gautam-adani

സോളാര്‍ കരാറുകള്‍ നേടുന്നതിനായി 2109 കോടി രൂപ ഗൗതം അദാനി കോഴ നല്‍കിയെന്ന യുഎസ് പ്രോസിക്യൂട്ടറുടെ കുറ്റപത്രം കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയ ആയുധമാക്കി ബിജെപി. കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്ന സംസ്ഥാനങ്ങള്‍ ആ സമയത്ത് ഭരിച്ചത് കോണ്‍ഗ്രസാണെന്നാണ് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യയുടെ ട്വീറ്റ്. ഒഡീഷ, തമിഴ്നാട്, ഛത്തീസ്ഗഡ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ ജൂലൈ 2021 മുതല്‍ ഫെബ്രുവരി 2022 വരെയുള്ള സമയത്ത് ഭരിച്ചിരുന്നത് പ്രതിപക്ഷ പാര്‍ട്ടികളാണെന്നും മാളവ്യ വിശദീകരിക്കുന്നു. കോണ്‍ഗ്രസും സഖ്യകക്ഷികളും ഈ കോഴയുടെ പങ്കുപറ്റിയോ എന്ന് മറുപടി പറയണമെന്നും മാളവ്യ ആവശ്യപ്പെട്ടു.

യുഎസ് കോടതിക്ക് ഇത്തരം നടപടികള്‍ സ്വീകരിക്കാമെങ്കില്‍ ഇന്ത്യന്‍ കോടതികള്‍ക്ക് അമേരിക്കന്‍ കമ്പനികള്‍ക്കെതിരെയും നടപടിയെടുക്കാമെന്നും വിപണി നിഷേധിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പാര്‍ലമെന്‍റ് സമ്മേളനം ആരംഭിക്കാനിരിക്കെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നില്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്ന ആരോപണവും ഐടി സെല്‍ മേധാവി ഉന്നയിക്കുന്നു. വിവാദങ്ങളില്‍ പ്രതികരിക്കുന്നതിന് മുന്‍പ് വസ്തുതകള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണെന്ന ആമുഖത്തോടെയാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്‍റെ ട്വീറ്റിന് മറുപടിയായി മാളവ്യ കുറിച്ചത്. 

അതിനിടെ അദാനിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതിന് പിന്നാലെ ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന് വന്‍ നഷ്ടം. തുടക്ക വ്യാപാരത്തില്‍ 20 ശതമാനമാണ് ഓഹരികളുടെ വില ഇടിഞ്ഞത്. അദാനി എന്‍റര്‍പ്രൈസ് ഓഹരി പത്ത് ശതമാനം ഇടിഞ്ഞ് 2539.35 രൂപയിലാണ് വ്യാപരം നടക്കുന്നത്. ഈ വര്‍ഷം ആദ്യം പുറത്തുവന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുണ്ടാക്കിയ ആഘാതത്തില്‍ നിന്ന് കരകയറാന്‍ തുടങ്ങുന്നതിനിടെയാണ് വീണ്ടും കനത്ത  പ്രഹരം. അദാനി ഗ്രീന്‍ എനര്‍ജി ഓഹരികള്‍ 18 ശതമാനം ഇടിഞ്ഞ് 1152.85 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അദാനി എനര്‍ജി സൊല്യൂഷന്‍സ് 20 ശതമാനം ഇടിഞ്ഞ് 697.25 രൂപയിലും എത്തി. അദാനി പോര്‍ട്ട് ആന്‍റ് സ്പെഷല്‍ ഇക്കണോമിക് സോണിന്‍റെ ഓഹരികളെയും ഇടിവ് ബാധിച്ചു. 10 ശതമാനം ഇടിഞ്ഞതോടെ 1160.70 രൂപയിലാണ്  വ്യാപാരം. 

കോഴ നല്‍കി കരാര്‍ സ്വന്തമാക്കിയതില്‍ ഗൗതം അദാനിക്ക് പുറമെ സാഗര്‍ ആര്‍. അദാനി, വ്നീത് ജയിന്‍ എന്നിവരും കുറ്റക്കാരാണെന്ന് യുഎസ് പ്രോസിക്യൂട്ടര്‍ കണ്ടെത്തിയിരുന്നു. യുഎസ് നിക്ഷേപകര്‍ക്ക് തെറ്റായ രേഖകള്‍ നല്‍കിയാണ് പണം സമാഹരിച്ചതെന്നും ഫെഡറല്‍ നിയമങ്ങള്‍ ലംഘിച്ചുവെന്നും കോഴ നല്‍കിയ വിവരം നിക്ഷേപകരില്‍ നിന്ന് മറച്ചുവച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ഇലക്ട്രോണിക് തെളിവുകള്‍ നശിപ്പിക്കാനും കോടതിയെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. 

ആരോപണങ്ങള്‍ അദാനിയുടെ ഇന്‍റര്‍നാഷണല്‍ സെക്യൂരിറ്റിയെയും ബാധിച്ചു. ഡോളര്‍ മൂല്യമുള്ള ബോണ്ടുകള്‍ കുത്തനെ ഇടി‍ഞ്ഞു. മാര്‍ച്ചിലെ അദാനി ഗ്രീന്‍ എനര്‍ജി 15 സെന്‍റും, ഫെബ്രുവരിയിലെ അദാനി ഇലക്ട്രിസിറ്റി മുംബൈ ബോണ്ടുകള്‍ 8.6 സെന്‍റെന്ന നിലയിലും കുറഞ്ഞതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2023 ലെ ഹിന്‍ഡന്‍ബര്‍ഗ്  റിപ്പോര്‍ട്ടിന് ശേഷമുണ്ടായ ഏറ്റവും വലിയ ഇടിവാണിതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ 12 ലക്ഷം കോടിയുടെ നഷ്ടമാണ് അദാനി ഗ്രൂപ്പിന് ഓഹരികളിലും ബോണ്ടിലുമായി നേരിട്ടത്. കടം കുറച്ചുകൊണ്ട് വന്ന് സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനിടയിലാണ് യുഎസ് പ്രോസിക്യൂട്ടറുടെ കുറ്റപത്രം. അതേസമയം, ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് അദാനി ഗ്രൂപ്പിന്‍റെ വാദം. കുറ്റം തെളിയുന്നത് വരെ നിരപരാധികളെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ENGLISH SUMMARY:

BJP IT cell head Amit Malviya hit back at the Congress over its attack on the Centre after U.S. prosecutors charged industrialist Gautam Adani with bribery and fraud