശം മനസിലാക്കി തരാന്‍. യുവാക്കള്‍ക്കിടയിലേക്ക് ഹൈബിയുടെ വൈബ് എത്തിയെന്ന് ഡബിള്‍ ടിക്ക് ഇട്ട് ഉറപ്പിക്കുകയാണ് ജൂണ്‍ നാല്. 

'2019ല്‍ പോളിങ് 77ശതമാനം ആയിരുന്നു. എന്നാല്‍ ഇത്തവണ പ്രതികൂല കാലാവസ്ഥ കാരണം അത് 68 ശതമാനമായിരുന്നു. ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും ഇത് ജനങ്ങളുടെ ചരിത്രവിജയമാണ്. അവരുടെ സ്നേഹവും സ്വീകരണവുമാണ്. വലിയ ഭൂരിപക്ഷം എന്നെ സംബന്ധിച്ച് വലിയ ഉത്തരവാദിത്തം കൂടിയാണ്. കാരണം അത് തിരികെ അവര്‍ക്ക് നല്‍കി വലിയ ഉത്തരവാദിത്തം നിറവേറ്റണം. എറണാകുളത്തില്‍ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ്. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തെ മറികടക്കുന്ന വിജയമായി മാറി. എറണാകുളത്തെ ജനങ്ങള്‍ ഒരിക്കല്‍കൂടി എന്നെ ഹൃദയത്തില്‍ സൂക്ഷിച്ചുവെന്നതില്‍ സന്തോഷം. കേരളത്തില്‍ യു.ഡി.എഫ് തരംഗമാണ്. ഇന്ത്യ മുന്നണിക്ക് വടക്കേന്ത്യയിലും മുന്നേറ്റമാണ്. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്‍റെ തെളിവാണ് ഈ വിജയം. തൃശൂരില്‍ സിപിഎം–ബിജെപി നേതാക്കള്‍ നടത്തിയ ചര്‍ച്ചകള്‍ ഫലം ചെയ്തും എന്നു വേണം മനസിലാക്കാന്‍' എന്നാണ് വിജയമറിഞ്ഞതിന് ശേഷം ഹൈബി പറഞ്ഞത്. 

hibi

കേരളത്തിലെ ബിജെപിയുടെ മുന്നേറ്റം നിരാശയും ഭയവും ഉണ്ടാക്കുന്നുവെന്നും ഹൈബി പറഞ്ഞു. 

ENGLISH SUMMARY:

Ernakulam constituency Hibi Eden makes history with landslide victory