nota-indore

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ റെക്കോര്‍ഡ് വോട്ട് നേടി നോട്ട. ബി.ജെ.പിയുടെ ശങ്കര്‍ ലാല്‍വാനി വിജയിച്ച മണ്ഡലത്തില്‍ നോട്ടയാണ് രണ്ടാമത്. 3.30 വരെയുള്ള കണക്കുകള്‍ പ്രകാരം രണ്ടുലക്ഷത്തി പതിനെട്ടായിരത്തി അറുന്നൂറ്റിയെഴുപത്തിനാല് വോട്ടാണ് നോട്ട നേടിയത്. മൂന്നാമതുള്ള ബി.എസ്.പി സ്ഥാനാര്‍ഥി സഞ്ജയ് സോളങ്കിക്ക് ലഭിച്ചത് അരലക്ഷത്തോളം വോട്ടുകള്‍ മാത്രമാണ്. പന്ത്രണ്ടേകാല്‍ ലക്ഷം വോട്ടുകളാണ് ശങ്കര്‍ ലാല്‍വാനി നേടിയത്.

കോണ്‍ഗ്രസിനായി പത്രിക സമര്‍പ്പിച്ച അക്ഷയ് കാന്തി ബാം  അവസാന നിമിഷം പത്രിക പിന്‍വലിച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇതോടെ നോട്ടയ്ക്ക് വോട്ട് ചെയ്യണമെന്ന് കോണ്‍ഗ്രസ് ജനങ്ങളോട് ആവശ്യപ്പെടുകയായിരുന്നു. ബാം അവസാന നിമിഷത്തില്‍ പത്രിക പിന്‍വലിച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ മുന്‍ ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജനടക്കമുള്ളവര്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എട്ട് തവണ ഇന്‍ഡോറില്‍ നിന്നുള്ള എം.പിയായിരുന്നു സുമിത്ര മഹാജന്‍. ബി.ജെ.പിയെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ലെന്നായിരുന്നു ഇന്‍ഡോറിലെ ചുവരുകളില്‍ എഴുതിയിരുന്നതെന്നും ജനാധിപത്യത്തില്‍ ഇത്തരം പ്രവര്‍ത്തികള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2019ലും ശങ്കര്‍ ലാല്‍വാനിയായിരുന്നു ഇന്‍ഡോറില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. ഇന്‍ഡോര്‍ ജില്ലയുടെ ഭൂരിഭാഗം പ്രദേശവുമുള്‍ക്കൊള്ളുന്ന മണ്ഡലം ബി.ജെ.പിയുടെ ശക്തികേന്ദ്രമായാണ് അറിയിപ്പെടുന്നത്.  ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ നാലാംഘട്ടമായ മേയ് 13നായിരുന്നു ഇന്‍ഡോറിലെ വോട്ടെടുപ്പ്. 61.67 ശതമാനം പോളിങാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. നിലവിലെ കണക്കുകള്‍ പ്രകാരം മധ്യപ്രദേശിലെ 29 ലോക്സഭ മണ്ഡലങ്ങളിലും ബി.ജെ.പിയാണ് മുന്നില്‍ നില്‍ക്കുന്നത്. രണ്ട് മണ്ഡലങ്ങളില്‍ ജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു.

പത്തുവര്‍ഷം മുന്‍പാണ് നോട്ട തിരഞ്ഞെടുപ്പ് കമ്മിഷന്‍ കൊണ്ടുവന്നത്. മണ്ഡലത്തിലെ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ തോന്നുന്നില്ലെങ്കില്‍ വോട്ടര്‍മാര്‍ക്ക് നോട്ടയ്ക്ക് വോട്ട് ചെയ്യാം എന്നതായിരുന്നു സൗകര്യം. 

ENGLISH SUMMARY:

Over 2 lakh people in Madhya Pradesh's Indore parliamentary constituency pressed the NOTA. second highest in Constituency. NOTA, introduced over a decade ago, gives the voter an option to express displeasure with all candidates contesting in a particular seat.