തിരുവനന്തപുരത്ത് ശശി തരൂരിനെ വീഴ്ത്താന്‍ ബിജെപിക്കും എല്‍ഡിഎഫിനും പഴയ തന്ത്രങ്ങളൊന്നും പോരാതെ വരുമെന്ന് മനോരമന്യൂസ്–വി.എം.ആര്‍ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സര്‍വേ. കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിലും റണ്ണറപ്പായ ബിജെപിക്ക് വലിയ നോട്ട് നഷ്ടം പ്രവചിക്കുന്നതാണ് സര്‍വേ ഫലം. ബിജെപി വോട്ടില്‍ 3.12 ശതമാനം ഇടിവുണ്ടാകുമെന്ന് അനുമാനിക്കുന്നു. യുഡിഎഫ് വോട്ടില്‍ നേരിയ വര്‍ധന (0.15%) ഉണ്ടായേക്കാം. എന്നാല്‍ എല്‍ഡിഎഫ് വോട്ട് ഗണ്യമായി വര്‍ധിക്കും. 3.44 ശതമാനം വോട്ട് വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള വോട്ട് വ്യത്യാസം 12.29 ശതമാനം.സര്‍വേ പ്രകാരം യുഡിഎഫ് വിജയം ഉറപ്പിക്കുന്ന മണ്ഡലത്തില്‍ രണ്ടാംസ്ഥാനത്തിനുവേണ്ടിയുള്ള മല്‍സരം കടുക്കുമെന്ന് ചുരുക്കം. 0.86 ശതമാനം മാത്രമാണ് എല്‍ഡിഎഫും ബിജെപിയും തമ്മിലുള്ള വ്യത്യാസം.
കോണ്‍ഗ്രസും സിപിഐയും തമ്മില്‍ കാലങ്ങളായി നേരിട്ടുള്ള ഏറ്റുമുട്ടല്‍ നടക്കുന്ന തിരുവനന്തപുരം മണ്ഡലം 2009 മുതല്‍ ശശി തരൂരിന്റെ കോട്ടയാണ്. കന്നിയങ്കത്തില്‍ 99,998 വോട്ടിന് ജയിച്ച തരൂര്‍ 2014ലെ കടുത്ത ത്രികോണമല്‍സരത്തില്‍ വിറച്ചെങ്കിലും 15,470 വോട്ടിന് മണ്ഡലം നിലനിര്‍ത്തി. 2019ല്‍ വീണ്ടും വന്‍ ഭൂരിപക്ഷത്തിന് തിരുവനന്തപുരത്തുകാര്‍ തരൂരിനെ ലോക്സഭയിലേക്കയച്ചു. 99,989 വോട്ടിന് ബിജെപിയിലെ കുമ്മനം രാജശേഖരനെയാണ് തരൂര്‍ തോല്‍പിച്ചത്. സിപിഐയിലെ സി.ദിവാകരന്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2014 മുതല്‍ തിരുവനന്തപുരത്ത് ബിജെപിയാണ് രണ്ടാംസ്ഥാനത്ത്.
ഒക്ടോബര്‍ 3 മുതല്‍ നവംബര്‍ 10 വരെയാണ് സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാമണ്ഡലങ്ങളും കവര്‍ ചെയ്ത് മനോരമന്യൂസ്–വി.എംആര്‍ പ്രീ–പോള്‍ സര്‍വേ നടത്തിയത്. ഈ സമയത്ത് തിരഞ്ഞെടുപ്പ് നടന്നാല്‍ എന്താകും സാധ്യതകള്‍ എന്നാണ് വിലയിരുത്തിയത്.
Shashi Tharoor stays on top in Thiruvananthapuram, says Manorama News-VMR Mood of the State Survey. LDF's vote share to increase. BJP struggles in it's stronghold