ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യ മണിക്കൂറില്‍ തന്നെ 269 സീറ്റുകളില്‍ ലീഡ് ഉയര്‍ത്തി എന്‍.ഡി.എ. 205 സീറ്റുകളില്‍ ഇന്ത്യ സഖ്യം പൊരുതിക്കയറുകയാണ്. 22 സീറ്റുകളില്‍ മറ്റുള്ളവരും സാന്നിധ്യം ഉറപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ആറായിരം വോട്ടുകള്‍ക്ക് വാരാണസിയില്‍ പിന്നിലാണ്. റായ്ബറേലിയിലും വയനാട്ടിലും രാഹുല്‍ ഗാന്ധി തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തുകയാണ്. ഗുജറാത്തില്‍ അഞ്ച് സീറ്റുകളില്‍ ഇന്ത്യ സഖ്യം മുന്നേറുന്നു. മഹാരാഷ്ട്രയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 25 സീറ്റുകളില്‍ മഹായുതി സഖ്യവും 20 സീറ്റുകളില്‍ ഇന്ത്യ സഖ്യവും ലീഡ് ചെയ്യുന്നു.
തമിഴ്നാട്ടില്‍ 34 സീറ്റുകളില്‍ ഇന്ത്യ സഖ്യം ലീഡ് ചെയ്യുന്നു. ബിഹാറില്‍ 31 ഇടത്ത് എന്‍ഡിഎ ലീഡ് ചെയ്യുമ്പോള്‍ ഏഴിടത്ത് മാത്രമാണ് ഇന്ത്യ സഖ്യത്തിന് ലീഡ് ചെയ്യാന്‍ കഴിയുന്നത്. രാജസ്ഥാനില്‍ എന്‍ഡിഎ 17 സീറ്റിലും ഇന്ത്യ സഖ്യം 7 സീറ്റുകളിലും ലീഡ് ചെയ്യുന്നു. എന്നാല്‍ ബിജെപി തൂത്തുവാരുമെന്ന് അവകാശവാദം ഉന്നയിച്ച ഉത്തര്‍പ്രദേശില്‍ 48 ഇടത്ത് എന്‍ഡിഎയും 28 ഇടത്ത് ഇന്ത്യ സഖ്യവും മുന്നേറുന്നു.
ഹരിയാനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 5–5 സീറ്റുകളില്‍ എന്‍.ഡി.എയും ഇന്ത്യ സഖ്യവും പോരാടുന്നു. ഓഡിഷയില്‍ 10 ഇടത്ത് എന്‍ഡിഎയും ഏഴിടത്ത് ഇന്ത്യ സഖ്യവും ലീഡ് ചെയ്യുന്നു.