ബി.ജെ.പിയുടെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് പ്രകടനം ഇത്തവണ പശ്ചിമ ബംഗാളിലാകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളെ അവഗണിച്ച് ബംഗാള്‍ ജനത. മൂന്ന് തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ബംഗാളിലെത്തിയ പ്രധാനമന്ത്രി ബി.ജെ.പിക്ക് ഏകപക്ഷീയമായ ജയം ലഭിക്കുമെന്നും അവകാശപ്പെട്ടിരുന്നു. എക്സിറ്റ് പോളുകളെയും മോദിയുടെ വാദങ്ങളെയും അപ്രസക്തമാക്കുന്നതാണ് വംഗനാട്ടിലെ മമതയുടെ ശക്തിപ്രകടനം.
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആകെയുള്ള 42 സീറ്റുകളില്‍ 29 ഇടത്തും തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. ബി.ജെ.പി 12 ഇടത്തും കോണ്‍ഗ്രസ് ഒരു സീറ്റിലുമാണ് മുന്നേറുന്നത്. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയെ പിന്നിലാക്കി ബഹ്റംപുറില്‍ യൂസഫ് പഠാന്‍ മുന്നേറ്റം തുടരുകയാണ്.
അരലക്ഷത്തിലേറെ വോട്ടുകള്‍ നേടി കൃഷ്ണനഗറില്‍ നിന്ന് മഹുവ മൊയ്ത്രയും മമതയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജി ആറുലക്ഷത്തിലേറെ വോട്ടുകള്‍ക്കും ജയമുറപ്പിച്ചു. മല്‍ഡഹ ദക്ഷിണില്‍ നിന്നും ജനവിധി തേടിയ ഇഷ ഖാന്‍ ചൗധരിയാണ് ലീഡ് നിലനിര്‍ത്തുന്ന കോണ്‍ഗ്രസിന്‍റെ ഏക സ്ഥാനാര്‍ഥി.
ആലിപുര്‍ദാസ്, ജയ്പാല്‍ഗുരി, ഡാര്‍ജിലിങ്, രാജ്ഗഞ്ച്, ബലുര്‍ഘട്ട്, മല്‍ഡഹ ഉത്തര്‍, റാണാഘട്ട്, ബന്‍ഗോന്‍, തംലൂക്, പുരുളിയ, ബിഷ്ണുപുര്‍ എന്നിവിടങ്ങളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. ഏപ്രില്‍ 19 മുതല്‍ ജൂണ്‍ ഒന്ന് വരെ ഏഴുഘട്ടമായാണ് ബംഗാളില്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായത്.