ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് – ആം ആദ്മി പാര്‍ട്ടി സഖ്യസാധ്യത അടയുന്നു. ആകെയുള്ള 90 സീറ്റില്‍ 50 സീറ്റുകളില്‍ ആപ്പ് സ്ഥാനാര്‍ഥികളെ നിര്‍ത്തും. നാളെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടികയും പുറത്തുവിട്ടേക്കും.
നിയമസഭ തിരഞ്ഞെടുപ്പില്‍ സഖ്യത്തിന്‍റെ ആവശ്യമില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസിനും ബിജെപിക്കും മുന്നേ ഹരിയാനയില്‍ പ്രചാരണം തുടങ്ങിയതാണ് ആം ആദ്മി പാര്‍ട്ടി. എന്നാല്‍ ബിജെപിയെ അധികാരത്തിന് പുറത്തുനിര്‍ത്താന്‍ വിട്ടുവീഴ്ചയെന്ന കോണ്‍ഗ്രസ് ദേശീയനേതൃത്വത്തിന്‍റെ പ്രത്യേക താല്‍പ്പര്യപ്രകാരം ഇരുപാര്‍ട്ടികളും സഖ്യചര്‍ച്ച തുടങ്ങി. ആകെയുള്ള 90 സീറ്റില്‍ കുറഞ്ഞത് 10 സീറ്റ് വേണമെന്ന് ആപ്പ് ആവശ്യപ്പെട്ടു. കുറഞ്ഞത് അഞ്ച് പരമാവധി ഏഴ്, അതിനപ്പുറം സാധ്യമല്ലെന്ന് കോണ്‍ഗ്രസും നിലപാടെടുത്തോടെ സഖ്യചര്‍ച്ചകള്‍ വഴിമുട്ടി. ഭരണമുള്ള ഡല്‍ഹിയുമായും പഞ്ചാബുമായും അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്ത് പരിധിവിട്ട് വിട്ടുവീഴ്ച വേണ്ടെന്ന് ആപ്പ് നേതാക്കളും തീരുമാനിച്ചു.
ദേശീയ നേതൃത്വത്തിന് താല്‍പ്പര്യമുണ്ടെങ്കിലും ഹരിയാനയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആപ്പുമായുള്ള സഖ്യത്തോട് കടുത്ത വിയോജിപ്പാണുണ്ടായിരുന്നത്. അടുത്ത ചൊവ്വാഴ്ച മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കേജ്‍രിവാള്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാല്‍ സഖ്യചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിച്ചേക്കും. ഒക്ടോബര്‍ അഞ്ചിനാണ് ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ്. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ ഇരുപാര്‍ട്ടികളും സഖ്യത്തിലാണ് മല്‍സരിച്ചത്.