എക്സിറ്റ് പോളുകളില്‍ നിന്ന് വിഭിന്നമായി ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ അടിപതറി ഓഹരി വിപണി. ആദ്യ മണിക്കൂറില്‍ സെന്‍സെക്സ് രണ്ടായിരം പോയിന്‍റ് ഇടിഞ്ഞു. നിഫ്റ്റി 50 പോയിന്‍റിടിഞ്ഞ് 22,557 ആണ്. രാവിലെ 9.35 ലെ കണക്ക് പ്രകാരം ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം തിങ്കളാഴ്ചയിലെ 426 ലക്ഷം കോടി രൂപയിൽ നിന്ന് 406 ലക്ഷം കോടി രൂപയായി കുറഞ്ഞു. ഇതുപ്രകാരം നിക്ഷേപമൂല്യത്തിൽ 20 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി.
നിഫ്റ്റിയും സെൻസെക്സും നാല് ശതമാനം വീതം ഇടിഞ്ഞു. മിഡ്കാപ് സ്മോൾകാപ് സൂചികകൾ അഞ്ച് ശതമാനം നഷ്ടത്തിലാണ്. എക്സിറ്റ് പോളിന് വിപരീതമായി കടുത്ത മൽസരം വോട്ടെണ്ണലിൽ കണ്ടതോടെ എല്ലാ സെക്ടറിലും വിൽപന പ്രകടമാണ്. തിങ്കളാഴ്ച 3 ശതമാനമാണ് ബെഞ്ച് മാര്‍ക്ക് ഉയര്‍ന്നത്. എന്‍.ഡി.എയ്ക്ക് എക്സിറ്റ് പോളുകള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം പ്രവചിച്ചതിന് പിന്നാലെയായിരുന്നു ഇത്.
നിലവിലെ ലീഡ് നില 291 സീറ്റുകളില്‍ എന്‍.ഡി.എയും 218 സീറ്റുകളില്‍ ഇന്ത്യ സഖ്യവും 21 സീറ്റുകളില്‍ മറ്റുള്ളവരും ലീഡ് ചെയ്യുകയാണ്.